Monday
20 May 2019

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

By: Web Desk | Thursday 11 April 2019 10:12 PM IST


എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2004 ജനുവരി ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി 2003 നവംബര്‍ 22 ന് ഉത്തരവിറക്കി. 2004 ല്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ പിഎഫ്ആര്‍ഡിഎ ഓര്‍ഡിനന്‍സിന് രൂപം നല്‍കി. 64 എംപിമാര്‍ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസും ഭരിച്ച സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കി. കേരളത്തില്‍ 2002 ല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉത്തരവിറക്കിയെങ്കിലും അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസ്തുത തീരുമാനം റദ്ദാക്കി. ഇടതുപക്ഷം ഭരിച്ച കേരളം, തൃപുര, ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് നടപ്പിലാക്കാതിരുന്നത്.

2018 ല്‍ ബിജെപി അധികാരത്തിലെത്തിയതിന്റെ അടുത്തമാസം തൃപുരയിലും പദ്ധതി നടപ്പിലാക്കി. 2011 ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍, 2002 ല്‍ നടപ്പിലാക്കാന്‍ കഴിയാതിരുന്നത് 2012 ആഗസ്റ്റ് 8 ന്റെ മന്ത്രിസഭാ യോഗത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലെ ട്രഷറി നിക്ഷേപം, മിനിമം പെന്‍ഷന്‍ തുടങ്ങിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ 2013 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കി. പണിമുടക്കില്‍ വനിതകളുള്‍പ്പെടെ നിരവധി ജീവനക്കാര്‍ ജയിലിലായി.(മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി).

50 ലക്ഷത്തിലധികമായിരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു ശേഷം പടിപടിയായി കുറയാന്‍ തുടങ്ങി. 6-ാം കേന്ദ്ര ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1994 ആയപ്പോഴേക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 41.76 ലക്ഷമായി കുറഞ്ഞു. 2014 ആയപ്പോഴേക്കും ഇത് 38.90 ലക്ഷമായി, 2014 ന് ശേഷം വലിയ കുറവാണുണ്ടായിരിക്കുന്നത്. റയില്‍വെ, പ്രതിരോധം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താല്‍ ഇപ്പോഴുള്ള ആകെ ജീവനക്കാര്‍ 32 ലക്ഷം മാത്രം. ഏതാണ്ട് 25 ലക്ഷത്തിലധികം തസ്തികകളില്‍ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നു. (ഉത്തരവാദി നവ ഉദാരവല്‍കരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍).

1973 മുതല്‍ കേരളത്തില്‍ നടപ്പിലാക്കിയ അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണ തത്വം നിരവധി തവണ അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരുകളാണ്. 1983 ല്‍ ശമ്പളപരിഷ്‌കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി 24 മാസത്തെ കുടിശ്ശിക നിഷേധിച്ചു (മുഖ്യമന്ത്രി കെ കരുണാകരന്‍) 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേന്ദ്രപാരിറ്റി വാഗ്ദാനം ചെയ്തു. എന്നാല്‍ പേ-ഈക്വലൈസേഷന്‍ എന്ന പേരില്‍ വികലമായ ശമ്പളപരിഷ്‌കരണത്തിലൂടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ പലതും നഷ്ടപ്പെട്ടു (മുഖ്യമന്ത്രി കെ കരുണാകരന്‍, ധനകാര്യവകുപ്പ് മന്ത്രി ഉമ്മന്‍ചാണ്ടി) 2002 മാര്‍ച്ച് മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ജീവനക്കാരെയും അധ്യാപകരെയും അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടുകയും അതിന്റെ മറവില്‍ ശമ്പളപരിഷ്‌കരണം നിഷേധിക്കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കമാകെ ലംഘിച്ച്, അഞ്ചുവര്‍ഷ തത്വം അട്ടിമറിച്ച്, 2002 മാര്‍ച്ചിന് പകരം മാറ്റി നിശ്ചയിച്ച പ്രാബല്യത്തീയതിയായ 2004 ജൂലൈ ഒന്ന് മുതല്‍ പോലും ആനുകൂല്യങ്ങള്‍ നല്‍കാതെ 2005 ഏപ്രില്‍ ഒന്നു മുതല്‍ മാത്രം ആനുകൂല്യം നല്‍കി. 36 മാസത്തെ കുടിശ്ശിക നഷ്ടപ്പെട്ടു. ശമ്പളപരിഷ്‌കരണം മൂന്ന് വര്‍ഷം വൈകി. (മുഖ്യമന്ത്രി എ കെ ആന്റണി, ഉമ്മന്‍ചാണ്ടി) കീഴ്‌വഴക്കം പാലിച്ച് 2002 ല്‍ 8-ാം ശമ്പളപരിഷ്‌കരണം നടന്നിരുന്നുവെങ്കില്‍ 2017 മാര്‍ച്ച് മുതല്‍ 11-ാം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമായിരുന്നു. വലിയ നഷ്ടമാണ് ഇതിലൂടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉണ്ടായത്. (ഉത്തരവാദി യുഡിഎഫ്).

1983 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ലീവ് സറണ്ടര്‍ മരവിപ്പിച്ച് ഉത്തരവിറക്കി. ജീവനക്കാരുടെ വലിയ സമരം-സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സമര നേതാക്കളായ സഖാക്കള്‍ എന്‍ അനന്തകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍) പി വേണുഗോപാലന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, എന്‍ജിഒ യൂണിയന്‍) കെ ആനന്ദന്‍ (സെക്രട്ടറി, എന്‍ജിഒ യൂണിയന്‍) എന്നിവര്‍ക്ക് ക്രൂരമര്‍ദ്ദനം. ജീവനക്കാരുടെ ഐക്യത്തിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി (മുഖ്യമന്ത്രി കെ കരുണാകരന്‍) 1992 ല്‍ കേന്ദ്രപാരിറ്റിയുടെ പേര് പറഞ്ഞ്, കേന്ദ്രാനുകൂല്യങ്ങള്‍ നിഷേധിക്കുകയും സറണ്ടര്‍ ആനുകൂല്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. (മുഖ്യമന്ത്രി കെ കരുണാകരന്‍) 2002 ജനുവരി 16-ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി. (മുഖ്യമന്ത്രി എ കെ ആന്റണി).

2001-2006 കാലഘട്ടം. ആദ്യ പകുതിയില്‍ എ കെ ആന്റണി മുഖ്യമന്ത്രി. 2002 ജനുവരി 16 ലെ കറുത്ത ഉത്തരവിലൂടെ ജീവനക്കാര്‍ പൊരുതി നേടിയ ആനുകൂല്യങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്തു ലീവ് സറണ്ടര്‍ നിര്‍ത്തലാക്കി, പെന്‍ഷന്‍ കമ്മ്യൂട്ടേഷനില്ല. പുതുതായി സര്‍വ്വീസില്‍ വരുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രം, രാജ്യത്ത് ആദ്യമായി പങ്കാളിത്ത പെന്‍ഷന്‍പദ്ധതി. ഗ്രറ്റുവിറ്റിയില്ല, ഭവനവായ്പയില്ല, പിഎഫ് ലോണില്ല, തസ്തികകള്‍ വെട്ടിക്കുറച്ചു, അനാദായകരമെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി, ശമ്പളം ഒന്നാം തീയതിയില്‍ നിന്നും 15-ാം തീയതിയിലേക്ക് മാറ്റി. ജീവനക്കാരുടെയും അധ്യാപകരുടെയും 32 ദിനരാത്രങ്ങള്‍ നീണ്ട പണിമുടക്കം. സര്‍ക്കാര്‍ കിരാത നിയമമായ എസ്മ പ്രയോഗിച്ചു. യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ജീവനക്കാരെ അധിക്ഷേപിച്ചു. മുലയൂട്ടുന്ന അമ്മമാരായ സര്‍ക്കാര്‍ ജീവനക്കാരും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ ജയിലില്‍. ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചതും പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ചതും 2006-11 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍.
ഇടതുപക്ഷ സര്‍ക്കാരുകള്‍ അഞ്ചുവര്‍ഷ ശമ്പളപരിഷ്‌കരണ തത്വം പാലിച്ചു. 1973 (സി അച്യുതമേനോന്‍), 1978 (പികെവി),1988 (ഇ കെ നായനാര്‍), 1997 ( ഇ കെ നായനാര്‍), 2009 (വി എസ് അച്യുതാനന്ദന്‍) എന്നീ വര്‍ഷങ്ങളില്‍ കൃത്യമായി, ഒരു ദിവസം പോലും മാറാതെ, കുടിശ്ശിക കവര്‍ന്നെടുക്കാതെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കി. അടുത്ത ശമ്പളപരിഷ്‌കരണം 2019 ജൂലൈ മുതല്‍ നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയത്, ബജറ്റിലൂടെ നിയമസഭയിലും പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതിന്റെ ആദ്യപടിയായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുന്നതിന് റിട്ടയേഡ് ജില്ലാ ജഡ്ജി എസ് സതീഷ്ചന്ദ്രബാബു ചെയര്‍മാനും പി മാരപാണ്ഡ്യന്‍ ഐഎഎസ് (റിട്ട.) പ്രഫ. ഡി നാരായണ, ഡയറക്ടര്‍, ജിെഎഎഫ്റ്റി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ നിയമിച്ചു. 2002 ല്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തപ്പോഴും 2013 ല്‍ പെന്‍ഷന്‍ നഷ്ടപ്പെട്ടപ്പോഴും അതിനെതിരായ സമരങ്ങളില്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും താങ്ങും തണലുമായി നിന്നത് കേരളത്തിലെ ഇടതുപക്ഷ നേതാക്കളാണ്. രാപകലില്ലാതെ അവര്‍ ജീവനക്കാര്‍ക്കൊപ്പം നിന്നു. 2002 ല്‍ സി ദിവാകരന്‍ ചെയര്‍മാനും പി കെ ഗുരുദാസന്‍ ജനറല്‍ കണ്‍വീനറുമായ സമരസഹായ സമിതി സംരക്ഷണ കവചമായപ്പോള്‍ 2013 ല്‍ വീണ്ടും സി ദിവാകരനും എളമരംകരീമും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും താങ്ങായി നിലകൊണ്ടു. 1000 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പിഎസ്‌സി നിയമനങ്ങള്‍, 30000 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങള്‍, 20000 പുതിയ തസ്തികകള്‍, പുതിയ വകുപ്പുകളും ഓഫീസുകളും, സ്ഥലംമാറ്റങ്ങളിലെ ലേലം വിളി അവസാനിച്ചു. സ്ഥലംമാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷാമബത്ത കുടിശ്ശിക രൊക്കം പണമായി നല്‍കി. ആനുകൂല്യങ്ങള്‍ വെറുതെ വന്നുചേര്‍ന്നതല്ല. ഒപ്പം നിന്നവരെ തിരിച്ചറിയുക വിവേകപൂര്‍വ്വം പ്രതികരിക്കുക.

അധ്യാപക സര്‍വ്വീസ് സംഘടിനാ സമരസമിതി