Web Desk

ന്യൂഡൽഹി

February 23, 2020, 8:22 pm

ഡൽഹിയിലെ ജാഫ്രാബാദിൽ സമരക്കാർക്കുനേരെ ബിജെപി ആക്രമണം

Janayugom Online

വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദ് മെട്രോസ്റ്റേഷന് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ ബിജെപി ആക്രമണം. മൗജ്പൂരിൽ ആയിരക്കണക്കിന് സ്ത്രീകളടക്കം അണിനിരന്ന പ്രതിഷേധത്തിനുനേർക്ക് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ നിന്ന് കല്ലേറുണ്ടാവുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് കല്ലേറ് നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഉത്തര്‍ പ്രദേശിലെ അലിഗഡിലും സിഎഎ സമരക്കാർക്കുനേരെ ആക്രമണമുണ്ടായി. ശനിയാഴ്ച രാത്രി മുതലാണ് ജാഫ്രാബാദിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ശക്തമായതോടെ ജാഫ്രാബാദ് മെട്രോസ്റ്റേഷന്റെ പ്രവേശനകവാടങ്ങൾ അടച്ചു. സമരക്കാർ സീലാംപൂരിനെ മൗജ്പൂർ, യമുനാവിഹാർ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഉപരോധിച്ചു. ഭേദഗതി പിൻവലിക്കും വരെ സ്ഥലത്ത് നിന്ന് പിൻമാറില്ലെന്ന പ്രഖ്യാപനവുമായാണ് ദേശീയപതാകയുമേന്തി സമരക്കാർ നിലയുറപ്പിച്ചിരിക്കുന്നത്.

you may also like this video;

കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. വനിതാപൊലീസുകാരെ അടക്കം വിന്യസിച്ചിട്ടുണ്ട്. ജാഫ്രാബാദ് മെട്രോസ്റ്റേഷനിൽ ട്രെയിൻ നിർത്തില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നത്തോടുള്ള സർക്കാർ സമീപനത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് സാമൂഹ്യപ്രവർത്തകനായ ഫഹീം ബെയ്ഗ് പറഞ്ഞു.

സീലാംപൂർ‑കർദാംപുരി പാതയിൽ നേരത്തെ തന്നെ മറ്റൊരു പ്രക്ഷോഭവും അരങ്ങേറുന്നുണ്ട്. ഷഹീൻബാഗിലും സമരം ശക്തമായി തുടരുകയാണ്. പൗരത്വനിയമത്തിനെതിരെ ഭീം ആർമി പ്രഖ്യാപിച്ച ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മറ്റ് നിരവധി ഇടങ്ങളിലും ശക്കമായ പ്രതിഷേധങ്ങൾ ഇന്നലെ അരങ്ങേറി. ഖുറേജി, ചാന്ദ്ബാഗ്, ഹൗസ് റാണി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധിപേർ പ്രതിഷേധങ്ങളിൽ അണിനിരന്നു.

Eng­lish Sum­ma­ry: BJP attack on pro­test­ers in Jafrabad, Delhi.