Tuesday
18 Jun 2019

ബംഗാളില്‍ ബിജെപിക്ക് കാലിടറുന്നു

By: Web Desk | Friday 17 May 2019 10:13 AM IST


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അവസാന ഘട്ടത്തില്‍ കാലിടറി ബിജെപി. ചതുഷ്‌കോണ മത്സരത്തില്‍ കുറച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നരേന്ദ്ര മോഡിയും അമിത്ഷായും ബംഗാളിലേക്ക് ശ്രദ്ധതിരിച്ചത്. എന്നാല്‍ അവസാനഘട്ടത്തില്‍ വിദ്യാസാഗര്‍ പ്രതിമ തകര്‍ത്ത സംഭവത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി കീഴടങ്ങിയിരിക്കുകയാണ്.

ഇതുവരെ നടന്ന ആറ് ഘട്ടത്തിലും വോട്ടെടുപ്പിനോട് അനുബന്ധിച്ച് തൃണമൂല്‍-ബിജെപി സംഘര്‍ഷങ്ങളുണ്ടായിരുന്നു. അന്തിമഘട്ടമായപ്പോഴേക്കും അത് മൂര്‍ധന്യാവസ്ഥയിലെത്തുകയായിരുന്നു. എന്നാല്‍ വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തതോടെ ബിജെപി തങ്ങളുടെ വിജയസാധ്യതകൂടി ഇല്ലാതാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതില്‍ തൃണമൂല്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇടതുപക്ഷവും കോണ്‍ഗ്രസും അക്രമസംഭവങ്ങളില്‍ തൃണമൂലിനും ബിജെപിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന് ആരോപിക്കുന്നു.

അന്തിമഘട്ടത്തില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതില്‍ ഇതരസംസ്ഥാന ജനസംഖ്യ കൂടുതലുള്ള നോര്‍ത്ത് കൊല്‍ക്കത്ത, ധുംധും മണ്ഡലങ്ങളില്‍ ബിജെപി ജയപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബംഗാളിലെ ബിജെപി നേതൃത്വം തന്നെ പറയുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂലിന്റെ ആരോപണം. ഒരേസമയം ന്യൂഡല്‍ഹിയും കൊല്‍ക്കത്തയും തമ്മിലുള്ള മത്സരമായും, ബംഗാളി പാര്‍ട്ടിയും ബംഗാള്‍ ഇതര പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമായും നിലവിലെ സാഹചര്യത്തെ മാറ്റിയെടുക്കാന്‍ മമതയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിമ തകര്‍ത്തതിനെതിരെ നടന്ന റാലിയില്‍ മമതയ്ക്ക് ഏറെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

ബംഗാളി ദേശീയവാദം ആയുധമാക്കുന്ന മമതയെ തടയാന്‍ ശക്തരായ പ്രാദേശിക നേതാക്കളുടെ അഭാവം നേരിടുന്ന ബിജെപിക്ക് സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രചാരണം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പ്രഖ്യാപനവും തന്റെ ഇര പരിവേഷം വര്‍ധിപ്പിക്കാന്‍ മമത ബാനര്‍ജിക്ക് കൂടുതല്‍ ഉപകാരപ്രദമായി. പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്നില്ലെന്നും, അവര്‍ ബിജെപിക്കൊപ്പമാണെന്നും മമത ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് പ്രതിമ തകര്‍ത്തതെന്ന ആരോപണം ഉന്നയിച്ചാണ് മോഡി ഇന്നലെ രംഗത്തെത്തിയത്. ബിജെപി അത് പഞ്ചലോഹങ്ങളാല്‍ പുനര്‍ നിര്‍മിച്ച് അതേ സ്ഥാനത്ത് സ്ഥാപിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഒരു കുറ്റസമ്മതമായി ഉയര്‍ത്തിക്കാട്ടിയാണ് തൃണമൂല്‍ നേട്ടമുണ്ടാക്കിയത്. ഭ്രാന്തനെപ്പോലെയാണ് മോഡി സംസാരിക്കുന്നതെന്ന് മമത പറയുന്നു. ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നും മമത പറഞ്ഞു. പ്രതിമ പുനര്‍ നിര്‍മിച്ചു നല്‍കുമെന്ന് പറയുന്ന മോഡി ബംഗാളിന്റെ 200 വര്‍ഷത്തെ സംസ്‌കാരവും ചരിത്രവും തിരിച്ചുതരുമോ എന്നും ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു.

you may also like this:

Related News