Tuesday
19 Feb 2019

ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ, യുദ്ധമുഖം തുറക്കുന്നു

By: Web Desk | Friday 5 October 2018 10:45 PM IST

കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സംസ്ഥാന സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാന്‍ കഴിയുമോ എന്നാണ് ചിലര്‍ നോക്കുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ആരെയും നിര്‍ബന്ധിച്ച് ശബരിമലയ്ക്ക് അയക്കില്ല. അതേസമയം പോവുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ഇക്കാര്യത്തില്‍ വിശ്വാസികളെ ബോധവത്ക്കരിക്കാനാണ് സമരം നടത്തുന്നവര്‍ ശ്രമിക്കേണ്ടത്. പുനഃപരിശോധനാ ഹര്‍ജി നല്‍കാനും അവസരമുണ്ട്. നിയമവഴികള്‍ സ്വീകരിക്കേണ്ടതിന് പകരം നാട്ടില്‍ സംഘര്‍ഷം സൃഷ്ടിച്ചതുകൊണ്ട് കാര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കോടതി വിധിയെ ബിജെപി ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു. പിന്നീട് അവരുടെ നിലപാടിന് എന്ത് മാറ്റം സംഭവിച്ചു എന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. അവരുടെ മലക്കം മറിച്ചില്‍ ജനങ്ങള്‍ കാണുന്നുണ്ട്. കോടതി വിധിയെ സ്വാഗതം ചെയ്ത ആര്‍എസ്എസിന് ഇപ്പോഴും അതേനിലപാട് തന്നെയാണുള്ളത്. ഇങ്ങനെയുള്ളവരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. നടപ്പിലാക്കാന്‍ പ്രയാസമുള്ള വിധിയാണ് ഇതെന്ന് സര്‍ക്കാരിന് നന്നായറിയാം. വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയുമില്ല.
ശബരിമലയിലെ സ്ത്രീ പ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വേറെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ വ്യക്തമാക്കട്ടേയെന്നും കാനം പറഞ്ഞു.