ബിജെപി അവഗണനയിൽ പ്രതിഷേധിച്ച് ബിഡിജെഎസ് മുന്നണി മാറ്റത്തിന് ആലോചിക്കുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു. ഫെബ്രുവരി ഒന്നിന് ചേർത്തലയിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരും. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലാ പ്രസിഡന്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. ഏറെനാളായി ബിഡിജെഎസ് എന്‍ഡിഎയിൽ അസംതൃപ്തരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷന് കോട്ടയത്തുണ്ടായ തോൽവി ഇതിന്റെ തോത് കൂട്ടി. ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പിൽ മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൂടി പാസാക്കിയതോടെ വീണ്ടും ചർച്ചകൾക്ക് വഴി ഒരുങ്ങുകയാണ്. ഇതോടെയാണ് ശനിയാഴ്ച തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സംസ്ഥാന കൗൺസിൽ യോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നത്.
ബിഡിജെഎസ് നേതാക്കളെ കേന്ദ്ര ബോർഡ് കോർപറേഷനുകളിൽ പരിഗണിക്കുന്നില്ല. മുന്നണിയുടെ സമര പരിപാടികളുടെ ആസൂത്രണത്തിൽ പോലും കൂടിയാലോചനകളില്ല. ഈ വിധം എന്‍ഡിഎ സഖ്യത്തില്‍ തുടരേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം.
അതേസമയം വിഷയത്തില്‍ ബിജെപി അഭിപ്രായം മറിച്ചാണ്. ആവശ്യത്തിലധികം പരിഗണന ബിഡിജെഎസിന് നല്‍കിവരുന്നതായി ബിജെപി നേതാക്കള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.