Web Desk

July 31, 2020, 4:00 am

രാജസ്ഥാനിൽ ബിജെപിക്ക് ഗവർണറുടെ വക; കുതിരക്കച്ചവടത്തിനുള്ള 21 ദിവസം

Janayugom Online

നിയമസഭ വിളിച്ചുചേർക്കുന്നതിന് 21 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന രാജസ്ഥാൻ ഗവർണറുടെ ശാഠ്യം രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ശക്തിയില്ലാത്തവന്റെ ശക്തിയാണ് നിയമം-ഇതാണ് ഏതൊരു രാജ്യത്തിന്റെയും നിയമവാഴ്ച്ചയുടെ ആധാരമെന്ന ബെട്രാൻഡ് റസ്സലിന്റെ വാക്കുകളെ മോഡി സർക്കാരും അവർ നാമനിർദ്ദേശം ചെയ്യുന്ന ഗവർണർമാരും ഒരിക്കൽപോലും ചിന്തിച്ചിട്ടില്ല അല്ലെങ്കിൽ ഇക്കാര്യങ്ങളിൽ അ‍ജ്ഞരാണെന്നാണ് മഹാരാഷ്ട്ര, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്.

ഒരു സംസ്ഥാനത്തെ ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി തെരഞ്ഞെടുത്ത ഒരു സർക്കാരിനെതിരെ ഭരണാഘടനാ വിരുദ്ധമായി നിലകൊള്ളുകയെന്ന ഗവർണർമാരുടെ നിലപാടുകൾ യഥാർത്ഥത്തിൽ ശക്തിയില്ലാത്തവന്റെ ശക്തിയെ ചോദ്യം ചെയ്യുന്നതിന് സമാനമാണ്. ഒരു പക്ഷേ ഫ്രാൻസിലെ കുപ്രസിദ്ധരായ ലൂയി ചക്രവർത്തിമാരുടെ വിവരക്കേടിനെയാകും ഇത് ഓർമ്മിപ്പിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധിയിലായ ഒരു സർക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ ഒത്താശകളുമാണ് ബിജെപിക്കായി രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ചെയ്യുന്നത്. 21 ദിവസം മുൻകൂറായി നോട്ടീസ് നൽകണമെന്ന ഗവർണറുടെ ആവശ്യം ഗവർണർ സ്ഥാനം നൽകിയതിനുള്ള ഉപഹാരം ബിജെപിക്ക് വെള്ളിത്താലത്തിലാക്കി വച്ചുനീട്ടുകയാണ് കൽരാജ് മിശ്ര. രാജസ്ഥാനിലെ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് സമയം നൽകുന്നു. രാഷ്ട്രീയ കുശാഗ്രബുദ്ധിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും 21 ദിവസം കുതിരക്കച്ചവടത്തിന് മതിയാവോളമാണ്. ഭുരിപക്ഷമുള്ള ഒരു സർക്കാരിന് നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് വേറെ നിയമ തടസങ്ങളില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിസഭയുടേയും ശുപാർശകൾ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനുമാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭുരിപക്ഷമുള്ള ഒരു സർക്കാരിനെ പിരിച്ചുവിടണമെന്ന ശുപാർശയും ഗവർണർ അംഗീകരിക്കണമെന്ന് അരുണാചൽപ്രദേശ് നിയമസഭയുമായി ബന്ധപ്പെട്ട ഒരു കേസിൽ 2016ൽ സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ച് വിവക്ഷിച്ചിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമാണ് ഗവർണർമാർ വിവേചനാധികാരം ഉപയോഗിക്കുന്നത്. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അടിയന്തരമായി നിയമസഭ വിളിച്ചുകൂട്ടുന്നതിന് ശുപാർശ ചെയ്താൽ ഗവർണർ അത് അംഗീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നിന്നും വ്യക്തമാകുന്നത്. രാജസ്ഥാനിൽ ഇപ്പോൾ അശോക് ഗെലോട്ട് സർക്കാരിന് കേവല ഭൂരിപക്ഷമുണ്ട്. ഈ സാഹചര്യത്തിൽ ഗവർണർ കൽരാജ് മിശ്രയുടെ നടപടി തികച്ചും ചട്ടവിരുദ്ധമാണ്, ജനാധിപത്യത്തിന്റെ ധ്വംസനമാണ്.

സർക്കാരിന്റെ ഭൂരിപക്ഷത്തിൽ ഗവർണർക്ക് സംശയം തോന്നിയാൽ ഭരണഘടന അനുശാസിക്കുന്ന വിവേചനാധികാരം ഉപയോഗിക്കാൻ കഴിയും. അപ്പോഴും എത്രയും വേഗത്തിൽ നിയമസഭ വിളിച്ചുകൂട്ടാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് എസ് ആർ ബൊമ്മെ വെഴ്സസ് യൂണിയൻ ഗവൺമെന്റ് എന്ന കേസിന്റെ വിധിയിൽ സുപ്രീം കോടതി വ്യക്തമായി പറയുന്നു. കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് 21 ദിവസം മുൻകൂറായുള്ള നോട്ടീസ് ഗവർണർ ആവശ്യപ്പെട്ടതെന്നാണ് ബിജെപിയും സംഘപരിവാറും പറയുന്നത്. എന്നാൽ ഇതിന് ന്യായീകരണമില്ലെന്നതാണ് വസ്തുത. നിയമസഭ അടിയന്തരമായി വിളിച്ചുകൂട്ടണമെന്ന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചാൽ ബിജെപി ലക്ഷ്യമിടുന്ന കുതിരക്കച്ചവടം ഒഴിവാക്കാൻ കഴിയും. കൊറോണ മഹാമാരിയുടെ പേരിലുള്ള ഗവർണറുടെ ഈ അസംബന്ധ നാടകം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. രാജസ്ഥാൻ നിയമസഭയിലെ ഭരണപക്ഷ അംഗങ്ങളെ രണ്ട് സ്ഥലങ്ങളിലായാണ് പാർപ്പിച്ചിട്ടുള്ളത്. ജയ്‌പൂരിന്റെ പ്രാന്ത പ്രദേശത്തെ ഫെയർമൗണ്ട് ഹോട്ടലിലും മനേസറിലെ ഐടിസി പ്രോപ്പർട്ടിയിലുമാണ് താമസിപ്പിച്ചിട്ടുള്ളത്. കേവലം ഒരു മണിക്കൂർ യാത്രകൊണ്ട് ഇവർക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജയ്‌പൂരിൽ എത്താൻ കഴിയും. ഈ സാഹചര്യത്തിൽ ഒരു ദിവസത്തെ നോട്ടീസ് നൽകി സഭ സമ്മേളിക്കാൻ കഴിയും. കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന വേളയിലാണ് ജൂൺ മാസത്തിൽ ചുരുങ്ങിയ ദിനങ്ങളുടെ നോട്ടീസ് നൽകി ആന്ധ്രാപ്രദേശ് ഗവർണർ നിയമസഭ വിളിച്ചുകൂട്ടിയത്. ഇതെങ്കിലും കൽരാജ് മിശ്ര ഓർമ്മിക്കേണ്ടതായിരുന്നു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ, ഗവർണറുടെ അധികാര പരിധി എന്നിവ സംബന്ധിച്ച മദൻ മോഹൻ പഞ്ചി കമ്മിഷൻ റിപ്പോർട്ടെങ്കിലും ഒരു തവണ കൽരാജ് മിശ്ര വായിച്ചുനോക്കേണ്ടതായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ പരമാധികാരം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണെന്ന കാര്യം മോഡി സർക്കാർ നിയോഗിച്ച ഗവർണർമാർക്ക് അറിയില്ല. പകൽക്കിനാവിന്റെ ലോകത്ത് ആണ് ഇവർ വസിക്കുന്നത്. വിവേചനാധികാരമെന്ന വാൾ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെതിരെ വീശാനൊരുങ്ങുന്നു. സെർവാന്റസിന്റെ ഡോൺ ക്വിക്സോട്ടിനെ പോലെ.