തൊഴിലാളി ദ്രോഹം തുടർന്ന് ബിജെപി സർക്കാരുകൾ

കോവിഡ് പ്രതിസന്ധിയുടെ മറവിൽ ഗുജറാത്തിലും തൊഴിൽ നിയമങ്ങൾ റദ്ദാക്കി
Web Desk

ഗാന്ധിനഗർ:

Posted on May 09, 2020, 9:01 pm

ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കോവിഡ് പ്രതിസന്ധിയുടെ മറവിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നു. പ്രവർത്തിക്കാൻ താൽപര്യമുള്ള കമ്പനികൾക്കും പുതിയ സംരംഭങ്ങൾക്കും 1200 ദിവസത്തേക്ക് (മൂന്നേകാൽ വർഷത്തിലധികം) മിനിമം കൂലി, അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം ഒഴികെയുള്ള എല്ലാ നിയമങ്ങളും റദ്ദാക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ നേരത്തേ തന്നെ ജോലി സമയം എട്ടിൽ നിന്ന് 12 മണിക്കൂറായി നിശ്ചയിച്ചിരുന്നു.

ചൈനയിൽ നിന്ന് ആസ്ഥാനം ഗുജറാത്തിലേക്ക് മാറ്റാൻ ഉദ്ദേശിക്കുന്ന തദ്ദേശീയർക്ക് സ്ഥാപനം നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി വിജയ് റുപാനി അറിയിച്ചു. ഇതിനായി 33,000 ഹെക്ടർ ഭൂമി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പുതിയ സംരംഭകർക്ക് ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടൻ തന്നെ അനുമതി നൽകുകയും തൊഴിൽ നിയമങ്ങളിൽ ഇളവനുവദിക്കുകയും ചെയ്യാനാണ് തീരുമാനം.

അതോടൊപ്പം നിലവിലുള്ള സംരംഭങ്ങൾക്ക് നിയമങ്ങളിൽ ഇളവ് അനുവദിക്കും. ഇതിനായി ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നും കൂടുതൽ ചെറുകിടസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഇത്തരം ഇളവുകൾ അനുവദിക്കുന്നതെന്നും റുപാനി വെളിപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ സമാന തീരുമാനം കൈക്കൊണ്ടിരുന്നു.

യുപിയിൽ തൊഴിൽ നിയമങ്ങൾ ഒഴിവാക്കൽ നിയമം 2020 എന്ന പേരിലുള്ള ഓർഡിനൻസിലൂടെ തൊഴിലവകാശവുമായി ബന്ധപ്പെട്ട 38 നിയമങ്ങളിൽ 35 എണ്ണവും റദ്ദാക്കി. നിയമങ്ങൾ റദ്ദാക്കിയതിലൂടെ എട്ട് മണിക്കൂർ ജോലി എന്ന ചട്ടം ഇല്ലാതാകുകയും ചെയ്തു. ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട ഫാക്ടറീസ് നിയമം 1000 (രണ്ടര വർഷത്തിലധികം) ദിവസത്തേയ്ക്ക് റദ്ദാക്കുമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴിൽസമയം 12 മണിക്കൂറാക്കി ഒഡീഷ

കൊറോണ വ്യാപനം തുടരുന്നതിനിടെ തൊഴിലാളി വിരുദ്ധ നടപടികളുമായി ഒഡിഷ സർക്കാർ. വ്യവാസായ ശാലകളിലെ തൊഴിലാളികളുടെ ജോലിസമയം എട്ടിൽ നിന്നും 12 മണിക്കൂറാക്കി വർധിപ്പിച്ചു. ഒരാഴ്ച്ചയിൽ 48 മണിക്കൂർ ജോലിസമയം എന്നത് 72 മണിക്കൂറാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. അധികസമയ ജോലിക്ക് കൂടുതൽ വേതനം നൽകുമെന്ന് ഒഡിഷ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ സിഎംഡി സഞ്ജയ് കുമാർ സിങ് പറഞ്ഞു. ആറ് മണിക്കൂറിൽ കൂടുതൽ തുടർച്ചായി തൊഴിലാളികെ ജോലി ചെയ്യിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. വിശ്രമം ഉൾപ്പെടെ 13 മണിക്കൂർ വരെമാത്രമേ പ്രവൃത്തി സമയമായി അനുവദിക്കുകയുള്ളൂ. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെ സ്ത്രീ തൊഴിലാളികളെ ജോലിക്കായി നിയോഗിക്കാൻ പാടില്ല. അധികമായി ജോലി ചെയ്യുന്ന നാല് മണിക്കൂർ സമയത്തിന് ഫാക്ടറീസ് ആക്ടിന്റെ ചട്ടം 59 പ്രകാരം വേതനം നൽകണം. ഒരാഴ്ച്ചയിൽ 24 മണിക്കൂറാണ് പരമവധി ഓവർടൈം അനുവദനീയം.

ENGLISH SUMMARY: bjp govt con­tin­ues the vio­lence towards work­ers

YOU MAY ALSO LIKE THIS VIDEO