കെ രംഗനാഥ്

തിരുവനന്തപുരം:

November 18, 2020, 10:43 pm

അങ്കത്തട്ടില്‍ ശിഥില ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി
Janayugom Online

കെ രംഗനാഥ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് ആ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി അങ്കത്തട്ടിലുണ്ടായിരുന്ന ബിജെപി ഇത്തവണ ശിഥിലാവസ്ഥയിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊരുതാന്‍ പോലുമാകാത്ത സ്ഥിതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഇടതുവലതു മുന്നണികളോടല്ല വിഭാഗീയ ചുഴലിയിലായ പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നത് .

അണികളും നേതൃത്വവും നെടുകേ പിളര്‍ന്ന് പരസ്പരമെന്ന കൗതുകവുമുണ്ട്. കേന്ദ്രമന്ത്രി കെ മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പിനെതിരെ സംസ്ഥാന നേതൃത്വത്തിലെ മഹാഭൂരിപക്ഷം വരുന്ന നേതാക്കള്‍ ചമച്ച പ്രതിരോധനിര കടുത്ത നിലപാടുകളിലേക്കു നീങ്ങിയതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വിഷയം അട്ടത്തുവച്ചപോലെയായി. പാര്‍ട്ടിയുടെ സംഘടനാസമിതിയായ കോര്‍കമ്മിറ്റിയുടെ യോഗം ഇരുപത്തഞ്ചോളം നേതാക്കള്‍ ബഹിഷ്കരിച്ചതും സംസ്ഥാന ബിജെപിയുടെ സംഘടനാ ചരിത്രത്തില്‍ ഇതാദ്യത്തേതായി, പി കെ കൃഷ്ണദാസ് നയിക്കുന്ന മുരളീധരന്‍-സുരേന്ദ്ര പക്ഷത്തിനെതിരായ പോരില്‍ കുമ്മനം രാജശേഖരന്‍, എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, പി പി മുകുന്ദന്‍, എം എസ് കുമാര്‍, എം ടി രമേശ് തുടങ്ങിയവരുടെ ഒരു നീണ്ടനിര തന്നെയുണ്ട്.

താരതമ്യേന നിഷ്പക്ഷനായിരുന്ന ഒ രാജഗോപാലും ഈ പക്ഷത്തേക്ക് ചേര്‍ന്നതും ശ്രദ്ധേയമായി. ദേശീയ നിര്‍വാഹകസമിതി അംഗമായ ശോഭാ സുരേന്ദ്രനാകട്ടെ ഔദ്യോഗികപക്ഷത്തിനെതിരായ ആക്രമണം കടുപ്പിക്കുന്നതിനിടെ പാര്‍ട്ടി വിടുമെന്ന സൂചനകളുമുണ്ട്. സാധാരണഗതിയില്‍ ഇത്തരം ഗുരുതരമായ സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ സമവായ നീക്കങ്ങളാണുണ്ടാവുന്നതെങ്കിലും മുറുവില്‍ മുളകരച്ചുപുരട്ടാനാണ് മുരളീധരന്‍-സുരേന്ദ്രന്‍ അച്ചുതണ്ട് ശ്രമിക്കുന്നത്. ഇതും പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കുന്നു. കേന്ദ്ര നേതൃത്വത്തില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് എതിര്‍ചേരിയിലെ നേതാക്കളെ അരിഞ്ഞുവീഴ്ത്താന്‍ മുരളീധരന്‍ നടത്തിയ ഫലംകണ്ട നീക്കങ്ങളും ഒരു കൂട്ടയടിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളില്‍ ആന്ധ്രയുടെ ചുമതലക്കാരനായ പി കെ കൃഷ്ണദാസിനെ കേന്ദ്ര നേതൃത്വത്തെക്കൊണ്ട് മുരളീധരന്‍ വെട്ടിനിരത്തിയതാണ് ഏറ്റവും പുതിയ പ്രകോപനം. അതേസമയം കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ തെലങ്കാനയുടെ ചുമതല കൃഷ്ണദാസിനെ ഒഴിവാക്കിയതോടെ ഏറ്റെടുക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തില്‍ മുരളീധരനെതിരെ ഒപ്പിയാന്‍ പ്രസ്ഥാനം തുടങ്ങിയതും സംഗതികള്‍ വഷളാക്കി. നേതാക്കള്‍ ഗ്രൂപ്പുകളിയിലും തമ്മിലടിയിലും വ്യാപൃതരാകുന്നതിന്റെ പ്രത്യാഘാതം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വ്യാപകമായി ദൃശ്യമായി. സുരേന്ദ്രന്‍ പക്ഷത്തിന്റെയും കൃഷ്ണദാസ് പക്ഷത്തിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി കാലുവാരാനുള്ള തന്ത്രം സംസ്ഥാനത്തുടനീളം നടപ്പാക്കിക്കഴിഞ്ഞു. ബിജെപിക്ക് ഓരോ സീറ്റിലും മിക്കവാറും രണ്ടു സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഏറ്റവും വലിയ ഉദാഹരണം തൃശൂര്‍ കോര്‍പ്പറേഷനിലാണ്. സംസ്ഥാന നേതാവും ബിജെപി വക്താവുമായ ബി ഗോപാലകൃഷ്ണനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. ഔദ്യോഗിക പക്ഷ വിരുദ്ധരിലെ പ്രമുഖനായ എ എന്‍ രാധാകൃഷ്ണനാണ് ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ സുരേന്ദ്രന്‍-മുരളിപക്ഷം സിറ്റിംഗ് അംഗമായ വനിതാ നേതാവിനെ റിബലായി രംഗത്തിറക്കി. താന്‍ മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപനവും നടത്തി. ചേരിപ്പോരുകള്‍ക്കിടയിലെ റിബല്‍ വേലയേറ്റങ്ങള്‍ക്ക് ഇതെല്ലാം ഉദാഹരണമായി.

ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുന്ന സീറ്റുകളും സംസ്ഥാനത്ത് അത്യപൂര്‍വമായി. പാര്‍ട്ടി വിട്ട് സ്വതന്ത്രരായോ മറ്റു കക്ഷികളുടെ സ്ഥാനാര്‍ത്ഥികളായോ മത്സരിക്കുന്നവരുടെ ഒരു പട തന്നെയുണ്ട്. 1300ല്‍പരം വിമത സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ രംഗത്തുണ്ടെന്നും ഇവരെല്ലാം കൃഷ്ണദാസ് പക്ഷം പോരിനിറക്കിയ കോടാലികളാണെന്നും ഔദ്യോഗികപക്ഷം കണക്കെടുപ്പും നടത്തുന്നു. ഈ അതീവഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം പകുതിയോളമായി ഇടിയുമെന്ന് ഇരു വിഭാഗങ്ങളുമായി ബന്ധപ്പെട്ട നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. അതിലേറിയായിരിക്കും ബിജെപിയുടെ മാരകമായ പതനത്തിന് പിളര്‍പ്പോളമെത്തുന്ന ഭിന്നത കാരണമാകുന്നതെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഏറെയാണ്. ചുരുക്കത്തില്‍ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ദുരന്തത്തിന് അരങ്ങുണര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നും അവര്‍ പ്രവചിക്കുന്നു.

ENGLISH SUMMARY: BJP ELECTION FAILURE REPORTS

YOU MAY ALSO LIKE THIS VIDEO