ആർ ഗോപകുമാർ

December 07, 2019, 10:09 pm

ബിജെപിക്ക് കേരളത്തിൽ സംഘടനാ പ്രവർത്തനം ഇല്ല; കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Janayugom Online

കൊച്ചി: കേരളത്തിൽ സംഘടനാ പ്രവർത്തനം ഇല്ലെന്നും താൻപോരിമ കാട്ടുന്ന നേതാക്കൾ ഒരുമിച്ചുനിന്നു ഈ മാസം 15നകം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തണമെന്നും ദേശീയ നേതൃത്വം. ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ദേശീയ നേതാക്കൾ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർഎസ്എസ് നേതൃത്വവുമായും ചർച്ച നടത്തും. 30‑ന് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ 15-നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകൾക്കു പകരം ആദ്യം കോർ കമ്മിറ്റിയിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

തുടർന്ന് ആർഎസ്എസ് നേതാക്കളെ കാണും. പാർട്ടിയധ്യക്ഷനെ നിശ്ചയിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാൻ നേതൃത്വം ആഗ്രഹിക്കുന്നില്ല. കേരളത്തിലെ പാർട്ടിപ്രവർത്തനം ഇപ്പോൾ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിനു കിട്ടിയ റിപ്പോർട്ട്. കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാർട്ടിയെ നയിക്കാൻ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നിൽ. പണാധിപത്യം പാർട്ടിയെ പൊതുസമൂഹത്തിൽ അപഹാസ്യമാക്കിയെന്ന ആരോപണം കേന്ദ്രനേതൃത്വം ശരിവെയ്ക്കുന്നു. പല കേന്ദ്ര പദ്ധതികളുടെ പേരിൽ സംസ്ഥാനത്തെ നേതാക്കൾ പണ പിരിവ് നടത്തുന്നതായി ലഭിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കേന്ദ്ര നേതൃത്വം സമ്മതിക്കുന്നു. അധികാരം ഇല്ലെങ്കിലും ധനസമ്പാദനത്തിന് വഴികൾ തുറന്നിടുന്ന നേതാക്കളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു ഗവർണർ ആയി നിയമിതനായ ശ്രീധരൻപിള്ള വിശദമായ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രി വി മുരളീധരനും മുൻ പ്രസിഡന്റ് പി കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം ടി രമേശും. ഇവരെക്കൂടാതെ, ജനറൽ സെക്രട്ടറിമാരായ എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും രംഗത്തുണ്ട്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്നില്ലെങ്കിൽ നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകൾ നേതാക്കൾ നൽകുന്നു. ഏതു നേതാവിനെ പ്രസിഡന്റാക്കണമെങ്കിലും ആർ എസ് എസിന്റെ പച്ചക്കൊടി ആവശ്യമാണ്. ആർഎസ്എസ് ആകട്ടെ കുമ്മനം രാജശേഖരനടക്കുള്ളവരുടെ പേരാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കുമ്മനം സ്വയംപ്രഖ്യാപിത പ്രസിഡന്റ് ആയി നടിക്കുന്നുവെന്ന് ഒരു വിഭാഗം പരാതി ഉന്നയിച്ചിട്ടുണ്ട്.