കശ്മീരില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Web Desk
Posted on November 25, 2018, 10:36 pm

ശ്രീനഗര്‍: മുന്‍ സൈനിക ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്നുവെന്ന കേസില്‍ ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദോദ ജില്ലയിലെ ജോറ പഞ്ചായത്തില്‍ സര്‍പഞ്ച് ആയി മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി റഹ്മത്തുള്ള ബട്ട് ആണ് പിടിയിലായത്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ഇയാളുടെ അനുയായികള്‍ നടത്തിയ കല്ലേറില്‍ ആര്‍മി ക്യാപ്റ്റന്‍ ആയിരുന്ന മുഹമ്മദ് ഹഫീസാണ് കൊല്ലപ്പെട്ടത്.

എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിലെ കഞ്ചന്‍ ചാന്ദലിന്റെ വിജയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ബട്ടിന്റെ നേതൃത്വത്തിലുള്ള സംഘം തെരുവിലിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ബട്ടിന്റെ അനുയായികളായ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. ബട്ടിന്റെ അനുയായികള്‍ നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഹൊഷിയാര്‍ സിംഗ്, ധീരജ് കുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.