Web Desk

ന്യൂഡൽഹി

January 31, 2020, 10:47 pm

ബിജെപി സർക്കാരിന്റെ 1000 കോടിയുടെ കംഭകോണം: അന്വേഷണത്തിന് ഉത്തരവ്

Janayugom Online

രമൺ സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന 1000 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് ഉൾപ്പടെയുള്ളവർ അഴിമതിയിൽ പങ്കാളികളാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഏഴ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ഇന്നലെ കോടതി ആവശ്യപ്പെട്ടത്.

സ്റ്റേറ്റ് റിസോഴ്സ് സെന്റർ (എസ്ആർസി), ഫിസിക്കൽ റീഹാബിലിറ്റേഷൻ സെന്റർ (പിആർആർസി) എന്നിങ്ങനെ കടലാസ് സ്ഥാപനങ്ങളുടെ പേരിൽ ആയിരത്തിലധികം കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. സെന്ററുകളുടെ പേരിൽ വ്യാജ ജീവനക്കാരുടെ വിലാസം കാണിച്ചാണ് കോടികളുടെ ഫണ്ട് തട്ടിയതെന്ന് ഹൈക്കോടതി നടത്തിയ പരിശോധനയിൽ കണ്ടെത്തി. വ്യാജ ജീവനക്കാരുടെ പേരുകളിൽ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയാണ് കൊള്ള നടത്തിയത്. വ്യാജ കേന്ദ്രങ്ങളുടെ പേരിൽ സംസ്ഥാനത്തെ രണ്ട് മുൻ ചീഫ് സെക്രട്ടറിമാർ പ്രതിമാസം 30 മുതൽ 40 ലക്ഷം രൂപവരെയാണ് ശമ്പള ഇനത്തിൽ മാത്രം വെട്ടിപ്പ് നടത്തിയത്.

അടുത്ത ഏഴ് ദിവസത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കണം. ആരോപണ വിധേയരായ 12 ഓഫീസർമാരുടെ പേരുകളും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയരാവർ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരായതിനാൽ കേസിന്റെ അന്വേഷണം തടസപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ഉണ്ടായാൽ കോടതിയെ അറിയിക്കണം.

അതിനിടെ തങ്ങൾക്കെതിരെ നൽകിയിട്ടുള്ള പരാതികളിൽ മേലുള്ള നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറിമാരായ എസ് കെ റൗട്ട്, എം കെ ശ്രതി എന്നിവർ ഇന്നലെ ഹൈക്കോടതിയിലെത്തി. എന്നാൽ ഇരുവരുടേയും ആവശ്യങ്ങൾ തള്ളിയാണ് സിബിഐ അന്വേഷണത്തിന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പാർഥ് പ്രതീം സാഹു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കോടതി ഉത്തരവ്. താൻ ഉൾപ്പടെയുള്ളവരെ എസ്‍ആർസി ജിവനക്കാരായി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഹർജിക്കരനായ ഠാക്കൂർ കോടതിയെ അറിയിച്ചു. അംഗപരിമിതരായ ആളുകളുടെ പുനരധിവാസമെന്ന പേരിൽ പിആർആർസി രൂപീകരിച്ചും കോടികളുടെ തട്ടിപ്പ് നടത്തിയെന്നും പരാതിയിലുണ്ട്.

കേസിലെ മുഖ്യപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ബിഎൽ അഗർവാളിനെ 250 കോടി രൂപയുടെ അഴിമതി കേസിൽ പുറത്താക്കിയിരുന്നു. പിന്നീട് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടി. മറ്റൊരു അഴിമതി കേസിൽ പ്രതിയും ഇപ്പോൾ ആരോപണം നേരിടുന്നതുമായ അലോക് ശുക്ള അഞ്ച് വർഷത്തെ സസ്പെൻഷന് ശേഷം വിദ്യാഭ്യാസ സെക്രട്ടറിയായി ഇപ്പോൾ സർവീസിൽ തിരിച്ചെത്തി. ഇപ്പോഴത്തെ കേസിൽ ആരോപണം നേരിടുന്ന രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ തുടരുന്നുണ്ട്. ധന്ദ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനായി പ്രവർത്തിക്കുന്നു. എസ് കെ റൗട്ട് മുഖ്യവിവരാവകാശ കമ്മിഷണറായി തുടരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ സുനിൽ കുജുർ തെരഞ്ഞെടുപ്പ് ട്രിബ്യൂണൽ ചെയർമാനാണ്. നേരത്തെ സുനിൽ കുജൂർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഫസ്റ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇപ്പോൾ ഉയർന്നിട്ടുള്ള ആയിരം കോടി രൂപയുടെ അഴിമതി ബിജെപിക്കും മുൻ മുഖ്യമന്ത്രി രമൺ സിങ്നും വലിയ തലവേദനയാകും സൃഷ്ടിക്കുന്നത്.