പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ ബിജെപി-ജെഡിയു സഖ്യത്തിൽ തമ്മിലടി മൂർച്ഛിക്കുന്നു. ജെഡിയുവിന് ഇത്തവണ ബിജെപിയേക്കാൾ കൂടുതൽ സീറ്റ് മത്സരിക്കാൻ വേണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോറാണു അവകാശവാദങ്ങൾക്ക് തുടക്കമിട്ടത്.
ബിജെപിയേക്കാൾ വലിയ പാർട്ടിയാണ് ജെഡിയുവെന്നും അവരേക്കാൾ എംഎൽഎമാർ തങ്ങൾക്കുണ്ടെന്നും കിഷോർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണയുണ്ടായ സീറ്റ് വിഹിത ഫോർമുല ഇത്തവണ അംഗീകരിക്കാനാവില്ലെന്നും പാർട്ടി ഉപാധ്യക്ഷൻ കൂടിയായ കിഷോർ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ 50: 50 ഫോർമുല ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബിഹാറിൽ നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖം. അതുകൊണ്ടുതന്നെ 50: 50 ഫോർമുല നടക്കില്ല. ജെഡി യുവിന്റെ കണക്കുകൾ ബിജെപിയുടേതിനെക്കാൾ കൂടുതലാണെന്നത് ആർക്കും തള്ളിക്കളയാനാവുന്നതല്ല. സീറ്റിന്റെ എണ്ണത്തെക്കുറിച്ചല്ല, അനുപാതത്തെക്കുറിച്ചാണു ഞാൻ സംസാരിക്കുന്നത്, ’ കിഷോർ പറഞ്ഞു. എന്നാൽ കിഷോറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. ബിജെപി അച്ചടക്കത്തിലാണ് വിശ്വസിക്കുന്നതെന്നും തങ്ങൾ പരസ്യ പ്രസ്താവന നടത്തുന്നില്ലെന്നും ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.
പാർട്ടിയുടെ ഉന്നത നേതൃത്വം ചർച്ച ചെയ്താണ് 2020‑ലെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 50: 50 ഫോർമുല ആദ്യം അംഗീകരിക്കാതിരുന്ന ജെഡിയുവിനെ ബിജെപി ദേശീയാധ്യക്ഷനും ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടെത്തിയാണ് സമവായത്തിലെത്തിച്ചത്. ഇരുപാർട്ടികളും അതോടെ 17 സീറ്റുകളിൽ മത്സരിച്ചു. ആറ് സീറ്റുകളാണു മറ്റൊരു സഖ്യകക്ഷിയായ എൽജെപിക്കു ലഭിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.