ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നില്ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിൽ ബിജെപിയുടെ നില പരുങ്ങലിൽ. രണ്ടരപ്പതിറ്റാണ്ടായി കയ്യിലുള്ള ഭരണം നഷ്ടപ്പെടാനിടയുണ്ടെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേകൾ ചൂണ്ടിക്കാട്ടിയതോടെ അത് മറികടക്കാനുള്ള തന്ത്രങ്ങളിലാണ് മോഡി-ഷാ സഖ്യം. കേന്ദ്രമന്ത്രിമാരെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ നേരന്ദ്ര മോഡി ഗുജറാത്തിന് വൻ പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്.
രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിൽ 29,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനമോ തറക്കല്ലിടലോ പ്രധാനമന്ത്രി നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന 36ാംമത് ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനായാണ് മോഡി ഗുജറാത്തിലെത്തിയത്. അതേദിവസം തന്നെ 34,00 കോടിയിലേറെ രൂപയുടെ പദ്ധതികൾ സൂറത്തിന് മാത്രമായി പ്രധാനമന്ത്രി സമർപ്പിച്ചു. ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്വന്തം സംസ്ഥാനത്തിനുള്ള ശതകോടികളുടെ വാഗ്ദാനം ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.
2017 ലെ തെരഞ്ഞെടുപ്പില്‍ 77 സീറ്റുമായി ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് ഉയര്‍ന്ന് വന്നിരുന്നു. 182 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ട 92 നെക്കാള്‍ കേവലം അഞ്ച് സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇത്തവണ ആം ആദ്മിയുടെ വരവ് കൂടിയായതോടെ കൂടുതല്‍ പ്രതിസന്ധിയിലാണ് മോഡിയുടെ പാര്‍ട്ടി.
ദേശീയനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അഞ്ച് ദിവസത്തെ യാത്രയാണ് ബിജെപി ആലോചിക്കുന്നത്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ യാത്രയുടെ ഭാഗമാകും. ഒക്ടോബർ ആദ്യ വാരത്തോടെ ആരംഭിച്ച് ദീപാവലിക്ക് മുമ്പ് പരമാവധി മണ്ഡലങ്ങളിൽ യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
തുടര്‍ച്ചയായ ഏഴാം തവണയും സംസ്ഥാന ഭരണം നേടുകയെന്നത് മാത്രമല്ല, കൂറ്റൻ ഭൂരിപക്ഷം ഉറപ്പാക്കുകയെന്നതും നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകള്‍ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. പട്ടേൽ പ്രക്ഷോഭവും തുടർന്നുള്ള സാഹചര്യവുമാണ് കോൺഗ്രസ് മുന്നേറ്റത്തിന് വഴിവെച്ചതാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇത്തവണ ആഭ്യന്തര കലഹങ്ങള്‍ കാെണ്ട് നട്ടം തിരിയുന്ന കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ തവണ കൈവിട്ട മണ്ഡലങ്ങൾ തിരിച്ച് പിടിക്കാമെന്ന് ബിജെപി കരുതുന്നു.
അതേസമയം ഗുജറാത്തിൽ ഇത്തവണ തങ്ങളുടെ വരവറിയിക്കാൻ കഴിയുമെന്നാണ് ആംആദ്മി നേതൃത്വം പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലുമെന്നത് പോലെ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആംആദ്മി സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആടിയുലയുകയാണ്.
English summary; bjp gujarath politics
you may also like this video: