20 April 2024, Saturday

Related news

April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024

ബിജെപി ഹഠാവോ; സിപിഐ പദയാത്ര ഏപ്രിൽ 14 മുതൽ മേയ് 15 വരെ

Janayugom Webdesk
പുതുച്ചേരി
February 28, 2023 11:35 pm

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ക്ക് വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ ദേശവ്യാപകമായി പദയാത്ര നടത്തും. ‘ബിജെപി ഹഠാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തോടെയുള്ള പ്രചരണത്തിന് പുതുച്ചേരിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
അംബേദ്കർ ജയന്തിദിനമായ ഏപ്രിൽ 14 മുതൽ മേയ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന പദയാത്രയിലും പാെതുയോഗങ്ങളിലും രാഷ്ട്രത്തെയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി ബിജെപിയെയും അതിന്റെ ദുർഭരണത്തെയും പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ പ്രചരണമാവും നടത്തുക.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ചും അവരെ സഹായിക്കുന്നതിൽ സർക്കാരിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാൻ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയില്‍ നിർണായകമാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത റിപ്പബ്ലിക് നിലനിൽക്കണമെങ്കിൽ ആർഎസ്എസ്-ബിജെപി സഖ്യം രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും പരാജയപ്പെടണം. 24-ാം പാർട്ടി കോൺഗ്രസില്‍ രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യത്തിനായി പാര്‍ട്ടി ആഹ്വാനം നൽകിയിട്ടുണ്ട്. ബിജെപി-ആർഎസ്എസ് ആശയങ്ങളെ എതിർക്കുന്ന കക്ഷികളുമായുള്ള ഐക്യം ശക്തമാക്കേണ്ടത് വളരെ പ്രധാനമാണ്.
മാർച്ച് 20 ന് നടക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പാർലമെന്റ് മാർച്ചിന് ദേശീയ കൗൺസില്‍ പിന്തുണ പ്രഖ്യാപിച്ചു. മാർക്സിസ്റ്റ് തത്വശാസ്ത്രത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയതിന് തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ ഗവർണർ സ്ഥാനത്തു നിന്ന് നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കർഷക വിരുദ്ധമായ പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന പദ്ധതി പൊളിച്ചെഴുതി, സംസ്ഥാനതലത്തിൽ പദ്ധതി പുനഃസംഘടിപ്പിക്കാൻ ഫണ്ട് അനുവദിക്കണം. പല സംസ്ഥാന സർക്കാരുകളും പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ചെങ്കിലും എൻപിഎസിൽ ജീവനക്കാർ നൽകിയ വിഹിതം തിരികെ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് അപലപനീയമാണ്. എത്രയും വേഗം തുക തിരികെ നൽകണം. സമ്പന്നര്‍ക്കും കോർപ്പറേറ്റുകള്‍ക്കും കൂടുതല്‍ നികുതി ചുമത്തി പെൻഷനുവേണ്ടിയുള്ള ഫണ്ട് സമാഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ദേശീയ എക്‌സിക്യൂട്ടീവ് അംഗം വനജ, പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാർ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി എ എം സലീം എന്നിവരുടെ അധ്യക്ഷതയില്‍ 26 മുതല്‍ മൂന്ന് ദിവസങ്ങളില്‍ ചേർന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ രാഷ്ട്രീയ, സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.