സമരപരാക്രമങ്ങള്‍ക്കിടയില്‍ ഗ്രൂപ്പ് പോര് മുറുക്കി ബിജെപി

Web Desk

തിരുവനന്തപുരം

Posted on September 17, 2020, 6:31 pm

സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങൾ നടത്തുമ്പോൾ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ബിജെപി തന്നെയാണ്. ബിജെപിയുടെ നേത്യനിരയിൽ പോര് മുറുകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന പരിപാടികളോട് മുഖം തിരിച്ച് നിൽക്കുകയാണ് കൃഷ്ണദാസ് വിഭാഗം. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് രക്ഷനേ‍ടാനുളള തന്ത്രമാണ് സംസ്ഥാനത്ത് ഇപ്പോൾ നടത്തുന്ന സമരപരാക്രമങ്ങൾ.

പാർട്ടിയിൽ കടുത്ത ഗ്രൂപ്പിസമാണ് അരങ്ങേറുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം  വി. മുരളീധരൻ പക്ഷം മാത്രമാണ് മുന്നിലുളളത്. എ. എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, എം. ടി രമേശ് തു‍ടങ്ങിയവരെ സമരമുഖത്ത് കാണാൻ പോലുമില്ല.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വി. മുരളീധരൻ പ്രതിരോധത്തിലായപ്പോൾ പ്രമുഖ നേതാക്കൾ ആരും തന്നെ ന്യായീകരിച്ചില്ല. സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന മുരളീധരന്റെ നിലപാടിനെ കേന്ദ്ര നേത്യത്വം അംഗീകരിച്ചില്ല. വി മുരളീധരന് പാര്‍ലമെന്റില്‍ പോലും തിരിച്ചടിയാണ് കിട്ടിയത്.ഇതോടു കൂടി കേരളത്തിലെ ബിജെപി കൂടുതൽ പ്രതിസന്ധിയിലായി.

പാർട്ടിയിലെ പലരെയും തഴഞ്ഞാണ് സുരേന്ദ്രൻ സഹഭാരവാഹികളെ തീരുമാനിച്ചത്. ഇക്കാരണത്താൽ പാർട്ടിയിൽ വിഭാഗിയത രൂപപ്പെട്ടു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ പലരെയും തഴഞ്ഞാണ് സുരേന്ദ്രൻ തന്നെ അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തിയത്. ഇതിനെത്തുടർന്ന് എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ചുമതല ഏറ്റില്ല. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തിട്ടില്ല. മുതിർന്ന നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി എം വേലായുധൻ, പി കെ കൃഷ്ണദാസ്, എൻ ശിവരാജൻ തുടങ്ങിയവർ സുരേന്ദ്രൻ–-മുരളീധരൻ സംഘവുമായി അകൽച്ചയിലാണ്. പിന്നീട് കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് അനുരഞ്ജനമുണ്ടാക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രൻ ചുമതല ഏറ്റെടുത്തിട്ടില്ല.

ബിജെപിയുടെ നേത്യനിരയിൽ കടന്നുവന്ന പ്രസിഡന്റുമാരിൽ ഏറ്റവും ദുർബലനായ വ്യക്തിയാണ് സുരേന്ദ്രൻ എന്നാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുളള ഒന്നിലേറെ പരാതികൾ മുന്നിലെത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന് പാർട്ടി കേന്ദ്ര നേതൃത്വം ഇനിയും ഇടപെട്ടിട്ടുമില്ല. വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ കാത്തിരിക്കുന്നത് മുൻവർഷങ്ങളെക്കാൾ കനത്ത പരാജയമായിരിക്കുമെന്ന് സംഘപരിവാറിലെ മുതിർന്ന നേതാക്കൾതന്നെ പറയുന്നു.

ENGLISH SUMMARY: bjp clash in group

YOU MAY ALSO LIKE THIS VIDEO