Janayugom Online
patanilathe yogathil panyan raveendran samsarikunnu

ബലാത്സംഗക്കാരെ സംരക്ഷിക്കുന്നത് ബിജെപി: പന്ന്യന്‍ രവീന്ദ്രന്‍

Web Desk

ചെങ്ങന്നൂര്‍

Posted on May 21, 2018, 9:07 pm
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചെറിയനാട് പടനിലത്തുചേര്‍ന്ന പൊതുയോഗത്തില്‍ സി പി ഐ ദേശിയ കണ്‍ട്രോണ്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു

പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊന്ന സ്വന്തം നേതാക്കളെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്തതെന്ന് സിപിഐ ദേശീയ കണ്‍ട്രോണ്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചെറിയനാട് പടനിലത്തുചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തയ്യാറല്ല. പ്രതികളില്‍ പലരും ബിജെപി നേതാക്കളും എംഎല്‍എമാരുമാണ്. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ പിന്നോക്ക സമുദായക്കാരായതിനാല്‍ സവര്‍ണ നേതാക്കള്‍ കൊലപ്പെടുത്തുന്നത് സാധാരണമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് നേതൃത്വത്തില്‍ അഞ്ചുവര്‍ഷം നടന്നത് ഭരണമല്ല, ഭരണാഭാസമാണ്. എല്‍ഡിഎഫ് അധികാരമേറ്റതോടെ കേരളം വീണ്ടും വികസനപാതയില്‍ കുതിക്കുകയാണ്. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള കരുത്തില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.

കേരളത്തില്‍ ഒരുസീറ്റില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസിന്റെ സഹായംകൊണ്ടാണ്. ഈ സാഹചര്യത്തില്‍ രാജ്യം കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ ജനപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു കരുത്തുപകരാന്‍ സജി ചെറിയാന്റെ വിജയം അനിവാര്യമാണെന്നും പന്ന്യന്‍ പറഞ്ഞു.

ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് ചെറിയനാട് നോര്‍ത്ത് മേഖലാ കമ്മിറ്റി പ്രസിഡന്റ് ബി ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷനായി. സ്ഥാനാര്‍ഥി സജി ചെറിയാന്‍, സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മേഖലാ സെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.