ബിജെപി പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്നു: ഇടതുപാർട്ടികൾ

Web Desk

ന്യൂഡൽഹി:

Posted on September 21, 2020, 9:32 pm

കാർഷിക മേഖലയെ പണയം വയ്ക്കുന്ന നിയമനിർമ്മാണം അടിച്ചേല്പിക്കുന്നതിനായി പാർലമന്റ് നടപടിക്രമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയ ബിജെപി സർക്കാരിന്റെ നടപടിയിൽ ഇടതുപാർട്ടികൾ പ്രതിഷേധിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ തകർച്ച ഫാസിസ്റ്റ് ലക്ഷണമാണ് സൂചിപ്പിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ എംഎൽ (ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർഎസ്പി ജനറൾ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങളെ സസ്പെൻഡ് ചെയ്താൽ പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് ബിജെപി കരുതുന്നുവെങ്കിൽ അത് സാധ്യമാവില്ല. ഇന്ത്യൻ പാർലമെന്റിനെയും ഭരണഘടനയെയും മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെയും സംരക്ഷിക്കാൻ ഇടതുപാർട്ടികൾ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാ റിപ്പബ്ലിക്കിനെതിരായ കടന്നാക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താൻ ജനങ്ങൾ സന്നദ്ധമാകണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

ഈ നിയമനിർമ്മാണം ഇന്ത്യൻ കാർഷികമേഖലയെയും കർഷകരെയും തകർക്കുന്നതാണ്. കാർഷിക വ്യവസായ കോർപ്പറേറ്റുകൾക്ക് മേഖലയെയാകെ കൈമാറുന്നത് കർഷകർക്കുള്ള കുറഞ്ഞ താങ്ങുവില രീതി ഇല്ലാതാക്കും. പൊതു വിതരണ സംവിധാനമാകെ തകരാനും മനസാക്ഷിയില്ലാത്ത വ്യാപാരികളെയും കോർപ്പറേറ്റ് ഭീമന്മാരെയും പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കുന്നതിനും ഭക്ഷ്യ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷ അപകടപ്പെടുന്നതിനും ഇടയാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിൽ സെപ്റ്റംബർ 25 ന് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ അണിനിരക്കാനും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിനും എല്ലാ ഘടകങ്ങളോടും നേതാക്കൾ അഭ്യർത്ഥിച്ചു.

ENGLISH SUMMARY: bjp destroys democ­ra­cy says left par­ties

YOU MAY ALSO LIKE THIS VIDEO