23 April 2024, Tuesday

Related news

April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024

ബിജെപി തെരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട്; തോല്പിച്ചത് സുരേന്ദ്രന്‍

കെ കെ ജയേഷ്
കോഴിക്കോട്:
September 4, 2021 10:26 pm

കെ സുരേന്ദ്രന്റെ അനവസരത്തിലുള്ള പ്രസ്താവനകളും രണ്ടിടത്ത് മത്സരിച്ചതും വന്‍തിരിച്ചടിയായെന്നും ദയനീയപരാജയത്തിന് കാരണമായെന്നും തോൽവി പഠിച്ച ബിജെപി തെരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട്. 35 സീറ്റു കിട്ടിയാൽ ബിജെപി സംസ്ഥാനം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ബിജെപി-കോൺഗ്രസ് ധാരണ ഉണ്ടെന്ന പ്രതീതി ജനങ്ങളിൽ ഉണ്ടാക്കുകയും ന്യൂനപക്ഷങ്ങളെ ഉൾപ്പെടെ ആശങ്കയിലാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മഞ്ചേശ്വരത്ത് വിജയസാധ്യതയുണ്ടായിരുന്നുവെങ്കിലും രണ്ടിടത്ത് മത്സരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം അതിന് തിരിച്ചടിയായി. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാതെ മുന്നോട്ടുപോവുന്ന പാർട്ടി രീതിയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉള്ള റിപ്പോർട്ടിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപിയുടെ പ്രവർത്തനം മാറണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, അഡ്വ. പി സുധീർ, വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് സമർപ്പിച്ചത്.
അതേസമയം സംസ്ഥാന പ്രസിഡന്റിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ നടപടിയിൽ കെ സുരേന്ദ്രൻ വിഭാഗം കടുത്ത അമർഷം രേഖപ്പെടുത്തിയെന്നും വിവരമുണ്ട്. വലിയ അതൃപ്തിയാണ് വി മുരളീധരൻ‑കെ സുരേന്ദ്രൻ വിഭാഗത്തിനുള്ളത്. എന്നാൽ സുരേന്ദ്രനെതിരെ ആക്ഷേപമൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.


ഇതുംകൂടി വായിക്കൂ:ദേശീയപതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍


പ്രാദേശിക തലത്തിലുള്ള നേതാക്കൾ തോൽവിയുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയങ്ങൾ മാത്രമാണ് ഉന്നയിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരെ യാതൊരു വിമർശനങ്ങളും ഉയർത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്റിനെതിരെ റിപ്പോർട്ട് തയ്യാറാക്കി പ്രസിഡന്റിന് സമർപ്പിക്കുമോ എന്ന് സുരേന്ദ്രൻ അനുകൂലിയായ ഒരു നേതാവ് പ്രതികരിച്ചു. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച സമിതികൾ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഓരോ മണ്ഡലത്തെക്കുറിച്ചും സംസ്ഥാന തലത്തിലെ നിലപാടുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. റിപ്പോർട്ട് സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതുംകൂടി വായിക്കൂ:ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ വാക്‌പോര്; കെ സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം


സമിതി അംഗമായ എം ടി രമേശിനെതിരെ കോഴിക്കോട് ജില്ലയിൽ നിന്ന് വലിയ വിമർശനം ഉയർന്നിരുന്നു. സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുപോലും അദ്ദേഹം തീരെ സജീവമായില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് രമേശിന്റെ നേതൃത്വത്തിൽ വലിയ വിഭാഗീയ പ്രവർത്തനങ്ങളാണ് നടന്നത്. കെ സുരേന്ദ്രനെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ പോലും നടത്തി. ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടും അതെല്ലാം മറച്ചുവെച്ച് കെ സുരേന്ദ്രനെതിരെയുള്ള പരാമർശങ്ങൾ മാത്രം പുറത്തുവിട്ടതിന് പിന്നിൽ എം ടി രമേശാണെന്ന സംശയമാണ് സുരേന്ദ്രൻ വിഭാഗം ഉയർത്തുന്നത്. ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. നേമം ഗുജറാത്ത് ആണെന്ന തരത്തിൽ കുമ്മനം ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങളും തിരിച്ചടിയായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ ശബരിമല വിഷയം മാത്രമാണ് പ്രചാരണ വിഷയമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അടുത്തയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്യും.

നേമം തോല്‍വിക്കു കാരണം രാജഗോപാല്‍

ഏക ബിജെപി സീറ്റായിരുന്ന നേമം മണ്ഡലം നഷ്ടപ്പെട്ടതിന് കാരണം മുൻ എംഎൽഎ ആയിരുന്ന ഒ രാജഗോപാലിന്റെ പരാജയം തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മണ്ഡലത്തിൽ ജനകീയനാവാൻ അദ്ദേഹത്തിന് സാധിച്ചില്ല. പാർട്ടി നേതൃത്വത്തിനെതിരെ ഒ രാജഗോപാൽ നടത്തിയ പരസ്യ പ്രസ്താവനകള്‍ പാർട്ടിക്ക് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

സഖ്യകക്ഷികള്‍ പ്രയോജനം ചെയ്തില്ല

സംസ്ഥാനത്ത് ഘടകകക്ഷികളെക്കൊണ്ട് ബിജെപിക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതിയുടെ റിപ്പോർട്ടിലുണ്ട്.
ബിഡിജെഎസ് എൻഡിഎയുടെ ഭാഗമായിരുന്നിട്ടുപോലും ഈഴവ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ല. രണ്ടു മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക തള്ളിയതും ദോഷം ചെയ്തു. 

eng­lish summary;BJP Elec­tion Review Com­mit­tee report against K Surendran
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.