മധ്യപ്രദേശില്‍ മറുതന്ത്രം പയറ്റി കോൺഗ്രസ് രംഗത്തെത്തിയതോടെ റിസോർട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങി. അട്ടിമറിയുടെ വക്കിലെത്തി നില്‍ക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുളള അവസാന ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. നിലവില്‍ വിമത എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുകയാണ്. കോൺഗ്രസ് സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്‌പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ബിജെപിയും തങ്ങളുടെ എംഎൽഎമാരെ അന്യസംസ്ഥാനങ്ങളിലേക്ക് കടത്താനുള്ള നീക്കങ്ങളിലാണ്. വിമത എംഎൽഎമാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാറിനെയാണ് നേതൃത്വം ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മൂന്നംഗ സമിതിയേയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല സർക്കാർ രാജിവെക്കില്ല എന്നതാണ് കോൺഗ്രസ് തീരുമാനം എന്നും സൂചനകളുണ്ട്. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനും കമല്‍നാഥ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. 88 എംഎല്‍എമാര്‍ കമല്‍നാഥ് വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ 84 എംഎല്‍എമാരും നാല് സ്വതന്ത്ര എംഎല്‍എമാരുമാണ് യോഗത്തിന് എത്തിയത്. മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ദിഗ്വിജയ് സിങും യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ടര മണിക്കൂറോളമാണ് എംഎല്‍എമാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
you may also like this video;
ഐക്യത്തോടെയിരിക്കാനും ഒരുമിച്ച് പൊരുതാനുമാണ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് യോഗത്തിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ ഹീന കാവ്‌റെ പറഞ്ഞു. സിന്ധ്യയെ പുറത്താക്കിയതിന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി അറിയിച്ച് കൊണ്ട് യോഗം പ്രമേയം പാസ്സാക്കിയിരുന്നു. കമല്‍നാഥിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിന്ധ്യയ്ക്ക് എതിരെ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് തനിച്ച് 114 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. രണ്ട് ബിഎസ്‌പി, ഒരു എസ്‌പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. അതേസമയം ബിജെപിക്ക് 109 പേരുടെ പിന്തുണയാണ് ഉള്ളത്. 22 പേരുടെ രാജി സ്പീക്കര്‍ എന്‍പി പ്രജാപതി സ്വീകരിച്ചാല്‍ നിയമസഭയുടെ അംഗ ബലം 206 ആകും.
അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷം 104 ആകും. കുറഞ്ഞത് 10 എംഎല്‍എമാരെങ്കിലും തിരിച്ചെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. നിലവില്‍ സിന്ധ്യ പക്ഷത്തേക്ക് പോയ 22 എംഎല്‍എമാരില്‍ 13 പേര്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന്റെ അവകാശവാദം ശരിയാണെങ്കില്‍ മധ്യപ്രദേശില്‍ ബിജെപിയുടെ തന്ത്രം പാളിയേക്കും. ബിജെപിയിലെ ചില വിമത എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തിവരുന്നുണ്ട്. നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ തുടങ്ങിയ ബിജെപി എംഎല്‍എമാര്‍ നേരത്തേ തന്നെ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.