രാജസ്ഥാൻ: കുതിരക്കച്ചവടനീക്കം ശക്തമാക്കി ബിജെപി

Web Desk

ജയ്‌പൂർ

Posted on July 31, 2020, 10:00 pm

രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതിനു പിന്നാലെ എംഎല്‍എമാരെ വിലക്കെടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഓഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം ചേരാനാണ് ഗവർണർ കഴിഞ്ഞദിവസം അനുമതി നൽകിയിട്ടുള്ളത്. കുതിരക്കച്ചവടത്തില്‍ വില കുതിച്ചുയരുകയാണെന്നും എംഎല്‍എമാരുടെ വില കുത്തനെ വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ഈ സാഹചര്യത്തിൽ ഗെലോട്ടിനെ പിന്തുണയ്ക്കുന്ന 102 എംഎൽഎമാരെ ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ നിന്നും ജയ്‌സൽമിറിലേക്ക് മാറ്റി.

പ്രത്യേക വിമാനത്തിലാണ് എംഎൽഎമാരെ കൊണ്ടുപോയത്. നേരത്തെ ആദ്യ ഗഡുവായി 10 കോടിയായിരുന്നു വാഗ്ദാനം. രണ്ടാമത്തേത് 15 കോടിയും. ഇപ്പോള്‍ ഇതിന് ഒരു പരിധിയുമില്ല. ആരാണ് കുതിരക്കച്ചവടം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഗെലോട്ട് പറഞ്ഞു. 102 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്ന് ഗെലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭ ചേര്‍ന്നയുടന്‍ വിശ്വാസ വോട്ടെടുപ്പു നടത്തി ഭൂരിപക്ഷം തെളിയിക്കാനായിരിക്കും നീക്കം.

എംഎല്‍എമാരെ മറ്റൊരിടത്തേക്ക് മാറ്റുന്നതും ഈ പദ്ധതിയുടെ ഭാഗമായാണ്. അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോ കോണ്‍ഗ്രസോ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, വിശ്വാസ വോട്ടെടുപ്പിനോടുള്ള നിലപാട് വിമത എംഎൽഎമാർ വ്യക്തമാക്കിയിട്ടില്ല. പങ്കെടുക്കാതിരിക്കുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താൽ സ്‌പീക്കർക്ക് ഇവരെ അയോഗ്യരാക്കാൻ കഴിയും.

 

Sub: BJP horse trad­ing in Rajas­tan

 

You may like this video also