Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
സുരേന്ദ്രൻ കുത്തനൂർ

തൃശൂർ

May 26, 2021, 10:25 pm

കൊടകര കുഴൽപ്പണം: വെട്ടിലായി ബിജെപിയും ഇഡിയും

Janayugom Online

ബിജെപി നേതാക്കൾ സംശയത്തിന്റെ കരിനിഴലിൽ നിൽക്കുന്ന ഗുരുതരമായ കൊടകരയിലെ കുഴൽപ്പണത്തട്ടിപ്പ് കേസിൽ ബിജെപി നേതൃത്വവും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയും വെട്ടിലായി. രാജ്യസുരക്ഷക്ക് ഭീഷണിയാകാവുന്ന സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കേണ്ടതായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊടകര സംഭവത്തിൽ മടിച്ചു നിൽക്കുകയാണ്. ബിജെപി നേതാക്കൾക്കു നേരെ അന്വേഷണം നീളുന്ന കേസിൽ ഇഡി യുടെ ഇടപെടൽ വേണമെന്നും വേണ്ടെന്നും ബിജെപിയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കേന്ദ്രഏജൻസിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തല്‍കാലം തങ്ങൾ അന്വേഷണം ഏറ്റെടുക്കുന്നില്ല എന്നാണ് കൊച്ചിയിലെ ഇഡി അധികൃതർ നൽകുന്ന മറുപടി.

‘കേരള പൊലീസ് അന്വേഷണം നടത്തുന്നതുകൊണ്ട് തല്‍കാലം തങ്ങൾ അന്വേഷണം ഏറ്റെടുക്കുന്നില്ല. കോവിഡ് മൂലം കൊച്ചിയിലെ ഓഫീസിൽ ഉദ്യോഗസ്ഥരും കുറവാണ്’ എന്നാണ് ഇഡി കൊച്ചി മേഖലാ ഓഫീസിന്റെ നിലപാട്. സ്വർണക്കടത്ത്, കിഫ്ബി മുതൽ ഊരാളുങ്കൽ സൊസൈറ്റി വരെ ഏതാനും മാസം മുമ്പ് കേരള സർക്കാരിനെ വേട്ടയാടിയ ഇഡിയുടെ ഈ നിലപാടിനു പിന്നിൽ ബിജെപിയിലെ ആശയക്കുഴപ്പമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കു വരെ അന്വേഷണം നീളുന്ന കേസാണ് കൊടകരയിലേത്. അതുകൊണ്ട് കോടികളുടെ അനധികൃത പണമിടപാടായിട്ടും ആദ്യം ഇഡി തിരിഞ്ഞു നോക്കിയില്ല. എന്നാൽ കേരള പൊലീസിന്റെ അന്വേഷണം നേർവഴിയിയാണെന്ന് അറിയാവുന്ന ബിജെപിയിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാൻ ഇഡിയെ കൊണ്ടുവരാനായി ഒരു കേന്ദ്ര മന്ത്രിയിലൂടെ നീക്കം നടത്തുകയാണ്. എന്നാൽ കേസ് ഇപ്പോൾ ഏറ്റെടുത്താൽ കഴിഞ്ഞ ഒരുവർഷമായി ഇഡി യെ ഉപയോഗിച്ച് കേരള സർക്കാരിനെതിരെ കേന്ദ്രം നടത്തിയ രാഷ്ട്രീയ നാടകങ്ങൾക്ക് മറുപടി പറയേണ്ടി വരും എന്നതുകൊണ്ട് ഈ നീക്കം വേണ്ടെന്നാണ് മറ്റൊരുപക്ഷം. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽ കേന്ദ്ര ഏജൻസിയെ ഇറക്കി രാഷ്ട്രീയം കളിച്ച ബിജെപി യുടെ അങ്കലാപ്പ് ഇതാണ്.

കൊടകരയിൽ ക്രിമിനൽ സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ ഒരുകോടിയിലേറെ രൂപ ഇന്നലെ വരെ അന്വേഷണ സംഘം കണ്ടെടുത്തിട്ടുമുണ്ട്. പണം കടത്തിയത് ആലപ്പുഴയിൽ എത്തിക്കാനാണെന്ന് നഷ്ടപ്പെട്ട പണം കൊണ്ടു വന്ന വാഹനയുടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമ്മരാജന്റെ മൊഴിപ്രകാരം ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ മൊഴിയും സംസ്ഥാന നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൽചൂണ്ടുന്നു. ‘കുഴൽപ്പണവുമായി തനിക്ക് ഒരു ബന്ധവുമില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തിനോട് ചോദിക്കണം’ എന്നാണ് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും കർത്ത വെളിപ്പെടുത്തിയത്.

എന്നാൽ ബിജെപിയുമായി ബന്ധപ്പെടുത്തുന്ന ഒന്നും കൊടകര കുഴൽപ്പണ കേസിൽ ഇല്ലെന്നാണ് ആ പാർട്ടിയുടെ നിലപാട്. അതേസമയം പണം കൊടുത്തുവിട്ട കോഴിക്കോട് സ്വദേശി ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. പണത്തിന്റെ ഇടനിലക്കാരൻ യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് ആണ് എന്നും വ്യക്തമായി.

ഈ സാഹചര്യത്തിൽ ബിജെപിയുടെ അവകാശവാദം പൊള്ളയാണെന്നും വ്യക്തം. അതിനിടെ ഇത്തരം കേസുകളിൽ സ്വയം അന്വേഷണം നടത്തുന്ന ഇഡി, പരാതി ലഭിച്ചിട്ടും ഏജൻസികൾ അന്വേഷിക്കാൻ പോലും തയ്യാറാകാത്തത് പ്രാഥമിക തെളിവുകളെല്ലാം നശിക്കാനുള്ള കാത്തിരിപ്പാണ് എന്നും സൂചനയുണ്ട്. അതേസമയം കേന്ദ്ര ഇന്റലിജൻസ് കേസിന്റെ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ബിജെപി നേതാവിനെ ചോദ്യം ചെയ്തു

ആലപ്പുഴ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണ സംഘം നാലുമണിക്കൂർ ചോദ്യം ചെയ്തു. കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം കർത്ത പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം മറുപടി കൊടുത്തിട്ടുണ്ട്.

കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നും കർത്ത പറഞ്ഞു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലായിരുന്നു ചോദ്യം ചെയ്യൽ.

കേസിൽ പിടിയിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കർത്തയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂർ വീട്ടിലെ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാർട്ടിൻ കവർച്ചയ്ക്ക് ശേഷം കാറും സ്വർണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന ശേഷം ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനൊപ്പം നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry: Kodakara black mon­ey case

You may also like this video: