സിദ്ധുവിനെ സിദ്ധിഖ് ആക്കി, ചോറ്റാനിക്കരയിൽ ബ്ലീച്ചിങ് പൗഡർ കലക്കിയ വെള്ളം ഉപയോഗിച്ചു, എ എൻ രാധാകൃഷ്ണൻറെ വാർത്താസമ്മേളനം അബദ്ധപഞ്ചാംഗമായി

Web Desk
Posted on March 07, 2019, 3:20 pm
കൊച്ചി: സിദ്ധുവിനെ സിദ്ധിഖ് ആക്കി, ചോറ്റാനിക്കരയിൽ ബ്ലീച്ചിങ് പൗഡർ കലക്കിയ വെള്ളം ഉപയോഗിച്ചു, എ എൻ രാധാകൃഷ്ണൻറെ വാർത്താസമ്മേളനം അബദ്ധപഞ്ചാംഗമായി. പരിവർത്തനയാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബി ജെ പി നേതാവ് അബദ്ധങ്ങൾ വിളിച്ചു പറഞ്ഞു വെട്ടിലായത്. ഉമ്മൻചാണ്ടിയുടെ ട്വിറ്റർ സന്ദേശം പകർത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന് അബദ്ധം സംഭവിച്ചത്.
അഭിനന്ദൻറെ മോചനവുമായി ബന്ധപ്പെട്ട ട്വിറ്റർ  സന്ദേശത്തിൽ ഉമ്മൻ‌ചാണ്ടി താങ്ക്സ് റ്റു സിദ്ധു എന്ന് എഴുതിയിരുന്നു. ഇത് വായിച്ച ശേഷം പ്രതികരിക്കവെയാണ് രാധാകൃഷ്ണന് അബദ്ധം പറ്റിയത്. സിദ്ധുവിനു ഇതിലെന്ത് കാര്യം. കോഴിക്കോട് ഡി സി സി പ്രസിഡണ്ട് എന്തെങ്കിലും പറഞ്ഞാൽ പാകിസ്‌ഥാൻ കേൾക്കണമെന്നുണ്ടോ എന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം.
സിദ്ധു എന്നത് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു ആണെന്ന് പോലും അറിയാതെയാണ് രാധാകൃഷ്‍ണൻ അത് കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി. സിദ്ധിഖ് ആണെന്ന് തെറ്റിദ്ധരിച്ചത്. ചില ചാനലുകൾ ലൈവ് സംപ്രേഷണം നടത്തുന്നുമുണ്ടായിരുന്നു. ഇത് കേട്ട് മാധ്യമപ്രവർത്തകർ ചിരിയടക്കാൻ പാട് പെടുമ്പോഴാണ് അടുത്ത വിഷയത്തിലും ഇതേപോലെ മണ്ടത്തരം ആവർത്തിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗുരുതി പൂജയ്ക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച വിഷയം പരാമർശിക്കവെ രാധാകൃഷ്ണൻ പറഞ്ഞത് ചോറ്റാനിക്കര ക്ഷേത്രത്തിൽ ബ്ലീച്ചിങ് പൗഡർ കലക്കിയ വെള്ളമാണ്  പ്രസാദം തയാറാക്കാനും പൂജക്കും ഉപയോഗിക്കുന്നത് എന്നായിരുന്നു. മാധ്യമപ്രവർത്തകർ പരസ്പരം അടക്കിപ്പിടിച്ചു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടതോടെ വാർത്താസമ്മേളനം അധിക സമയം എടുക്കാതെ പൂർത്തിയാക്കി രാധാകൃഷ്ണൻ സ്‌ഥലം വിടുകയും ചെയ്തു.