Web Desk

തിരുവനന്തപുരം‌

June 03, 2021, 2:20 pm

സാമ്പത്തിക ഡീലുകൾക്കും കുഴൽപ്പണ വിവാദങ്ങൾക്കും പിന്നാലെ പ്രവർത്തകരും അനുയായികളും അകലുന്നു: സംസ്ഥാന ബിജെപി വൻ പ്രതിസന്ധിയിൽ

Janayugom Online

തെരഞ്ഞെടുപ്പ് പരാജയവും നേതാക്കൾക്കിടയിലെ രൂക്ഷമായ ഭിന്നതയും കൊടകരകുഴപ്പണ മോഷണം ഉൾപ്പെടെ നേതാക്കൾക്കെതിരെ അനുദിനം പുറത്ത് വരുന്ന വാർത്തകളും ബിജെപിയെ തകർച്ചയിലേക്ക് നയിക്കുന്നു.

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി കോടികളാണ്‌ എത്തിയത്. എന്നാൽ ഇത് ചിലവാക്കിയത് സംബന്ധിച്ച് മിക്ക മണ്ഡലങ്ങളിലും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. വളരെ ശക്തമായ സൈബർ അണികൾ ഉള്ള സംഘപരിവാറിനു പ്രചാരണത്തിലും മുൻകൈ ഉണ്ടായിരുന്നു. അത് മാത്രമല്ല വലിയ തോതിൽ പണം ഒഴുക്കിയിട്ടും ഇ ശ്രീധരൻ, സുരേഷ് ഗോപി തുടങ്ങി പ്രമുഖരെ കളത്തിൽ ഇറക്കിയിട്ടും ഒരു സീറ്റിൽ പോലും വിജയിക്കുവാൻ സാധിച്ചതുമില്ല. ഇത് അണികളിൽ വലിയ നിരാശ സൃഷ്ടിച്ചു.

സംസ്ഥാന ബിജെപിയിൽ എളുപ്പത്തിൽ പരിഹരിക്കാവുന്നതിനപ്പുറമാണ്‌ നിലവിലെ പ്രതിസന്ധികൾ. മുതിർന്ന നേതാക്കൾക്കിടയിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും വിജയ സാധ്യതകളേയും ബാധിച്ചു. കുമ്മനം രാജശേഖരൻ നേമത്ത് സ്ഥാനാർഥിയായെത്തിയപ്പോൾ സംസ്ഥാനത്തെ ആദ്യ ബിജെപി എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ മാധ്യമങ്ങൾക്ക് മുമ്പിൽ പോലും അദ്ദേഹത്തിനു അർഹമായപിന്തുണ നല്കുവാൻ തയ്യാറായില്ല. സിറ്റിംഗ് എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിനു സമാഹരിക്കാവുന്നവോട്ടുകൾപോലും ലഭിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്‌.

ശോഭാ സുരേന്ദ്രനെ പോലെ മുതിർന്ന നേതാവിനു സീറ്റ് നിഷേധിക്കുകയും ഒടുവിൽ പ്രവർത്തകരുടെയും കേന്ദ്ര നേതൃത്വത്തിന്റെയും ശക്തമായ ഇടപെടലിനെ തുടർന്നാണ്‌ സീറ്റ് ലഭിച്ചത്. വ്യക്തിപരമായി അവർ മികച്ച പ്രവർത്തനം നടത്തിയെങ്കിലും ആ മണ്ഡലത്തിൽ പ്രതീക്ഷിച്ച പിന്തുണ നേതൃത്വത്തിൽ നിന്നും ഉണ്ടായില്ല. സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നത മൂലം ഏറേ നാൾ പൊതുവേദികളിൽ നിന്നും അവർ വിട്ടു നില്ക്കുകയായിരുന്നു.

സംസ്ഥാന അധ്യക്ഷൻ ആയതോടെ തനിക്ക് അനഭിമതരായ നേതാക്കളെ ഒതുക്കുവാനുള്ള ശ്രമങ്ങൾ സുരേന്ദ്രൻ ആരംഭിച്ചതായി ആരോപണം ഉയർന്നു. പാർട്ടിയെ ഏകോപിച്ചു ശക്തമാക്കുന്നതിനു പകരം പരസ്പരം ഒതുക്കുവാനുള്ള കുൽസിതശ്രമങ്ങൾ ഊർജ്ജിതമാക്കി. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കാലതാമസം വരുത്തുകയും ഗുരുവായൂർ തലശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അതോടൊപ്പം കെ.സുരേന്ദ്രനും അദ്ദേഹത്തിന്റെ ചൊല്പടിക്ക് നില്ക്കുന്ന കുറച്ച് നേതാക്കളും തന്നിഷ്ടപ്രകാരം ഇലക്ഷൻ ഫണ്ട് കൈകാര്യം ചെയ്തതായും അത് തിരഞ്ഞെട്പ്പ് പ്രവർത്തനങ്ങളെ ബാധിച്ചതായും ആക്ഷേപം ഉണ്ട്.

മുപ്പത്തഞ്ച് സീറ്റ് കിട്ടിയാൽ തങ്ങൾ കേരളം ഭരിക്കും എന്ന് കെ.സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചത് അണികൾക്ക് ആവേശം പകർന്നെങ്കിലും ഇടതു പക്ഷം ശക്തമായ തരംഗം സൃഷ്ടിച്ചുകൊണ്ട് ഭരണ തുടർച്ച നേടി.

വടകര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർഎംപിയ്ക്ക് എംഎൽഎയെ സൃഷ്ടിക്കുവാൻ സാധിച്ചപ്പോൾ ദേശീയ പാർട്ടിയായ ബിജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കുവാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന ഒരു എംഎൽഎ സ്ഥാനം കൈമോശം വരികയും ചെയ്തു.

സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ മാസങ്ങളോളം ഇടതു സർക്കാറിനെ വേട്ടയാടിയ സുരേന്ദ്രനും കൂട്ടർക്കും കൊടകര കുഴപ്പണ സംഭവത്തിൽ അന്വേഷണം മുറുകിയതോടെ അടിതെറ്റി. പാർട്ടിയെ പ്രതിരോധിക്കുവാൻ എതിർ ചേരികളിൽ നില്ക്കുന്ന ഒരു നേതാവും മുന്നോട്ട് വരുന്നുമില്ല. മേൽത്തട്ടിൽ മാത്രമല്ല താഴെ തട്ടിലും ഭിന്നതയും പ്രതിസന്ധിയും രൂക്ഷമാണ്‌. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയും മാരകായുധങ്ങൾ കൊണ്ട് കുത്തിയതും പാർട്ടിക്കുള്ളിലെ പ്രതിസന്ധിയെ വ്യക്തമാക്കുന്നു.

പൊതു സമൂഹത്തിൽ പാർട്ടിക്ക് അപമാനവും സംഘടനാപരമായി ക്ഷീണവും സൃഷ്ടിച്ച പ്രവർത്തനങ്ങൾ നടത്തിയവരെ പുറത്താക്കി ബിജെപിയിൽ ശുദ്ധികലശം നടത്തണം എന്ന് അണികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അത്തരം ഒരു നടപടിയും ഉണ്ടാകുന്നില്ല. ആക്ഷേപം ഉന്നയിക്കുന്നവരെ പുറത്താക്കുകയോ അച്ചടക്ക നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്ന പ്രവണതയും ഉണ്ട്. വലിയ പരാജയവും ഒപ്പം കുഴല്പണ കടത്ത് ഉൾപ്പെടെ ഉള്ള ആരോപണങ്ങളും അണികൾക്കിടയിൽ നിരാശയും രോഷവും സൃഷ്ടിച്ചിട്ടുണ്ട്.

കുറച്ചു കാലമായി സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നും ഉള്ളവർ ബിജെപിയുമായി അടുത്തു വരികയായിരുന്നു എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ധാരാളം പേർ ബിജെപിയിൽ നിന്നും അകന്നു പോയ്ക്കൊണ്ടിരിക്കുകയാണ്‌. ഇത് സംസ്ഥാനത്ത് ബിജെപിയുടെ തകർച്ചക്ക് അധികം ദൂരമില്ലാ എന്നതിന്റെ സൂചനയാണ്‌.

Eng­lish sum­ma­ry: BJP Ker­ala fac­ing issues due to hawala case

You may also like this video: