Web Desk

കൊൽക്കത്ത

February 24, 2021, 9:11 pm

മയക്കുമരുന്ന് കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

Janayugom Online

പമേല ഗോസ്വാമി മയക്കുമരുന്ന് കേസിൽ ഉന്നത ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായ രാകേഷ് സിങാണ് പിടിയിലായത്.

സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പൂർവ ബർദ്ധമാൻ ജില്ലയിൽ വച്ച് ഇയാളെ ഗാൽസി പൊലീസ് പിടികൂടിയത്. തുടർന്ന് കേസ് അന്വേഷിക്കുന്ന കൊൽക്കത്ത പൊലീസിന് ഇയാളെ കൈമാറി. ഈ മാസം ആദ്യമാണ് കൊക്കെയ്നുമായി യുവമോർച്ച സംസ്ഥാന നേതാവ് പമേല ഗോസ്വാമിയും മറ്റൊരു യുവനേതാവ് പ്രബിർ കുമാറും അറസ്റ്റിലായത്.

പമേലയാണ് രാകേഷിന്റെ പേര് പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ വാഹനത്തിൽ കൊക്കെയ്ൻ വയ്ക്കാൻ രാകേഷ് സിങ് ആളെ ഏർപ്പാടാക്കിയെന്നായിരുന്നു പമേലയുടെ വാദം. 10 ലക്ഷം രൂപയുടെ കൊക്കെയ്നാണ് പമേലയുടെ വാഹനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുടെ വലംകൈയായ രാകേഷിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയെങ്കിലും 26 വരെ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്ന് സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ മാർച്ച് ഒന്നുവരെ റിമാൻഡ് ചെയ്തു.

Eng­lish sum­ma­ry: bjp leader arrest­ed in drug case

You may also like this video: