മനോഹര്‍ പരിക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപി

Web Desk
Posted on April 29, 2019, 9:58 pm

പനാജി: ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ മകന് സീറ്റ് നിഷേധിച്ച് ബിജെപി. പരീക്കറുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പനാജി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ മകന്‍ ഉത്പലിന് സീറ്റ് നിഷേധിച്ചത്.പനാജിയില്‍ ഉത്പല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും മുന്‍ എംഎല്‍എയായ സിദ്ധാര്‍ത്ഥ് കുന്‍കലിയേന്‍ങ്കറിനെയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

അണികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സിദ്ധാര്‍ത്ഥ് കുന്‍കലിയേങ്കര്‍. പനാജി മണ്ഡലത്തില്‍ നിന്നും പരീക്കറുടെ പിന്തുണയോടെ സിദ്ധാര്‍ത്ഥ് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ സിദ്ധാര്‍ത്ഥിനെ പിന്തുണച്ചെങ്കിലും. മനോഹര്‍ പരീക്കറുടെ പുത്രന്‍ എന്ന ഇമേജ് കൊണ്ടു മാത്രം പനാജിയില്‍ ഉത്പലിന് വിജയിക്കാന്‍ കഴിയില്ലെന്നാണ് അവരുടെ പക്ഷം. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഭിന്നതയില്ലെന്ന് കാണിച്ച് പാര്‍ട്ടി ഒദ്യോഗിക പത്രക്കുറിപ്പ് പുറത്ത് വിട്ടിരുന്നു.മെയ്19 നാണ് പനാജിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും അണികള്‍ക്കിടയിലും വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.