Janayugom Online
modi - janayugam

ലജ്ജയില്ലാതെ അവകാശവാദങ്ങള്‍ നിരത്തി വീണ്ടും ബിജെപി

Web Desk
Posted on September 10, 2018, 9:49 pm

ടുത്ത അമ്പത് വര്‍ഷത്തേക്ക് ഭരിക്കാന്‍ കോപ്പുകൂട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി നിര്‍വാഹക സമിതി യോഗം സമാപിച്ചത്. മോഡിയെയും അമിത്ഷായെയും പുകഴ്ത്തുന്ന രാഷ്ട്രീയ പ്രമേയവും പാസാക്കി. മറ്റ് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളും പ്രമേയത്തിലുണ്ട്. മോഡി ഭരണകാലം ആഭ്യന്തര സുരക്ഷയില്‍ മാതൃകാപരമായ കാലഘട്ടമാണെന്നും ദാരിദ്ര്യവും അഴിമതിയും ജാതി വ്യത്യാസവുമില്ലാത്ത ഇന്ത്യയുടെ അടിത്തറ പാകിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അത്ഭുതകരമാണെന്നും പ്രമേയം പറയുന്നു. ഇതെല്ലാം മോഡി ഭരണകാലത്തെ ഇന്ത്യയെ പറ്റി തന്നെയാണോ എന്ന് ആരും അത്ഭുതപ്പെട്ടുപോവും. ഈ പ്രമേയങ്ങള്‍ പാസാക്കുന്ന ദിവസവും ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റിക്കാര്‍ഡുകളും ഭേദിച്ച് കുതിക്കുകയാണ്. പെട്രോളിന് 87.9 രൂപയും ഡീസലിന് 75 രൂപയുമാണ് പ്രമേയം പാസാക്കുന്ന ദിവസത്തെ വില. ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിന് 9.81 രൂപയും ഡീസലിന് 14.85 രൂപയും വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇന്ധനവില വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ആള്‍ക്കൂട്ടക്കൊല തടയാന്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തും എന്ന്് രാജ്യത്തെ പരമോന്നത കോടതി നിരീക്ഷിച്ചത്. സെപ്റ്റംബര്‍ 10ന് ഇന്ധനവില വര്‍ധനവിനെതിരെ നടന്ന ഭാരത് ബന്ദില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന പോലും അണിനിരന്നു. എങ്കിലും ബിജെപിയുടെ അവകാശവാദങ്ങള്‍ക്ക് ഒരു കുറവുമില്ല.

2014 ല്‍ വര്‍ധിച്ച പരസ്യ കോലാഹലങ്ങളുടെയും നഗ്നമായ വര്‍ഗീയധ്രുവീകരണത്തിന്റെയും മാത്രം സഹായത്തോടെ 31.34 ശതമാനം മാത്രം വോട്ടുവിഹിതം നേടി അധികാരത്തിലെത്തിയ നരേന്ദ്രമോഡി സര്‍ക്കാര്‍ അതിന്റെ നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഇന്ത്യ സാമൂഹ്യമായും സാമ്പത്തികമായും അതിരൂക്ഷമായ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഉന്നയിച്ച എല്ലാ വാഗ്ദാനങ്ങള്‍ക്കും കടകവിരുദ്ധമായ ഭരണമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഏറ്റവും കുറഞ്ഞ അവസരത്തില്‍ കൂടി ആഭ്യന്തര വിലവര്‍ധന നടത്തുകയും കഴിഞ്ഞ നാലുവര്‍ഷവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധനവില ഈടാക്കുന്ന രാജ്യം എന്ന നിലയില്‍ തുടരുകയും ചെയ്തത് ഭരണനേട്ടമാണെങ്കില്‍ അത് നരേന്ദ്രമോഡി സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. ഇന്ധനവില ഉയര്‍ത്തുന്നത് ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് എന്ന ഹിമാലയന്‍ മണ്ടത്തരം പോലും വിളിച്ചുപറയാനും പ്രചരിപ്പിക്കാനും മോഡി അനുകൂലികള്‍ക്ക് ലജ്ജയേതുമുണ്ടായില്ല. സാധാരണക്കാരന് സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ വില 800 രൂപ കടന്നു.

2016 നവംബര്‍ എട്ടിന് രാത്രി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ മുഴുവനും നിരോധിച്ചുകൊണ്ട് 14 ലക്ഷം കോടി കള്ളപ്പണം പിടികൂടാനാവുമെന്ന് പ്രഖ്യാപിച്ച മോഡി ഇന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 99.3 ശതമാനം നോട്ടുകള്‍ തിരികെ വന്നപ്പോള്‍ ഒരക്ഷരവും സംസാരിക്കുന്നില്ല. ഇന്ത്യന്‍ കറന്‍സി ഡോളറിനെതിരെ റിക്കാര്‍ഡ് വിലത്തകര്‍ച്ചയാണ് നേരിടുന്നത്. ഒരു ഡോളറിന് 71 രൂപയിലധികം. ആര്‍ബിഐയുടെ തന്നെ കണക്കുകളനുസരിച്ച് 2.4 ലക്ഷം കോടിയുടെ കോര്‍പറേറ്റ് വായ്പകള്‍ മോഡി ഭരണകൂടം എഴുതിത്തള്ളി. ലളിത് മോഡി, നിരവ് മോഡി, വിജയ്മല്യ തുടങ്ങിയവര്‍ ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച് കൈക്കലാക്കിയ ലക്ഷക്കണക്കിന് കോടികളുമായി ലണ്ടനില്‍ സുഖവാസം നടത്തുന്നു. 2008 ലെ ആഗോളമാന്ദ്യത്തില്‍ പോലും കുലുക്കമില്ലാതെ നിന്ന ഇന്ത്യന്‍ ബാങ്കുകളാണ് സര്‍വകാല നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. 44,000 കോടിയാണ് സഞ്ചിതനഷ്ടം. 21,000 കോടി മുടക്കി പുതിയ നോട്ടുകള്‍ പ്രിന്റു ചെയ്തിറക്കിയപ്പോള്‍ ഇനി തിരിച്ചുവരാനുള്ളത് വെറും 107 കോടി മാത്രം. 2014 നു മുമ്പ് 4.2 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ച ഇപ്പോള്‍ 1.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

സാമ്പത്തികരംഗത്തെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനവും താറുമാറായി. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ ജിഎസ്ടി ഘടന ആറുതരം നികുതികളും വളരെ ഉയര്‍ന്ന നികുതിനിരക്കും എല്ലാം ചേര്‍ത്ത് അഭൂതപൂര്‍വമായ വിലക്കയറ്റത്തിനിടയാക്കി. ഭരണം കിട്ടുന്നതിനുമുമ്പ് മോഡി ശക്തമായി എതിര്‍ത്തിരുന്ന ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കുവാന്‍ മോഡി രണ്ടാമതൊന്നാലോചിച്ചില്ല. വലിയ പ്രചരണം നടത്തിക്കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വലിയ പരാജയമായി. നാല് ബില്യണ്‍ ഡോളറിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം മാത്രം എഫ്ഡിഐയില്‍ ഉണ്ടായത്. പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ നൂറാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടയല്‍രാജ്യങ്ങളായ നേപ്പാള്‍ (72), മ്യാന്‍മര്‍ (77), ശ്രീലങ്ക (84), ബംഗ്ലാദേശ് (88) സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വളര്‍ച്ച നേടുന്ന സമ്പദ് വ്യവസ്ഥിതി എന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇന്ത്യ നൂറാം സ്ഥാനത്ത് നില്‍ക്കുന്നത്.

പ്രാകൃതമായ അക്രമങ്ങള്‍ പശുവിന്റെ പേരില്‍ അഴിച്ചുവിടുന്ന സംഘ്പരിവാര്‍ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യയെന്നും കയറ്റുമതി കമ്പനികള്‍ പലതും സംഘ്പരിവാര്‍ ബന്ധുക്കളുടേതാണെന്നുള്ളതും സമര്‍ഥമായി മറച്ചുവയ്ക്കുന്നു. ഇന്ത്യന്‍ വിപണിയിലെ മാട്ടിറച്ചി വ്യാപാരം ഈ കുത്തകക്കമ്പനികളുടെ കയ്യിലെത്തിക്കുക എന്ന അജന്‍ഡയാണ്, സാധാരണ ക്ഷീരകര്‍ഷകര്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെ പിറകിലുള്ളത്. ഇന്ന് കുറഞ്ഞവിലയ്ക്ക് ലഭ്യമാവുന്ന മാട്ടിറച്ചി, പാല്‍ തുടങ്ങിയ ക്ഷീര ഉല്‍പന്നങ്ങള്‍ കുത്തകകളുടെ വരുതിയിലാക്കി കൂടിയ വിലയ്ക്ക് മാര്‍ക്കറ്റിലെത്തിക്കാനുള്ള ഹീനതന്ത്രമാണ് ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികളുടെ ഉദ്ദേശ്യം.

സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അക്രമങ്ങള്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കഠ്‌വാ സംഭവം മുതല്‍ ഹരിയാനയില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന വനിതാ സബ് ഇന്‍സ്‌പെക്ടറെ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാല്‍സംഗം ചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു സ്ത്രീസുരക്ഷയുടെ കാര്യം. ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദൃശ്യമാവുന്നത്.
വലിയ അഴിതിക്കേസുകളും പുറത്തുവരികയാണ്. അമിത്ഷാ ഡയറക്ടറായ അഹമ്മദ്ബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ടുനിരോധനത്തിനുശേഷമുള്ള അഞ്ച് ദിവസങ്ങളില്‍ മാറ്റിയെടുത്തത് 745.59 കോടി രൂപയാണ്. ഇത് ഇടപാടുകാരിലെ വെറും .09 ശതമാനം പേര്‍. ഇവര്‍ ആരാണ്. 2012 ല്‍ അമിത്ഷായുടെ ആസ്തി 1.90 കോടി, 2017 ല്‍ 19 കോടി. പുത്രന്‍ ജയ് ഡയറക്ടറായ കമ്പനിയുടെ വിറ്റുവരവില്‍ 16,000 കോടി രൂപയാണ് വര്‍ധന. റഫേല്‍ വിമാന ഇടപാടിലെ അഴിമതി രാജ്യം കണ്ടതില്‍വച്ചേറ്റവും വലിയതാണ്. സ്വന്തം പാര്‍ശ്വവര്‍ത്തികളായ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും മറ്റ് ശതകോടീശ്വരന്‍മാര്‍ക്കും ഇന്ത്യയുടെ പൊതുമുതല്‍ എഴുതി നല്‍കുക എന്നതാണ് കഴിഞ്ഞ നാലുവര്‍ഷമായി മോഡിസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 30 ലക്ഷത്തോളം മാത്രം ജനസംഖ്യയുളള, ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുളള മംഗോളിയയ്ക്ക് 6,400 കോടി സംഭാവന നല്‍കാന്‍ മാത്രം ബുദ്ധിവൈഭവമുള്ള നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ തന്നെയാണ് വീണ്ടും കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണപരാജയത്തെക്കുറിച്ച് ഒരു പശ്ചാത്താപവുമില്ലാതെ ബിജെപി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 69 ശതമാനത്തോളം വരുന്ന ഭൂരിപക്ഷ വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട അവസരമാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുന്ന പാളിച്ചകള്‍ പിന്നീട് തിരുത്തുവാന്‍ അവസരം കിട്ടിയില്ലെന്നും വരാം.