9 December 2024, Monday
KSFE Galaxy Chits Banner 2

ബിജെപി രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
ചേലക്കര
November 10, 2024 11:29 pm

ബിജെപി രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര കൊണ്ടാഴി പഞ്ചായത്തിൽ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രീതിയിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നവരാണ് രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വർഗീയത അഴിച്ചു വിടുകയാണ്. ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. ഒരു വിഭാഗത്തിനെതിരെ ആഭ്യന്തര മന്ത്രി തന്നെ വർഗീയവികാരം ഇളക്കിവിട്ട് മറുവിഭാഗത്തെ പ്രകോപിതരാക്കാനാണ് ശ്രമം. അവർ വെറുപ്പിന്റെ അന്തരീക്ഷം നിലനിർത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കേരളം മാത്രമാണ്. 

എട്ടര വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ല, വർഗീയതയ്ക്കെതിരെ മുഖം നോക്കാതെ നിലപാട് സ്വീകരിച്ച സർക്കാരാണിത്. സംസ്ഥാനത്ത് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയുമുണ്ട്. വിട്ടുവീഴ്ചയില്ലാതെ രണ്ടിനെയും എതിർക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ഒന്നായി മാറിയിട്ടും 2021ൽ ഭരണമാറ്റം നടന്നില്ല. 40 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചത് തങ്ങളുടെ സഹായത്തോടെയെന്ന് ബിജെപി നേതാവ് പരസ്യമായി പറഞ്ഞു. ബിജെപി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പല സ്ഥലത്ത് പലവിധത്തിൽ നടപ്പാക്കി. നേമത്തുണ്ടാക്കിയ ഡീൽ ഉദാഹരണമാണ്. ചിലയിടത്ത് വിജയിച്ചു, ചിലയിടത്ത് പരാജയപ്പെട്ടു. 

തൃശൂരിലെ ബിജെപി വിജയത്തിൽ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ ആരുടേതാണ് ബിജെപിക്ക് പോയതെന്ന് വ്യക്തമാകും. ചേലക്കര പിടിക്കുമെന്നത് യുഡിഎഫിന്റെ അതിമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ ജനതാദൾ ചേലക്കര മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റവന്യുമന്ത്രി കെ രാജൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, കെ പി സന്ദീപ്, മണ്ഡലം സെക്രട്ടറി പി ശ്രീകുമാരൻ, മുൻ എംപി പി കെ ബിജു, സി ആർ വത്സൻ, നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് ഷെബിൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.