Web Desk

January 07, 2020, 6:37 pm

പെൺകെണിയൊരുക്കിയിട്ടും ബിജെപിക്ക് കിട്ടിയത് 52 ലക്ഷം മിസ്ഡ് കോളുകൾ

Janayugom Online

ന്യൂഡൽഹി: പെൺകെണിയുൾപ്പെടെയുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടും ബിജെപിയുടെ ഫോണിലേയ്ക്ക് ലഭിച്ചത് 52 ലക്ഷം കോളുകൾ മാത്രം. ബിജെപിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നടത്തിയ അഭിപ്രായ സർവേകളെല്ലാം പരാജയപ്പെട്ടപ്പോഴായിരുന്നു മിസ്ഡ് കോൾ തന്ത്രം ബിജെപി ആവിഷ്കരിച്ചത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നുവെങ്കിൽ ഒരു പ്രത്യേക നമ്പറിലേയ്ക്ക് മിസ് കോൾ നൽകുക എന്നായിരുന്നു ബിജെപിയുടെ ആഹ്വാനം. ഇതിന് പിന്നാലെ നിരവധി ട്വിറ്റർ അക്കൗണ്ടുകളിൽ ഇതേ നമ്പർ ഉപയോഗിച്ച് പെൺകെണി സൂത്രവും തൊഴിൽ വാഗ്ദാനവുമെല്ലാം പരീക്ഷിച്ചു. ഇത്തരത്തിലുള്ള നൂറുകണക്കിന് ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

എന്നിട്ടും തിങ്കളാഴ്ച വൈകിട്ട് വരെ 52 ലക്ഷം കോളുകളാണ് ലഭിച്ചത്. തന്ത്രത്തിന്റെ സൂത്രധാരനായ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ തന്നെയാണ് 52,70,000 മിസ് കോൾ ലഭിച്ച കാര്യം വെളിപ്പെടുത്തിയത്. ഞാനിപ്പോൾ ബോറടിച്ചിരിക്കുകയാണ് നമുക്ക് അൽപം സംസാരിക്കാം ഒരു മിസ് കോൾ തരൂ, തൊഴിലന്വേഷിക്കുകയാണോ ഈ നമ്പറിൽ വിളിക്കൂ എന്നിങ്ങനെ നിരവധി സന്ദേശങ്ങളാണ് ബിജെപിയുടെ നമ്പറിൽ വിളിക്കുന്നതിനുള്ള മിസ് കോളിനായി ട്വിറ്ററിൽ പ്രചരിച്ചത്.

നിരവധി മൊബൈൽ നമ്പറുകളിലേയ്ക്കും ഇതേ രീതിയിലുള്ള സന്ദേശങ്ങൾ നൽകി. എന്നിട്ടും 14 കോടിയിലധികം ഫോൺ കണക്ഷനുള്ള രാജ്യത്ത് 52 ലക്ഷം മിസ് കോളുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി നടത്തിയ ഭവന സന്ദർശനം പാളിയിരുന്നു. അമിത്ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കുപോലും ജനങ്ങളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: BJP gets 52 lakh missed calls.

you may also like this video;