സമുദായത്തോണിയിൽ ബിജെപി

Web Desk
Posted on September 27, 2018, 8:37 pm

ആർ ഗോപകുമാർ

കൊച്ചി: സമുദായാംഗങ്ങളെ കൂടെ നിര്‍ത്താന്‍ ഏതറ്റം വരെ പോകാനും ബി ജെ പി സംസ്ഥാന നേതൃത്തത്തിനു അനുമതി. ഇത്തരം നീക്കങ്ങള്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പച്ചക്കൊടികാണിച്ചു. ബി ഡി ജെ എസിനു പദവി നല്‍കുന്നതില്‍ വന്ന കാലതാമസം പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ചെങ്ങന്നൂരില്‍ അവര്‍ ബി ജെ പിക്കൊപ്പമായിരുന്നു. സമുദായ പ്രീണനത്തിന് എന്തും ചെയ്യാന്‍ അനുമതി കിട്ടിയിട്ടുണ്ട് . ഇക്കാര്യം വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള തുറന്നു പറയുകയും ചെയ്തു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് വോട്ട് നേടാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് സമുദായ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഒരുങ്ങുന്നത്. സംസ്ഥാനത്തെ നാലു പ്രമുഖ സമുദായങ്ങളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യത്തെ സമുദായം ബിജെപിക്ക് അനുകൂല നിലപാടെടുത്തുവെന്നും ചര്‍ച്ച വിജയകരമായിരുന്നുവെന്നും ശ്രീധരന്‍പിള്ള സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി. കോട്ടയത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപി അംഗത്വമെടുത്തത് ചൂണ്ടിക്കാട്ടി കേരളത്തില്‍ പാര്‍ടി വന്‍മുന്നേറ്റം നടത്തുമെന്നും പ്രഖ്യാപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബഹുമാന്യരായ പലരും ബി ജെ പിക്കൊപ്പം ചേരും, കോട്ടയത്തുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയുണ്ടാകും. ശബരിമലയിലെ പുനര്‍നിര്‍മാണം, ബസ്ചാര്‍ജി ന്റെ വര്‍ധന എന്നിവയ്‌ക്കെതിരെ സമരം തുടങ്ങും.

പ്രളയത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പമ്പയില്‍ നടക്കുന്ന പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അട്ടി മറിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഒ രാജഗോപാലിനായിരിക്കും സമരതിന്റെ ചുമതല . ഇതുവഴി ശബരിമല വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാമെന്നും ബിജെപി കണക്കുകൂട്ടുന്നു. പ്രളയത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രളയം ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി സമരത്തിനിറങ്ങുമെന്ന രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത് ബിജെപിയുടെ രണ്ട്മുഖമുള്ള പ്രവര്‍ത്തനപദ്ധതിയാണ് പുറത്തുകൊണ്ടുവരുന്നത് .പുരോഗമന വാദികളെ അനുനയിപ്പിക്കാന്‍ പൊതുവേദിയില്‍ ഒന്നും രഹസ്യമായി അജണ്ട വേറെയും നടപ്പാക്കുകയാണ് പദ്ധതി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കറിച്ചോ സംസ്ഥാന കൗണ്‍സില്‍ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ചോ തീരുമാനമുണ്ടായില്ല. നേതൃത്വത്തിലെ സ്ഥിരം മുഖങ്ങളെ മാറ്റണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരണം നല്‍കണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യങ്ങളില്‍ നടപടിയുണ്ടായില്ല. പി എസ് ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കികൊണ്ടുള്ള കേന്ദ്ര തീരുമാനം അംഗീകരിച്ച് സമ്മേളനം പിരിയുകയായിരുന്നു. ഒ രാജഗോപാല്‍ എംഎല്‍എ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.