ഫേസ്ബുക്കില്‍ ശുചീകരണം ; ബിജെപിയുടെ നഷ്ടമറിഞ്ഞാൽ ഞെട്ടും

Web Desk
Posted on April 02, 2019, 6:08 pm

ന്യൂഡല്‍ഹി : ഫേസ് ബുക്ക് ശുചീകരണത്തിൽ പണിവാങ്ങി ബിജെപിയും കോൺഗ്രസ്സും . വൻ തുകചിലവിട്ട് കുപ്രചാരണത്തിനായിതയ്യാറാക്കിയ വേദി നഷ്ടപ്പെട്ടത്‌  കനത്ത തിരിച്ചടിയായി.

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ്  ഫേസ്ബുക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വ്യാജ അക്കൗണ്ടുകൾ വഴിയാണ് ബിജെപിയും, കോൺഗ്രസ്സും  ആശയപ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ലക്ഷ്യമിട്ടിരുന്ന എഴുന്നൂറോളം പേജുകളും അക്കൗണ്ടുകളുമാണ് ഫേസ്ബുക്ക് നീക്കിയത്. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോണ്‍ഗ്രസിന്റെ 687 പേജുകള്‍ നീക്കം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഐടി സെല്ലിന്റെ പേജുകളായ ഇവ നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാല്‍, ഈ ശുചീകരണത്തില്‍ കോണ്‍ഗ്രസിനല്ല കൂടുതല്‍ നഷ്ടം  ബിജെപിക്കാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ബിജെപി അനുകൂല വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 15 പേജുകൾ  നീക്കം ചെയ്തിട്ടുണ്ടെന്നാണു ഫേസ്ബുക്ക് അറിയിക്കുന്നത്.

ഒഴിവാക്കിയ 687 കോണ്‍ഗ്രസ് അനുകൂല പേജുകളെ രണ്ടു ലക്ഷം പേര്‍ മാത്രമാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ബിജെപിയെ അനുകൂലിച്ചിരുന്ന ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് 26 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ഇതിനെ ഒറ്റടിക്ക് നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്ത നഷ്ടമായിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല പേജുകള്‍ 2014 മുതല്‍ ഏതാണ്ട് 27 ലക്ഷം രൂപ ഫേസ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചപ്പോള്‍ ബിജെപി അനുകൂല പേജുകള്‍ 50 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്. അതേസമയം, ഒഴിവാക്കിയ പേജുകളില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകള്‍ ഇല്ലെന്ന് ട്വിറ്ററിലൂടെ പാര്‍ട്ടി അറിയിച്ചു.

ഒരു ഐടി കമ്പനി അംഗീകാരമുള്ളതും വ്യാജവുമായ അക്കൗണ്ടുകള്‍ വഴി പ്രാദേശിക വാര്‍ത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഈ ഐടി കമ്പനിയെക്കുറിച്ച്‌ അറിയില്ലെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറയുന്നത്.

എന്നാല്‍ ഗുജറാത്തിലെ 17 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 46 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ആപ്പുകള്‍ തയാറാക്കുന്നതും ഈ ഐടി കമ്ബനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.