Janayugom Online
Amith Sha

പ്രതിപക്ഷത്തെ പട്ടിയോടും പാമ്പിനോടും ഉപമിച്ച് ബിജെപി അധ്യക്ഷൻ

Web Desk
Posted on April 07, 2018, 11:47 am

ബിജെപി ക്കെതിരെ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഒത്തു ചേരാൻ പോകുന്ന പ്രതിപക്ഷ പാർട്ടികൾ പട്ടിയും പാമ്പും പൂച്ചയും കീരിയുമാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇത് വിവാദമായതോടെ പ്രതിപക്ഷ പാർട്ടികളെ മൃഗങ്ങളോട് ഉപമിച്ചതല്ലെന്നു ഷായുടെ വിശദീകരണം.

മുംബൈയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “2019 ലെ തെരഞ്ഞെടുപ്പിന്റെ കൗണ്ട് ഡൗൺ  തുടങ്ങി. പ്രതിപക്ഷം യോജിക്കാൻ ശ്രമിക്കുകയാണ്. വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ എല്ലാം ഒലിച്ചു പോകും. ഒരു വടവൃക്ഷം മാത്രം ശേഷിക്കും, അതിൽ പട്ടിയും പാമ്പും പൂച്ചയും കീരിയും മറ്റു മൃഗങ്ങളുമൊക്കെ രക്ഷപ്പെടാൻ ഓടിക്കയറും.”

“മോഡി എന്ന കുത്തൊഴുക്കിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ പട്ടിയും  പൂച്ചയും പാമ്പും കീരിയും ഒരുമിക്കുകയാണ്” ഷാ പറഞ്ഞു.

ടി ആർ എസ്സും തൃണമൂൽ കോൺഗ്രസ്സും ടി ഡി പിയും മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ തെരെഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കാനുള്ള നീക്കത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു ഷാ.

പിന്നീട് പത്രസമ്മേളനത്തിൽ ഈ വിവാദ പ്രസ്താവനയെ മാധ്യമ  പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ “താത്വിക ഐക്യം ഇല്ലാത്ത രാഷ്ട്രീയ പാർട്ടികൾ ഒരുമിക്കുന്നതിനെ താൻ ചൂണ്ടിക്കാണിക്കുകയായിരുന്നു“വെന്ന് ഷാ മറുപടി പറഞ്ഞു.

“പാമ്പിനും കീരിക്കും പൊതുവായി ഒന്നുമില്ല. ഞാൻ പേരു പറയട്ടെ: സമാജ്  വാദി പാർട്ടിയും ബി എസ്  പിയും, തൃണമൂൽ കോൺഗ്രസും കോൺഗ്രസും, ചന്ദ്രബാബു നായിഡുവും കോൺഗ്രസ്സും — ഇവർക്കൊന്നും തമ്മിൽ പൊതുവായി ഒന്നുമില്ല, താത്വിക ഐക്യവുമില്ല” ഷാ പറഞ്ഞു.

രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും ആരോപിക്കുംപോലെ ബിജെപി സർക്കാർ പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണം ഇല്ലാതാക്കില്ലെന്നു ഷാ പറഞ്ഞു. ഈയിടെ ഉണ്ടായ സുപ്രീം കോടതി വിധി പട്ടിക വിഭങ്ങൾക്കുള്ള അവകാശ സംരക്ഷണത്തിന്മേൽ വെള്ളം ചേർക്കലാണെന്നു പരക്കെ ആക്ഷേപം വന്നതിനെ പരാമര്ശിക്കുകയായിരുന്നു അദ്ദേഹം.

ഗോരഖ്‌പൂരും ഫിലിപ്പൂരും ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായതിനെ പരാമർശിച്ചു, സീറ്റ്  പോയെങ്കിലും കോൺഗ്രസിന്റെ 11 സംസ്ഥാനം ഞങ്ങൾ പിടിച്ചുവെന്നു ഷാ വീമ്പിളക്കി.  ഇപ്പോൾ 70 ശതമാനം ഇന്ത്യക്കാരും ബിജെപി ഭരണ സംസ്ഥാനങ്ങളിലാണെന്നും. കർഷകർക്ക് വലിയ ആനുകൂല്യങ്ങൾ  നൽകിയ സർക്കാരാണ് തങ്ങളുടേത്, ഭരണ നേട്ടങ്ങളുടെ പേരിലാവും തങ്ങൾ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, ഷാ പറഞ്ഞു.