ജനാധിപത്യത്തെ തകര്‍ത്ത് കര്‍ണാടകത്തില്‍ ബിജെപി

Web Desk
Posted on July 08, 2019, 11:16 pm

പ്രത്യേക ലേഖകന്‍

ബംഗളുരു: കര്‍ണാടകത്തിലെ സാഹചര്യം മുതലെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബിജെപി രാഷ്ട്രീയ കച്ചവടം തകൃതിയാക്കി. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ഉറപ്പിക്കാന്‍ മന്ത്രിസഭയിലെ സ്വതന്ത്രാംഗം എച്ച് നാഗേഷിനെ ബിജെപി രാജിവയ്പ്പിച്ച് മുംബൈയിലേക്ക് മാറ്റി. രാത്രിയോടെ സഖ്യകക്ഷിയായ കെപിജെപി അംഗം ആര്‍ ശങ്കറും മന്ത്രിസ്ഥാനം രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആര്‍ ശങ്കറും മുംബൈയിലെ ബിജെപിക്ക് ക്യാമ്പിലേക്ക് തിരിച്ചു. ഇതോടെ ബിജെപിയുടെ അംഗബലം 107 ആയി.

കേവലഭൂരിപക്ഷം നഷ്ടമായ സഖ്യസര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുമാരസ്വാമി രാജിവച്ച് വീട്ടില്‍ പോകണമെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, കിട്ടിയ അവസരം മുതലാക്കാതിരിക്കാന്‍ തങ്ങള്‍ സന്ന്യാസിമാരല്ല എന്നും വ്യക്തമാക്കി.
രാജി പിന്‍വലിക്കില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എ എസ് ടി സോമശേഖരന്റെ പ്രസ്താവന വന്നതോടെ ഇവരെ കാണാനായി മന്ത്രി ഡി കെ ശിവകുമാര്‍ ഇന്നലെ മുംബൈയിലേയ്ക്ക് പുറപ്പെട്ടു. ഇതറിഞ്ഞ് മുംബൈയില്‍ നിന്ന് എംഎല്‍എമാരെ ഗോവയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപി. മുംബൈ സോഫിറ്റല്‍ ഹോട്ടലില്‍ ബിജെപിയുടെ തടങ്കലില്‍ കഴിയുന്ന എംഎല്‍എമാരുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള സാഹചര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇനിയും സാധ്യമായിട്ടില്ല. ഇവിടെ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ കാവലാണിപ്പോഴും. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഹോട്ടലില്‍ തങ്ങുന്നത്. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എയായ രോഷന്‍ ബെയ്ഗും ഇന്നലെ രാജി പ്രഖ്യാപിച്ചു. ‘നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ രാജി വയ്ക്കുകയാണ്’ എന്നായിരുന്നു രോഷന്റെ പ്രഖ്യാപനം.

അതേസമയം ഹോട്ടലില്‍ കഴിയുന്ന സഖ്യ എംഎല്‍എമാരെ തിരിച്ചുവിളിച്ച് മന്ത്രിമാരാക്കി ഭരണം നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. 14 വിമതര്‍ക്കായി 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയൊഴികെ 10 ജെഡിഎസ് മന്ത്രിമാരും പിന്നാലെ രാജി പ്രഖ്യാപിച്ചു. ഒരു വര്‍ഷവും ഒരു മാസവും മാത്രം ആയുസുള്ളതാണ് കര്‍ണാടക സര്‍ക്കാര്‍. അപ്രതീക്ഷിതമായുണ്ടായ എച്ച് നാഗേഷിന്റെ രാജിയാണ് ഇരുപാര്‍ട്ടികള്‍ക്കും ഇരുട്ടടിയായത്. മുള്‍ബാഗല്‍ നിയമസഭാ മണ്ഡലം എംഎല്‍എയായ എച്ച് നാഗേഷ്, സര്‍ക്കാര്‍ രൂപീകരണസമയത്ത് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചതോടെ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിര്‍ത്തുകയായിരുന്നു. യെദ്യൂരപ്പയുടെ പഴ്‌സണല്‍ അസിസ്റ്റന്റും കൂട്ടാളികളും ചേര്‍ന്ന് എച്ച് നാഗേഷിനെ തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി മന്ത്രി ഡി കെ ശിവകുമാര്‍ ആരോപിച്ചിട്ടുണ്ട്. അതിനിടെ, ബിജെപിയെ ഭയന്ന് ശേഷിക്കുന്ന ജെഡിഎസ് എംഎല്‍എമാരെ കൂര്‍ഗിലെ പാഡിംഗ്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.