Saturday
19 Oct 2019

ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപിയുടെ വിജയം അസാധ്യമെന്ന് വിലയിരുത്തല്‍

By: Web Desk | Tuesday 4 September 2018 10:53 PM IST


modi – janayugam

ന്യൂഡല്‍ഹി: നിലവിലുള്ള സാഹചര്യത്തില്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം അസാധ്യമെന്ന ലണ്ടന്‍ പ്രൊഫസറുടെ വിലയിരുത്തല്‍ പുറത്തുവന്നു. നരേന്ദ്രമോഡിയാണ് നയിക്കുന്നതെങ്കില്‍ എന്‍ഡിഎ വിജയം അത്ര എളുപ്പമല്ലെന്നും അതിനാല്‍ മോഡി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഘടകകക്ഷികള്‍ പോലും ആവശ്യപ്പെടുമെന്നുമാണ് സമീപകാലത്ത് പുറത്തുവന്ന ചില അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നതെന്ന് ലണ്ടന്‍ സര്‍വകലാശാലയ്ക്കു കീഴിലെ സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രൊഫസര്‍ ജെയിംസ് മാനര്‍ ദി വയര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ബിജെപിയുടെ സീറ്റ് നിലയില്‍ ഇടിവുണ്ടാവും. സഖ്യകക്ഷികളുടെ പിന്‍ബലത്തില്‍ മന്ത്രിസഭയുണ്ടാക്കുന്ന സാഹചര്യമുണ്ടായാലും അവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മാറ്റാന്‍ ആവശ്യപ്പെട്ടേക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ സിഎസ്ഡിഎസ് – ലോക്‌നീതി എന്നിവ നടത്തിയ സര്‍വേയില്‍ ബിജെപിയെ പിന്തുണച്ചിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 ശതമാനത്തില്‍ നിന്ന് ജനുവരിക്കുശേഷം എട്ടു ശതമാനം കൊഴിഞ്ഞുപോയി എന്നാണ് വ്യക്തമായത്. പട്ടികവര്‍ഗ വിഭാഗത്തിന്റെ സ്ഥിതിയും സമാനമാണ്. കര്‍ഷകരുടെ പിന്തുണ 49 ല്‍ നിന്ന് 24 ശതമാനമായി ഇടിഞ്ഞു. വിലക്കയറ്റം തടയുന്നതില്‍ മോഡി സര്‍ക്കാരിന്റെ പ്രകടനം ദയനീയമായിരുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും അഭിപ്രായപ്പെട്ടത്. അഴിമതി തടയുന്നതില്‍ ഒന്നും ചെയ്യാനായില്ലെന്ന് 51 ശതമാവും സര്‍ക്കാര്‍ ആകെ അഴിമതിക്കാരാണെന്ന് 61 ശതമാനവും പേര്‍ വീതം അഭിപ്രായം രേഖപ്പെടുത്തി. ബിജെപിയുടെ കീഴില്‍ വികസനം വിപരീത ദിശയിലായിരുന്നുവെന്ന് 64 ശതമാനം പേര്‍ രേഖപ്പെടുത്തിയപ്പോള്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ മോഡിയുടെ മോഹന വാഗ്ദാനമായിരുന്ന തൊഴില്‍ സംബന്ധിച്ച് പൂര്‍ണ പരാജയമെന്ന് 57 ശതമാനം പേരും വിലയിരുത്തി. മൊത്തം പ്രവര്‍ത്തനം വിലയിരുത്തിയതില്‍ 47 ശതമാനം പേരും നിരാശയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ അഭിപ്രായം രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനയാണുണ്ടായത്. 2014 ല്‍ ബിജെപിക്ക് വോട്ടു ചെയ്തവരിലെ 38 ശതമാനവും ഇവര്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും സര്‍വേയില്‍ വ്യക്തമായെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു. ഓരോ സംസ്ഥാനത്തെ സ്ഥിതി പരിശോധിക്കുമ്പോഴും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.
പ്രതിപക്ഷ ഐക്യം കൂടി യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. എസ്പി, ബിഎസ്പി സഖ്യമുണ്ടായാല്‍ 2014 ല്‍ 80 ല്‍ 71 സീറ്റ് നേടിയ ഉത്തര്‍പ്രദേശില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് പ്രതീക്ഷിക്കാനാവില്ല. ബിഹാറിലും സ്ഥിതി വ്യത്യസ്തമല്ല. മഹാരാഷ്ട്രയിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോഡിയുടെ പ്രഭാവത്തിനുണ്ടായ ഇടിവും ഭരണപരാജയവും വാഗ്ദാനലംഘനങ്ങളും പ്രതിപക്ഷ ഐക്യവും എന്‍ഡിഎയുടെ തിരിച്ചുവരവ് അസാധ്യമാക്കുമെന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്.

Related News