Web Desk

June 28, 2020, 1:36 pm

ഏകശിലാ ബിജെപി വെറും പളുങ്കുപാത്രമാകുന്നുവോ? നിലത്തെറിഞ്ഞുടയ്ക്കാൻ മുരളീധരന്മാരും

Janayugom Online

വത്സൻ രാമംകുളത്ത്

ഏകശില, മോഡീപ്രഭാവം, കേന്ദ്രഭരണം… എല്ലാം തകർന്ന് തരിപ്പണമാവുകയാണ്. ഓരോ ദിവസത്തെയും രോഗികളുടെ എണ്ണവും മരണസംഖ്യയും പെരുകുന്നു. ഇത് പറയുന്നത്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ലോക്ഡൗൺ, അൺലോക് സംവിധാനങ്ങളും അമ്പേ പാളിയെന്നാണ്. ഇന്ത്യാ-ചൈന അതിർത്തിയിലെ 20 ജവാന്മാരുടെ ദാരുണാന്ത്യത്തെക്കുറിച്ച് മോഡി പറഞ്ഞകഥയാകട്ടെ ലോകനാണക്കേടും സൈന്യത്തെ മോശക്കാരാക്കുന്നതും. ഓരോന്നോരോന്നെടുത്താൽ എല്ലാം പരാജയം. ഒന്നും പ്രതിയോഗികളുടെ രാഷ്ട്രീയാരോപണങ്ങൾ മാത്രമല്ലെന്ന് മോഡീഭരണകൂടവും ബിജെപിയും നാൾക്കുനാൾ തെളിയിക്കുന്നു.

പോയിപ്പോയി ഇപ്പോൾ പാർട്ടിക്കുതന്നെ നിൽക്കക്കളിയില്ലാത്ത അവസ്ഥയിലെത്തി ബിജെപിയുടെ കാര്യം. കേരളത്തിലെ ബിജെപിയുടെ സ്ഥിതി പറയാതെവയ്യ. കൊച്ചിയിൽ ചേർന്ന കോർക്കമ്മിറ്റിയോഗത്തിന് കേരള രാഷ്ട്രീയത്തേക്കാൾ, ഉൾപ്പാർട്ടി പ്രശ്നം ചർച്ചചെയ്യേണ്ട ഗതികേടാണുണ്ടായത്. തഴച്ചുവളരുമെന്ന് പ്രത്യാശിച്ച് പലവിധ വർഗീയവിഷയങ്ങളെ വളമാക്കി ഉപയോഗിച്ചിട്ടും തളിരിടുന്ന ഇലയിലെ പുഴവായി കേന്ദ്രമന്ത്രി വി മുരളീധരന്റെ വാക്കുകൾ മാറുകയാണ്. അണുനാശിനിപ്രയോഗം എങ്ങിനെയെന്നായിരുന്നു കൊച്ചിയിലെ യോഗത്തിന്റെ മുഖ്യഅജണ്ട.

സംസ്ഥാനത്തെ കോവി‍ഡ‍് പ്രതിരോധപ്രവർത്തനങ്ങളെ സ്വന്തം മന്ത്രാലയം പോലും പ്രശംസിച്ചിട്ടും സഹമന്ത്രി അത് അംഗീകരിച്ചില്ലെന്നുമാത്രമല്ല, കേരള സർക്കാരിനെതിരെ ആവർത്തിച്ച് ദുഷിപ്പ് പറയുകയാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നവിധം പ്രസ്താവനകൾ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി മുരളീധരൻ ശ്രമിച്ചതെന്ന് ബിജെപി നേതാക്കൾത്തന്നെ വിലയിരുത്തുകയാണിവിടെ. എല്ലാ വിഷയത്തിലും കേരള സർക്കാരിനെ കാടടച്ച് വിമർശിക്കുന്ന മുരളീധരൻ, ബിജെപിയെ ജനവിരുദ്ധമാക്കുകയാണെന്നാണ് പാർട്ടിക്കുള്ളിലെ ആരോപണം.

പോരാത്തതിന് അസ്സലൊരു അഴിമതിക്കേസും കേന്ദ്രസഹമന്ത്രിയെ വട്ടമിട്ട് പറക്കുന്നുണ്ട്. ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ഉൾപ്പെട്ടയാൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകനാണ്. ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്ന വിമർശനവും യോഗത്തിൽ ഉയർന്നുവത്രെ. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ കോൺഗ്രസ് ബന്ധമുള്ളവരും പാർട്ടി ബന്ധമില്ലാത്തവരും ഉണ്ട്.

പാർട്ടി നേതാക്കൾക്ക് ആവശ്യമായ കാര്യങ്ങളൊന്നും കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ ചെയ്യുന്നില്ല. പ്രവർത്തകരെയാകെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് മന്ത്രിയിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും ഉണ്ടാവുന്നതെന്ന് പി കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ ആരോപിച്ചിരിക്കുന്നു. ബിജെപിയുടെയും സംഘത്തിന്റെയും പ്രവർത്തകരെപോലും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതിൽ മുരളീധരന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും നടത്തിയില്ല.

you may also like this video;

ഇക്കാര്യവും കൃഷ്ണദാസ് പക്ഷം കോർക്കമ്മിറ്റിയിൽ തുറന്നടിച്ചു. അക്ഷരാർത്ഥത്തിൽ മുരളീധരൻ കേരളത്തിനുമാത്രമല്ല, കേരളത്തിലെ ബിജെപിക്കും ഒരു ബാധ്യതയാവുമെന്നാണ് കൊച്ചി യോഗത്തിൽ നിന്നും പുറംതള്ളിയ സൂചന.

യോഗത്തിലെ പ്രധാനകഥാപാത്രമായിരുന്ന വി മുരളീധരൻ വീഡിയോ കോൺഫറൻസ് വഴി തലകാണിച്ചിട്ടും പിടിച്ചുനിൽക്കാനായില്ല. കേന്ദ്രമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കഴമ്പില്ലെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലുണ്ടായിട്ടും ആരും വിലവച്ചില്ല. കോർക്കമ്മിറ്റി തീർന്നതോടെ യോഗത്തിന് പുറത്ത് ബിജെപി സംവിധാനത്തിലാകെ തണുത്തുനിന്നിരുന്ന വിഭാഗീയത സടകുടഞ്ഞെഴുന്നേൽക്കുകയാണ്.

ഇത് ഇവിടത്തെ കാര്യം. ഇവിടെ മാത്രമല്ല, അങ്ങ് തലസ്ഥാനത്തുമുണ്ട് ബിജെപിക്ക് ആവശ്യത്തിന് തലവേദന. മണിപ്പൂരിലെ പ്രതിസന്ധി എങ്ങനെ തീർക്കുമെന്ന് തലപുണ്ണാക്കിയിരിക്കുമ്പോഴാണ് കേരളത്തിലെ കോർക്കമ്മിറ്റി വിശേഷം. അതിലേക്ക് തലയിടും മുൻപേ എത്തിയിരിക്കുന്നു, നാഗാലാൻഡിലെ പൊല്ലാപ്പ്. അതും തന്റെ തന്നെ നിലനിൽപ്പ് മലവെള്ളത്തിലെന്നപോലെ നിൽക്കുന്ന ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് നാഗലാൻഡിൽ നിന്ന് തുരുതുരാ കത്തുകൾ വരികയാണ്. അവിടത്തെ പത്ത് ജില്ലാ ബിജെപി അധ്യക്ഷൻമാരുടെ കുറിപ്പടികൾ നഡ്ഡയ്ക്കുമാത്രമല്ല, ദേശീയ നേതൃത്വത്തിനാകെ വന്നിരിക്കുന്നു. ബിജെപിയുടെ മണിപ്പൂർ സംസ്ഥാന അധ്യക്ഷനായ തെംജെൻ ഇമ്നയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ജില്ലാ പ്രസിഡന്റുമാരുടെ മുറവിളി.

തെംജെൻ ഏകാധിപതിയെന്നാണ് പരാതിയിൽ എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത്. ആരോട്, നരേന്ദ്രമോഡിയോടും അമിത്ഷായോടും… സംസ്ഥാന പ്രസിഡന്റിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരാൾക്ക് ഒരു പദവി എന്ന നയം മറ്റ് സംസ്ഥാനങ്ങളിലേത് പോലെ നാഗാലാൻഡിലും നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുകയാണ്. കാരണം തെംജെൻ നാഗലാൻഡ് മന്ത്രിസഭയിലെ അംഗം കൂടിയാണ്. കേന്ദ്ര ആഭ്യന്ത്രമന്ത്രി പദവിയും ദേശീയ അധ്യക്ഷസ്ഥാനവും ഒരേസമയം കൊണ്ടുനടക്കുകയും ഇപ്പോൾ നഡ്ഡയെ വെറും റബ്ബർ സ്റ്റാമ്പാക്കി പാർട്ടി ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന അമിത്ഷാ, മണിപ്പൂരിലെ ജില്ലാ പ്രസിഡന്റുമാരുടെ കത്തിന് എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയണം.

ഈ കോലാഹലങ്ങളെല്ലാം നടക്കുമ്പോൾ ബിജെപി ആകെ ആശ്വാസത്തോടെ പറയുന്നത് ഗുജറാത്തിൽ അഞ്ച് കോൺഗ്രസ് മുൻ എംഎൽഎമാർ ഒപ്പം ചേർന്നുവെന്നാണ്. കോൺഗ്രസ് പോലും എടുക്കാച്ചരക്കാക്കി ഉപേക്ഷിച്ച ജിത്തു ചൗധരിയും പ്രദ്യുമ്ന സിങ് ജഡേജയും ജെ വി കക്കാദിയയും അക്ഷയ് പട്ടേലും ബ്രിജേഷ് മെർജയും ബിജെപിക്കൊപ്പം ചേർന്നതിന് പിന്നിൽ വ്യാവസായിക‑വാണിജ്യ താല്പര്യങ്ങളെന്നാണ് ഗുജറാത്തിലെ വർത്തമാനം. ഇതുപക്ഷെ കോൺഗ്രസിന് ന്യായം നിരത്തി ഒഴിയാവുന്ന കൊഴിഞ്ഞുപോക്കുമല്ല.

you may also like this video;