ബിജെപി ബലിദാനി ജീവനോടെ കർണ്ണാടകയിൽ

Web Desk
Posted on May 05, 2018, 3:23 pm

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ ബിജെപി നേതൃത്വത്തിനും പാര്‍ട്ടിയ്ക്കും തിരിച്ചടിയായി പുതിയ ആരോപണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വം തയ്യാറാക്കിയ ബലിദാനികളുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകനും.  ഉഡുപ്പിയില്‍ ജീവിച്ചിരിക്കുന്ന അശോക് പൂജാരെ എന്നയാളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട 23 പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളായാണ് പൂജാരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ ജിഹാദികള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപിയുടെ വാദം. എന്നാൽ ബലിദാനിയെന്നു പറഞ്ഞയാൾ തിരിച്ചു വന്നതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി.

ഉഡുപ്പിയില്‍നിന്നുള്ള ബിജെപി എംഎല്‍എ ശോഭ കരന്തലെജെയാണ് ബലിദാനികളായ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്. ഈ പട്ടികയിലെ ആദ്യത്തെ പേരാണ് ഉഡുപ്പിയില്‍ ഇപ്പോഴും ജീവനോടെയുള്ള പൂജാരയുടേത്. 2015 സെപ്റ്റംബര്‍ 20ന് അശോക് പൂജാരെ കൊല്ലപ്പെട്ടുവെന്നാണ് രേഖകളില്‍ പറയുന്നത്. പൂജാരയെ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളാണ് ഉഡുപ്പിയില്‍നിന്നും കണ്ടെത്തുന്നത്. ബിജെപിയുടെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകനായ പൂജാരയ്ക്ക് നേരെ 2015ലാണ് ആക്രമണം ഉണ്ടാകുന്നത്. എങ്കിലും 15 ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം താന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയെന്നും പൂജാരെ പറഞ്ഞു. തന്റെ പേര് പട്ടികയില്‍ അബദ്ധത്തില്‍ കയറിപറ്റിയതാണെന്ന വിശദീകരണവുമായി ശോഭ കരന്തലെജെ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും അശോക് പൂജാരെ പറയുന്നു. അതേസമയം കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന വ്യാജ പ്രചരണം തന്നെയാണ് ബിജെപി നടത്തുന്നത്.  ബി ജെ പി ബലിദാനി പട്ടികയിലെ 23 പേരില്‍ 14 പേര്‍ രാഷ്ട്രീയ ഇതര കാരണങ്ങളാല്‍ കൊല്ലപ്പെട്ടവരോ ആത്മഹത്യ ചെയ്തവരോ ആണ്.