Thursday
14 Nov 2019

ബിജെപിയില്‍ പോര് മുറുകി; എന്‍ഡിഎയിലും പ്രതിസന്ധി

By: Web Desk | Tuesday 8 October 2019 10:09 PM IST


ബേബി ആലുവ

കൊച്ചി: അനുദിനമെന്നോണം ശക്തിപ്പെടുന്ന ഗ്രൂപ്പ് പോരും എന്‍ ഡി എ ഘടകകക്ഷിയായ ബിഡിജെഎസിന്റെ നിലപാടുകളിലെ അവ്യക്തതയും ബിജെപി സംസ്ഥാന ഘടകത്തെ കലുഷിതമാക്കുന്നു. പ്രശ്‌ന പരിഹാരത്തിന് ബിജെപി ആര്‍എസ്എസ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടിട്ടില്ല.

മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം ബി ജെ പി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരും പാരവയ്പും ബി ജെ പി ആര്‍ എസ് എസ് സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള അനൈക്യവും ശക്തിപ്പെട്ടു വരുന്നത് ദേശീയ നേതൃത്വത്തിനു തലവേദനയായി മാറുകയാണ്. മുരളീധര കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മിലുള്ള പോര് പരസ്യ വിഴുപ്പലക്കലായി മാറിയിട്ടുണ്ട്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജന. സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍ എസ് എസുകാരനായ ബി എല്‍ സന്തോഷ് അടുത്തിടെ അവരോധിക്കപ്പെട്ടത് മുരളീധരപക്ഷത്തിന് ആഹ്‌ളാദത്തിനും കൃഷ്ണദാസ് വിഭാഗത്തിന് കടുത്ത നിരാശയ്ക്കും വഴിവച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പാകുമ്പോള്‍ മുരളീധരപക്ഷത്തെ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ്പദത്തില്‍ പ്രതിഷ്ഠിക്കാന്‍ ബി എല്‍ സന്തോഷ് ചരടുവലി നടത്തുമെന്ന് കൃഷണ ദാസിനെ അനുകൂലിക്കുന്നവര്‍ ഭയപ്പെടുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായിരിക്കെ, കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി മിസോറാം ഗവര്‍ണ്ണറാക്കി നാട് കടത്തി കെ സുരേന്ദ്രനെ പ്രസിഡന്റായി വാഴിക്കാന്‍ ബി എല്‍ സന്തോഷ് നടത്തിയ തന്ത്രങ്ങളെ കൃഷ്ണദാസ് പക്ഷം നിശിതമായി വിമര്‍ശിച്ചിരുന്നു. എല്ലാ അതിരുകളും കടന്ന ആ വിമര്‍ശനം പുതിയ സാഹചര്യത്തില്‍ പാരയാകുമോ എന്ന ആശങ്ക കൃഷ്ണദാസ് അനുകൂലികള്‍ക്കുണ്ട്.

ഏത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും നേരത്തേ നല്‍കിയ ഉറപ്പുകളുടെ പേരില്‍ അലോസരമുണ്ടാക്കുന്നത് ബി ഡി ജെ എസിന്റെ പതിവ് പരിപാടിയാകയാല്‍ ഇക്കുറി അത് അവഗണിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതിന്റെ പ്രത്യക്ഷമായ തെളിവായി എന്‍ ഡി എ യില്‍ ആലോചിക്കുക പോലും ചെയ്യാതെയുള്ള അരൂരിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രഖ്യാപനം. വട്ടിയൂര്‍ക്കാവ്, കോന്നി, പാലാ, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ബിജെപിയും അരൂരില്‍ ബിഡി ജെ എസും എന്നായിരുന്നു മുന്നണിയിലെ മുന്‍ധാരണ. അരൂരില്‍ ബിഡി ജെ എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി മത്സരിക്കണമെന്ന നിര്‍ദ്ദേശവും ബി ജെ പി മുന്നോട്ടുവച്ചിരുന്നു. പതിവുപോലെ പഴയ ഉറപ്പുകള്‍ ഓര്‍മ്മിപ്പിച്ച് ബി ഡി ജെ എസ് പരിഭവിക്കുകയും ബി ജെ പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കുത്തിത്തിരിപ്പാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ആരോപിച്ച്, അരൂരിലേക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തതോടെ, ഇത് മുന്‍കൂട്ടി കണ്ടപോലെ അരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയാണുണ്ടായത്.

ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി തുഷാര്‍ ഡല്‍ഹിയില്‍ ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായെക്കണ്ട് പണ്ടത്തെ ഉറപ്പുകളുടെ കാര്യം ഓര്‍മ്മിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍, ബി ഡി ജെ എസിനുള്ള പഴയ ഉറപ്പുകള്‍ ആവര്‍ത്തിച്ച് ബി ജെ പി ദേശീയ നേതൃത്വവും, നടക്കാത്ത ഉറപ്പുകളുടെ പേരില്‍ മുന്നണി വിടാനും വീണ്ടും തുടരാനും വീണ്ടും വിടാനുമുള്ള വിവിധോദ്ദേശ്യ പ്രഖ്യാപനങ്ങളുയര്‍ത്തി ബി ഡി ജെ എസ് നേതൃത്വവും രംഗത്തെത്തുന്നത് പതിവ് നേരമ്പോക്കായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്‍ ഡി എ യില്‍ എത്ര കാലത്തേക്കെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലെന്ന് തുഷാര്‍ വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസവും വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വം കാട്ടി മോഹിപ്പിച്ച്, ഉറങ്ങിക്കിടന്ന കുമ്മനത്തെ വിളിച്ചുണര്‍ത്തി അപമാനിച്ചതാണ് ബിജെപിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ഇതിനു പിന്നില്‍ കരുക്കള്‍ നീക്കിയ പ്രധാനിയായി ആര്‍ എസ് എസ് സംസ്ഥാന നേതൃത്വമടക്കം, മുന്നനുഭവത്തിന്റെ വെളിച്ചത്തില്‍ വിരല്‍ ചൂണ്ടുന്നത് ബി ജെ പിയുടെ പുതിയ ദേശീയ സംഘടനാ ജന. സെക്രട്ടറിക്കു നേരെ തന്നെയാണ്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പുകിലാണ് മറ്റൊരു തലവേദന. ബി എല്‍ സന്തോഷ്, ആര്‍ എസ് എസ് ദേശീയ ജന. സെക്രട്ടറി ഭയ്യാജി ജോഷി എന്നിവര്‍ കേരളത്തിലെ സംഘടനയിലും മുന്നണിയിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ദൂതുമായി ഇറങ്ങിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

Related News