16 June 2024, Sunday

Related news

June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024
June 6, 2024
June 6, 2024
June 5, 2024
June 5, 2024

സഹകരണവാഴ്ച നാടുമുടിക്കുമോ?കരിമരുന്നിട്ടത് കരുവന്നൂരില്‍; എ ആര്‍ നഗറില്‍ പൂരും മുറുകുന്നു

Janayugom Webdesk
September 8, 2021 1:55 pm

കേരളത്തിന്റെ അടിസ്ഥാന വികസനത്തിലും ക്ഷേമത്തിലും നിര്‍ണായകമായ പങ്കുവഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്ന അജണ്ട, കേന്ദ്രം വാഴുന്ന ബിജെപിയുടേതാണ്. അതിനുപിന്നില്‍ അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയം തന്നെയുണ്ട്. അത് കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക കെട്ടുറപ്പിനെ ഇല്ലാതാക്കി, വടക്കന്‍ സംസ്ഥാനങ്ങളിലേതുപോലെ തങ്ങളുടെ തോക്കിനും നാക്കിനും മുന്നില്‍ ഭയന്നുനില്‍ക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാനാണ്. അങ്ങനെയുള്ള ബിജെപി, കേരളത്തിലെ സഹകരണ മേഖലയിലെ കൊള്ളയ്ക്കെതിരെ തുടരുന്ന മൗനം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. ഒരുപക്ഷെ ഒന്നിച്ചൊരു കടുംവെട്ടിനുള്ള തയ്യാറെടുപ്പായിരിക്കുമോ പിന്നിലെന്ന് സംശയിക്കുന്നതില്‍ തെറ്റുപറയാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമം അത്രമേല്‍ മൂര്‍ച്ഛയുള്ളതാണ്. സഹകരണത്തെ കൈകാര്യം ചെയ്യാന്‍ ഇതുവരെ ഇല്ലാത്തൊരു വകുപ്പ് തന്നെ കേന്ദ്രത്തില്‍ പിറവിയെടുത്തിരിക്കുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായാണ് വകുപ്പിന്റെ മന്ത്രി. ഭരണഘടന പ്രകാരം സഹകരണം ഒരു സംസ്ഥാന വിഷയമാണ്. നവലിബറൽ നയങ്ങൾ അതിവേഗതയിൽ നടപ്പിലാക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍, ബാങ്കിങ് മേഖലയിൽ സമ്പൂർണ സ്വകാര്യവല്ക്കരണമാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമാണ് സഹകരണ ബാങ്കുകൾക്ക് നേരെയുള്ള ഈ കടന്നുകയറ്റങ്ങൾ. 2021 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന വിധം, കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ ഉത്തരവ് രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണബാങ്കുകളുടെ അടിത്തറ ഇളക്കുന്ന ഒന്നാണ്. 2020ൽ പാർലമെന്റ് പാസാക്കിയ ബാങ്കിങ് റെഗുലേഷൻ ആക്ട് (ബിആർ ആക്ട്)ഭേദഗതിയാണ് ആണിക്കല്ല്. ഇത്രയും ചെയ്തുവച്ച കേന്ദ്രം സഹകരണ പ്രസ്ഥാനം ഏറ്റവും ശക്തിയാര്‍ജ്ജിച്ച കേരളത്തിനുമീതെ വാളോങ്ങിനില്‍ക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിലെ സഹകരണ മേഖലയില്‍ ഒറ്റപ്പെട്ടതാണെന്ന് തല്‍ക്കാലം വിശ്വസിക്കാവുന്ന വായ്പാക്കൊള്ളയും നിക്ഷേപതിരിമറികളും പുറത്തുവരുന്നത്.

സിപിഐ(എം) നേതാക്കള്‍ കുറ്റാരോപിതരായ തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പാണ് കോളിളക്കം സൃഷ്ടിച്ച് ആദ്യം വാര്‍ത്തയായത്. അവിടന്നിങ്ങോട്ട് ചെറുതും വലുതുമായ മറ്റുപല ബാങ്കുകളിലെയും വായ്പാത്തിരിമറികളെക്കുറിച്ച് പരാതികളും ആരോപണങ്ങളും ഉയര്‍ന്നു. കരുവന്നൂര്‍ ബാങ്കിന്റെ നഷ്ടവും പിന്നണിയിലാരെന്നും ഏറെക്കുറെ കണ്ടെത്തിക്കഴിഞ്ഞു. ഒടുവില്‍ എ ആര്‍ നഗറില്‍ മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പാണ് വിവാദച്ചുഴിയിലകപ്പെട്ടിരിക്കുന്നത്. ലീഗിന്റെ തലതൊട്ടപ്പനായ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ പ്രതിസ്ഥാനത്ത്. പരാതിക്കെട്ടഴിച്ച് മുന്‍ മന്ത്രി കെ ടി ജലീലും. കേന്ദ്രത്തിന്റെ വജ്രായുധമായ ഇഡി തന്നെ ഇവിടേയ്ക്കെത്തണമെന്നാണ് ജലീലിന്റെ ആവശ്യം. അതെത്രത്തോളം ബിജെപി രാഷ്ട്രീയ അജണ്ടയെ തുണയ്ക്കുമെന്ന ചിന്തകള്‍ സഹകാരികള്‍ക്കിടയിലുണ്ട്. കേരളത്തിലെ സഹകരണ ബാങ്ക് മേഖലയിലെ വിഷയങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുപറഞ്ഞത് ശ്രദ്ധേയമാണ്.

 


ഇതുകൂടി വായിക്കു;കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്ന് ഹൈക്കോടതി


 

സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പലരും കറവപ്പശുവായും സ്വതന്ത്രസാമ്രാജ്യമായും കൈകാര്യം ചെയ്യുന്നത് ഈ മേഖലയുടെ വിശ്വാസ്യതയെയും നിലനില്പിനെയുമാണ് ബാധിക്കുന്നത്. മുന്നണികളെന്ന നിലയിലും സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത്തരം ഇടങ്ങളിലും പലവിധ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഭരണസമിതിയില്‍ ഉള്ള സിപിഐ അംഗങ്ങള്‍ സംശയകരമായ വായ്പകളുടെയും എഴുതിത്തള്ളലുകളുടെയും വസ്തുതാറിപ്പോര്‍ട്ട് തേടിയത് അതിനുദാഹരണമാണ്. സമിതിയിലെ മഹാഭൂരിപക്ഷം എന്ന നിലയില്‍ മുന്നണിയിലെ വമ്പന്മാര്‍ നടത്തുന്ന ഇടപാടുകളും പുലര്‍ത്തുന്ന നടപടികളും ചോദ്യംചെയ്താല്‍ പോലും വ്യക്തമായ മറുപടിയായിരിക്കില്ല ലഭിക്കുക. പ്രാദേശികമായി നിലനില്‍ക്കുന്ന മുന്നണി തര്‍ക്കളുടെ ആക്കംകൂട്ടുന്ന തരത്തിലാവും ഇവയെല്ലാം ചെന്നവസാനിക്കുക. മികച്ച കൂട്ടായ്മയും സഹകരണവുമാണ് ഈ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്താനും കരുത്തുപകരാനും അനിവാര്യം.

സഹകരണ ബാങ്കിനെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം കേരളീയരെയാണ് ഇത്തരം കൊള്ളസംഘക്കാര്‍ വെല്ലുവിളിക്കുന്നത്. 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ഇടപാടുകള്‍ നടക്കുന്ന ‘സ്വിസ് ബാങ്ക്’ ആണ് എ ആര്‍ നഗറിലേതെന്നാണ് ജലീലിന്റെ ആക്ഷേപം. ദീര്‍ഘകാലമായി ബാങ്കിന്റെ സെക്രട്ടറിയായിരുന്ന വി കെ ഹരികുമാറിനും കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിനും ലീഗ് നേതാക്കളായ വി കെ അബ്ദുല്‍ഖാദര്‍ മൗലവിക്കും അബ്ദുറഹിമാന്‍ രണ്ടത്താണിക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കെ ടി ജലീല്‍ ആരോപിക്കുന്നത്. അരലക്ഷത്തോളമാണ് ഈ ബാങ്കിലെ അംഗസംഖ്യ. അക്കൗണ്ടുകളുടെ എണ്ണമാകട്ടെ, 80,000വും. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് കള്ളപ്പണം നിക്ഷേപിച്ചതും പണാപഹരണവും നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. അഴിമതിപ്പണം വെളുപ്പിക്കുന്നതിനാണ് ഇത്രയധികം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിട്ടുള്ളതെന്നും പറയുന്നു. കഞ്ഞാലിക്കുട്ടിയും വി കെ ഇബ്രാഹിംകുഞ്ഞും മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ അഴിമതി നടന്നതിന്റെ കേസ് തുടരുന്നുണ്ട്. ആ അഴിമതിയില്‍ ലഭിച്ച പണം, എ ആര്‍ നഗര്‍ ബാങ്കില്‍ സൂക്ഷിച്ചതായും ജലീല്‍ ആരോപിക്കുന്നുണ്ട്. മലബാര്‍ സിമന്റ്സ്, കെഎംഎംഎല്‍ എന്നിവിടങ്ങളില്‍ നടന്ന അഴിമതിയുടെയും പങ്ക് ഈ ബാങ്കിലുണ്ടെന്നും ആരോപിക്കുന്നു.

 


ഇതുകൂടി വായിക്കു;കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി


 

സംസ്ഥാന സര്‍ക്കാരിന്റെ വരുമാന നികുതി വിഭാഗം നടത്തിയ റാന്‍ഡം പരിശോധനയില്‍ 257 കസ്റ്റമര്‍ ഐഡികളിലെ സ്ഥിതിവിവരം കണ്ടെത്തിയിരുന്നു. ഇങ്ങനെയാണ് കേരളത്തെ ഞെട്ടിക്കുന്ന കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ പുറംലോകം അറിയുന്നത്. കമ്പ്യൂട്ടറില്‍ ഇടപാടുകാരുടെ മേല്‍വിലാസങ്ങള്‍ മായ്ച്ച് കൃത്രിമം നടത്തിയതായാണ് കണ്ടെത്തല്‍. ബാങ്കിലെ 12 ജീവനക്കാരുടെ പേരില്‍ 6.8 കോടി രൂപയുടെ അനധികൃതനിക്ഷേപം ഉള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതിനിടെ എ ആര്‍ നഗര്‍ ബാങ്കില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയിരുന്നു. എന്നാല്‍ അന്ന് ബാങ്ക് സെക്രട്ടറി ഹരികുമാറും മറ്റും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുള്ള അനുമതി നല്‍കിയിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചാണ് എ ആര്‍ നഗര്‍ ബാങ്കില്‍ മൂന്ന് കോടി രൂപയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. ഹവാല പണമാണ് ഇതെന്ന സംശയമാണ് നിഴലിക്കുന്നത്. ഇതുസംബന്ധിച്ച പരാതിയില്‍ ആര്‍ബിഐയുടെ അന്വേഷണം നടക്കുന്നുണ്ട്. 2012–13 ല്‍ രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണ വായ്പാ തട്ടിപ്പ് നടന്നതായും അന്വേണത്തില്‍ വ്യക്തവുമാണ്.

ചന്ദ്രികപത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും ആഷിഖിന്റെ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കെ ടി ജലീല്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇഡി യോട് സൂചിപ്പിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി കയ്യില്‍ കിട്ടിയെന്നും അത് സസൂക്ഷ്മം പഠിച്ചു വരികയാണെന്നുമാണ് ജലീല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കാത്തിരുന്നുകാണാം, എ ആര്‍ നഗറിലെ പൂരം.
eng­lish sum­ma­ry; BJP have main agen­da of abol­ish­ing the co-oper­a­tive movement
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.