നാണം കെട്ടതോടെ പ്രജ്ഞയോട് വാ തുറക്കരുതെന്ന് ബിജെപി

Web Desk
Posted on August 30, 2019, 11:46 am

ന്യൂഡല്‍ഹി: ജനാധിപത്യ വിരുദ്ധ ഇന്ത്യ എന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് പാര്‍ലമെന്റില്‍ യത്‌നിക്കുന്ന പ്രജ്ഞാ സിങ് ഠാക്കൂറിനോട് പൊതു ഇടങ്ങളില്‍ വാ തുറക്കരുതെന്ന് ബിജെപി. സുഷമസ്വരാജ്, അരുണ്‍ ജെറ്റ്‌ലി എന്നിവരുടെ മരണം പ്രതിപക്ഷത്തിന്റെ ദുഷ്ടശക്തി പ്രയോഗമാണെന്ന പ്രജ്ഞയുടെ പ്രസ്താവന സംഘപരിവാറിന്റെ അറിവോടെയായിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയമായി ബിജെപിയെ നാണം കെടുത്തി. വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളും പ്രതികരണങ്ങളും വന്നതോടെയാണ് സംഘപരിവാറിന്റെ പാര്‍ലമെന്ററി കാര്യം കൈകാര്യം ചെയ്യുന്ന ബിജെപി പ്രജ്ഞയ്‌ക്കെതിരെ താല്‍ക്കാരില നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രജ്ഞ സിങ്ങിന്റെ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതായി ഏതാനും നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രജ്ഞ സിങ്ങിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനോട് പ്രജ്ഞ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായോ സംഘടനാപരമായോ ധാരണകളില്ലാത്ത പാര്‍ലമെന്റംഗമെന്ന നിലയില്‍ ഇവരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ പ്രതികരണം ഉണ്ടായേക്കാമെന്നാണ് ബിജെപി വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചന.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം പല വഴികളും നോക്കുന്നുണ്ടെന്നും ചില ദുഷ്ടശക്തികളെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. ബിജെപി മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റിലിയുടെയും സുഷ്മാ സ്വരാജിന്റെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഇത്തരം ദുഷ്ടശക്തികളാണെന്നും പ്രജ്ഞ സിങ് പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ഒരു മഹാരാജ് ജിയെ കണ്ടു. അദ്ദേഹം ഹന്നോട് പറഞ്ഞത് സമയം മോശമാണെന്നും പ്രതിപക്ഷം ചില ദുഷ്ട ശക്തികളെ ബിജെപിക്കെതിരെ ഉപയോഗിക്കുമെന്നുമായിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ ആ കാര്യം ഹാന്‍ പിന്നീട് മറന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ സുഷ്മ സ്വരാജ് ജി, ബാബുലാല്‍ ജി, ജയ്റ്റ് ലി ജി എന്നിവര്‍ ഒന്നിനുപിറകെ ഒന്നായി അകാലത്തില്‍ വിട്ടുപിരിയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കുന്നില്ലേയെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.’- എന്നായിരുന്നു പ്രജ്ഞാ സിങിന്റെ വാക്കുകള്‍.