കെ കെ ജയേഷ്

കോഴിക്കോട്

December 05, 2020, 7:03 pm

ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഐക്യസന്ദേശം: കപട നാടകവുമായി വീണ്ടും ബിജെപി

Janayugom Online

രാജ്യത്ത് ക്രിസ്ത്യൻ- മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിടുന്ന ബിജെപി കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ പുതിയ തന്ത്രവുമായി രംഗത്ത്. ന്യൂനപക്ഷവിഭാഗങ്ങളുടെ സഹായമില്ലാതെ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് വ്യക്തമായപ്പോഴാണ് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് മുസ്‌ലിങ്ങൾക്കെതിരെ, ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിക്കണമെന്ന പ്രചരണവുമായി ബിജെപിയും സംഘപരിവാർ അനുകൂല മാധ്യമങ്ങളും രംഗത്തെത്തിയിട്ടുള്ളത്. മതന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വലിയ പങ്കും മുസ്‌ലിം വിഭാഗത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് പ്രചരിപ്പിച്ചാണ് ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ശ്രമം ബിജെപി നടത്തുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിവെച്ച ഈ പ്രചരണം മറ്റ് നേതാക്കളും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്. എന്നാൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവുമധികം അതിക്രമങ്ങൾ അഴിച്ചുവിട്ട പാർട്ടിയാണ് ബിജെപിയെന്നതുകൊണ്ട് തന്നെ ബിജെപിയുടെ പുതിയതന്ത്രത്തെ എല്ലാവരും തള്ളിക്കളയുകയാണ്.

ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയെന്ന പേരിൽ ക്രൈസ്തവ സംരക്ഷണ സേനയുണ്ടാക്കാൻ കഴിഞ്ഞ വർഷം ബിജെപി നീക്കം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ ഇസ്ലാമിൽ നിന്നല്ല സംഘപരിവാർ ശക്തികളിൽ നിന്നാണ് ക്രൈസ്തവർ വെല്ലുവിളികൾ നേരിടുന്നതെന്ന് വ്യക്തമാക്കി പല ക്രിസ്ത്യൻ മതനേതാക്കൻമാരും രംഗത്ത് വന്നതോടെ ബിജെപിയുടെ നീക്കം പൊളിഞ്ഞു. അന്നത്തെ നീക്കം പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വീണ്ടും വ്യാജ വർഗ്ഗീയ പ്രചരണങ്ങളുമായി രംഗത്ത് വരികയായിരുന്നു. സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ മുസ്‌ലിം വർഗീയ വാദികളുടെ അസഹിഷ്ണുത ക്രിസ്ത്യാനികളെ ആശങ്കയിലാക്കുന്നുണ്ടെന്നും ലൗ ജിഹാദും വിദേശരാജ്യങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ഭീകരാക്രമങ്ങളും ക്രൈസ്തവ വിഭാഗത്തിന് ആശങ്കയുണ്ടാക്കുന്നുണ്ടെന്നുമായിരുന്നു സുരേന്ദ്രൻ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന് പിന്നാലെ ബിജെപി മുൻ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി കെ ആർ ഉമാകാന്തന്റെ ലേഖനങ്ങളും വർഗ്ഗീയത പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തുവരുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ ഭീകര സംഘടനകളില്ലെന്നും ക്രിസ്ത്യൻ ഭീകരാക്രമണം എന്നൊന്ന് ലോകത്ത് തന്നെ നടക്കുന്നില്ലെന്നും വ്യക്തമാക്കുന്ന ലേഖനം ക്രിസ്ത്യൻ ശക്തികൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും അക്രമത്തിന് മുതിരാത്തവരാണെന്നം സമർത്ഥിക്കുന്നു. മത നീതി എന്നൊന്ന് ഇല്ലാത്തതുകൊണ്ട് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിൽ എല്ലാവർക്കും പൊതുവായ നീതി നിർവ്വഹണ സമ്പ്രദായമാണുള്ളത്. ക്രിസ്ത്യൻ വിഭാഗത്തെക്കുറിച്ച് നല്ലതു പറഞ്ഞശേഷം ഇസ്ലാമിനെ വികൃതമായി അവതരിപ്പിക്കുകയാണ് ഈ ലേഖനം. ഇസ്ലാം അക്രമത്തിന്റെ പാതയാണ് സ്വീകരിച്ചിട്ടുള്ളത്. ലോകത്തെ മിക്കവാറും ഇസ്ലാമിക രാഷ്ട്രങ്ങളും മതാധിഷ്ഠിത രാജ്യങ്ങളാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്നതിൽ ഇസ്ലാം മുന്നിലാണെന്നും തങ്ങളുടെ മതവിശ്വാസികളെ മാത്രം ജീവിക്കാൻ അനുവദിക്കുന്ന രീതിയാണ് ഇസ്ലാമിന്റേതെന്നും പച്ചനുണകൾ ഉമാകാന്തൻ എഴുതിപ്പിടിപ്പിക്കുന്നു.

ലോകത്തുള്ള ഭീകരസംഘടനകളിൽ ഏറ്റവും കൂടുതൽ ഇസ്ലാമിന്റേതാണ്. സ്ത്രീ സമത്വം, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾ ഇസ്ലാമിന് സ്വീകാര്യമല്ല. മറ്റ് മതത്തിൽപ്പെട്ടവരുടെ ആരാധനാലയങ്ങൾ തകർക്കുക, അവയുടെ സ്ഥാനത്ത് മുസ്ലിം പള്ളികൾ പണിയുക, ലൗജിഹാദ് തുടങ്ങിയ കാര്യങ്ങൾ അനുവർത്തിക്കുക എന്നിങ്ങനെ പോകുന്ന ഇസ്ലാമിന്റെ രീതികൾ. ഇത്തരത്തിൽ ഒരു മതത്തെക്കുറിച്ച് വിദ്വേഷമുണ്ടാക്കുന്ന തരത്തിൽ മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് വ്യാപകമായി നീക്കം നടക്കുന്നത്. ഭാരതത്തിൽ ഹിന്ദു ഭൂരിപക്ഷം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷമായാൽ പിന്നെ ക്രൈസ്തവർക്ക് രക്ഷയില്ല. അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി ഹിന്ദു ക്രിസ്ത്യൻ ഐക്യം ഉണ്ടാകേണ്ടത് ആവശ്യമാണെന്നാണ് ബിജെപിയടെ പ്രചരണം.

ഇത്തരത്തിൽ തീർത്തും വാസ്തവവിരുദ്ധമായ പ്രചരണങ്ങളാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പള്ളികളും ക്രൈസ്തവ വിദ്യാലയങ്ങളും വ്യാപകമായി തകർക്കപ്പെടുന്നു. മിഷണറിമാർ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ബലം പ്രയോഗിച്ച് മതം മാറ്റുകയും പള്ളിയിൽ പോകുന്നവരെ ആക്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ തന്നെ ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്ന് ആഹ്വാനം ചെയ്തതും സംഘപരിവാർ പ്രവർത്തകർ തന്നെയായിരുന്നു.

You may like this video also