നേമത്തെ വിജയത്തിനു പിന്നിലെ കോണ്‍ഗ്രസ് ബാന്ധവവും വടകരയിലെ കോ-ലീ-ബി സഖ്യവും യാഥാര്‍ത്ഥ്യമായിരുന്നെന്ന് വെളിപ്പെടുത്തിയതിന് പിറകെ, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുകച്ചവടം ഉണ്ടെന്ന് തെളിയിച്ച് ബിജെപി. തലശ്ശേരി, ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളിലെ ബിജെപി നേതാക്കളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതോടെയാണ് കോണ്‍ഗ്രസുമായി ഇടപാട് ഉണ്ടെന്ന് വ്യക്തമായത്.
ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എഐഎഡിഎംകെയുടെ ആര് ധനലക്ഷ്മിയുടെ നാമനിര്‍ദ്ദേശ പത്രികയും തള്ളിയിട്ടുണ്ട്. തലശ്ശേരിയില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്റെയും ഗുരുവായൂരില്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പത്രികയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെയും ഒപ്പില്ലാത്ത ഫോറങ്ങളാണ് നല്‍കിയിരുന്നത്. പത്രികയോടൊപ്പം പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആണെന്നും ഔദ്യോഗിക ചിഹ്നം അനുവദിക്കണമെന്നുമുള്ള ഫോറം എയിൽ ദേശീയ അധ്യക്ഷനും ഇതിനെ പിൻതാങ്ങുന്ന ഫോറം ബിയിൽ സംസ്ഥാന അധ്യക്ഷനും ഒപ്പുവയ്ക്കണം. ഇവ രണ്ടും പത്രികയില്‍ പ്രധാനവുമാണ്. എന്നാല്‍ ഇടതുപക്ഷം വിജയിച്ചുവരുന്ന തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിയുടെ പ്രധാനനേതാക്കളുടെ പത്രികകളില്‍ പാര്‍ട്ടി അധ്യക്ഷന്മാരുടെ ഒപ്പ് ഒഴിവാക്കിയത് ബോധപൂര്‍വമാണ്.
ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയെന്നതാണ് അവിശ്വസനീയം. തലശ്ശേരിയില്‍ സിറ്റിങ് എംഎല്‍എ എ എന്‍ ഷംസീറും ഗുരുവായൂരില്‍ മുന്‍ ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍ കെ അക്ബറുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. രണ്ടിടത്തും വലിയ മുന്നേറ്റമാണ് ഇടതുമുന്നണിയുടേത്. ഇത് തടയിടാനുള്ള ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ തന്ത്രമാണ് പരസ്യമായിരിക്കുന്നത്. തലശ്ശേരിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടേത് ഉള്‍പ്പെടെ പ്രചാരണപരിപാടികള്‍ നിശ്ചയിച്ചിരുന്നു. 25നായിരുന്നു അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി. എൻ ഹരിദാസ് തന്നെയായിരുന്നു കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്ക് പേജിൽ അമിത്ഷാ ജില്ലയിലെത്തുന്നതിനെ കുറിച്ച് അറിയിച്ചത്. ഇതെല്ലാം ബിജെപി-കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെയും ജനങ്ങളുടെയും മുന്നില്‍ നടത്തിയ നാടകമായിരുന്നു. പ്രധാന നേതാക്കളുടെ പത്രികകള്‍ തള്ളിയതിന്റെ പിന്നാമ്പുറം വ്യക്തമായതോടെ നേതൃത്വത്തിനെതിരെ അണികള്‍ മുറുമുറുപ്പ് തുടങ്ങി.
പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിത്തുടങ്ങി. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസാണ് ബിജെപിക്കുവേണ്ടി കണ്ണൂരില്‍ സീറ്റ് ഒഴിച്ചിട്ടിരുന്നത്. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കാത്തതിനാല്‍ സ്വയം പത്രിക നല്കിയ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥിന് ചിഹ്നം അനുവദിച്ചുകൊടുക്കേണ്ടിവന്നു. കെ സുധാകരന് എംപിയോട് ദേശീയ, സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപിയില്‍ ചേരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച സുധാകരന് സ്വന്തം പാര്‍ട്ടിയെ തള്ളുകയായിരുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ ദേവികുളത്ത്, നേരത്തേ പത്രിക നല്‍കിയിരുന്ന കോണ്‍ഗ്രസ് നേതാവ് എസ് ഗണേശനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിലൂടെ സജീവമായ ഗണേശന്, മറയൂര്‍ കാന്തല്ലൂര്‍ തോട്ടം മേഖലയിലെ പ്രധാന കോണ്‍ഗ്രസ് നേതാവാണ്. മറ്റുപല മണ്ഡലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ബിജെപി-കോണ്‍ഗ്രസ് ബാന്ധവവുമുണ്ട്.
ENGLISH SUMMARY: bjp congress nomination
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.