ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ്

ന്യൂഡെല്‍ഹി : മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ ബി.ജെ.പി തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്കി.അടുത്ത മൂന്ന് ദിവസം നിര്‍ബന്ധമായും രാജ്യസഭയില്‍ ഉണ്ടായിരിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭയില്‍ പാസായ ബില്‍ ഭേദഗതികളില്ലാതെ രാജ്യസഭയില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിന് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ശക്തമാക്കിയാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് വഴങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് എം.പിമാരോട് പാര്‍ലമെന്റില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതോടപ്പം 2017 ലെ ദേശീയ മെഡിക്കല്‍ കമീഷന് ബില്‍ പാസ്സാക്കുമെന്നാണ് ലോക്സഭ പ്രതീക്ഷിക്കുന്നത്.ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജനുവരി മൂന്നിന് 9.30 ന് നടത്തും.പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജനുവരി അഞ്ചിന് അവസാനിക്കും.