Tuesday
16 Jul 2019

തെരഞ്ഞെടുപ്പ് ചെലവ് ആകെ 60,000 കോടി; ബിജെപി മാത്രം ചെലവഴിച്ചത് 27,000 കോടി

By: Web Desk | Tuesday 4 June 2019 10:07 PM IST


ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തെരഞ്ഞെടുപ്പ് ചെലവിലും മുന്നില്‍. കടുത്ത പോരാട്ടത്തിനായി കോടിക്കണക്കിനു രൂപ രാജ്യം ഈ തെരഞ്ഞെടുപ്പില്‍ ഒഴുക്കിയെന്നാണു ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പില്‍ ആകെ 60,000 കോടിയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത് ബിജെപിയാണെന്നും സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി 27,000 കോടി ചെലവഴിച്ചെന്ന് റിപ്പോര്‍ട്ടിലുള്ളത്.
1998ല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെലവഴിച്ചിട്ടുള്ളത് ഈ തുകയുടെ 1520 ശതമാനം വരെയാണ്.

2014 ല്‍ രാജ്യത്തു നടന്ന തെരഞ്ഞെടുപ്പിലെ ആകെ ചെലവ് 30,000 കോടി രൂപയോട് അടുത്തായിരുന്നെങ്കില്‍ ഇക്കുറിയത് 60,000 കോടിയിലേക്ക് എത്തി. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും നടത്തിയ സാംപിള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. വിവിധ സംസ്ഥാനങ്ങളിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള വിവരശേഖരണ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു വോട്ടര്‍ക്ക് 700 രൂപ എന്ന നിലയില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 100 കോടി രൂപ വരെ ഒഴുക്കിയിട്ടുണ്ടെന്നാണ്.

മൂന്ന് കോടി വോട്ടര്‍മാര്‍ വരെയുള്ള ചില മണ്ഡലങ്ങളുണ്ട് ഇന്ത്യയില്‍. പ്രചാരണം, യാത്രസൗകര്യങ്ങള്‍, മറ്റു ചെലവുകള്‍ എന്നിവയ്ക്കു പുറമേ വോട്ടര്‍മാര്‍ക്ക് കോഴ നല്‍കാനും സ്ഥാനാര്‍ഥി പണം ചെലവാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെപോയാല്‍ 2024 തെരഞ്ഞെടുപ്പ് ചെലവ് 3 ലക്ഷം കോടി കടന്നേക്കുമെന്നു സിഎംഎസ് ചെയര്‍മാന്‍ എന്‍ ഭാസ്‌കര റാവു പറഞ്ഞു. ‘രാജ്യത്തെ എല്ലാ അഴിമതികളുടെയും മാതൃത്വം തെരഞ്ഞെടുപ്പ് ചെലവുകളാണ്. അതിനെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യത്തുള്ള അഴിമതിയെ ഒരിക്കലും തുടച്ചുനീക്കാനാകില്ല’– റാവു പറഞ്ഞു.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎസ് ചെലവാക്കിയത് ഏകദേശം 6.5 ബില്യന്‍ ഡോളര്‍ (45,000 കോടി രൂപ) ആണ്. അമേരിക്കയുടെ രാഷ്ട്രീയ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഓപ്പണ്‍സീക്രട്‌സ് എന്ന സെറ്റാണ് ഇത് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ചെലവില്‍ യുഎസിനെയും ഇന്ത്യ മറികടന്നെന്നാണ് ഈ കണക്കു സൂചിപ്പിക്കുന്നത്.

Related News