Web Desk

തിരുവനന്തപുരം

October 18, 2020, 10:13 pm

ബിജെപി വനിതാ പ്രവർത്തകയുടെ പോസ്റ്റ് വൈറലാകുന്നു; ബിജെപിയിൽ വൻ പൊട്ടിത്തെറി

Janayugom Online

ബിജെപിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത സ്മിത മേനോനെ സംസ്ഥാന മഹിളാ മോർച്ചയുടെ സെക്രട്ടറിയാക്കിയതിനെതിരെ ബിജെപിയിൽ വൻ കലാപമുയരുന്നു.

കേന്ദ്രമന്ത്രി മുരളീധരനോടൊപ്പം ദുബായിൽ നടന്ന 22 രാഷ്ട്രങ്ങളുടെ നയതന്ത്ര മന്ത്രാലയ മീറ്റിങ്ങിൽ ‘പ്രോട്ടോകോൾ ലംഘി‘ച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശങ്ങൾ ‘കാറ്റിൽ പറത്തി‘യും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത സ്മിത മേനോനെന്ന യുവതിയുടെ കടന്നുകയറ്റം പാർട്ടി അണികളിൽ വൻ പ്രക്ഷോഭം ഉയർത്തിയിരിക്കുകയാണ്. വിവാദങ്ങളിൽ പെട്ടുലയുന്നതിൽ നിന്നും പാർട്ടിയെ രക്ഷപ്പെടുത്താനാണ് സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ, മഹിളാ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയാക്കി സ്മിതയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ സ്മിത മേനോനെ ഉൾപ്പെടുത്തി സുരേന്ദ്രൻ മഹിളാമോർച്ചയുടെ സംസ്ഥാന ശിബിരവും നടത്തിയതോടെ ബിജെപി അണികൾ പ്രത്യേകിച്ചും വനിതാ പ്രവർത്തകർ രോഷാകുലരായി രംഗത്തെത്തിയിരിക്കുന്നു.

സുരേന്ദ്രൻ ഇതിനു മറുപടി നൽകുന്നത് സ്മിതാ മേനോൻ, ശബരിമല പ്രക്ഷോഭ സമരങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നും പാർട്ടിയുമായും ആർഎസ്എസുമായി ബന്ധമുണ്ടെന്നുമാണ്. എന്നാൽ, സുരേന്ദ്രനെ വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടിയിൽ അണികൾ കലാപമുയർത്തുന്നത്.

ഞങ്ങൾ ചോദിക്കുന്നു, ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നേരിട്ടോ അല്ലാതെയോ നടന്ന പ്രക്ഷോഭ സമരങ്ങളിൽ എവിടെയെങ്കിലും സ്മിത മേനോൻ നേരിട്ട് പങ്കെടുത്തു എന്നുള്ളത് തെളിയിക്കാമോ ?

സ്മിതയുടെ വീട് എറണാകുളം കലൂരിൽ ആണ്. ശബരിമല പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അവർ ഇതിൻ്റെ തെളിവിനായി പ്രചരിപ്പിക്കുന്നു. ( ഇതോടൊപ്പം എറണാകുളം കലൂരിൽ ബിജെപി സംഘടിപ്പിച്ച ശബരിമല പ്രക്ഷോഭത്തിൻറെ വീഡിയോയും ഫോട്ടോസും പ്രസിദ്ധീകരിക്കുന്നു)

രാഷ്ട്രീയം നോക്കാതെ ലക്ഷക്കണക്കിന് അമ്മമാരാണ് തെരുവിൽ ശബരിമല പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. അങ്ങനെ സമരം നടത്തിയവരെയെല്ലാം പരിഹസിക്കും വിധം സ്മിതയെ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ ഒരു ബിജെപി പ്രവർത്തക എഴുതിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തായാലും സ്വർണകള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന കേന്ദ്രമന്ത്രി മുരളീധരൻ്റെ പ്രസ്താവനയോടെയാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്. മുരളീധരനും സ്വപ്ന സുരേഷുമായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്തു വന്നത് . അതുവഴി പിണറായി വിജയനുമായും.… എല്ലാം ഒരു ഒത്തുകളി…

കഴക്കൂട്ടം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, ലുലു ഉടമ യൂസഫലി അഞ്ചു കോടി രൂപ സ്വപ്ന സുരേഷു വഴി മുരളീധരന് സംഭാവനയായി എത്തിച്ചുവെന്നും അന്നു മുതൽ സ്വപ്ന സുരേഷിനും മുരളീധരനു വേണ്ടി PR വർക്ക് ചെയ്ത സ്മിത മേനോനും മുരളീധരനുമായും അടുത്ത ബന്ധമാണെന്നുമാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. ആ ബന്ധം വളർന്നാണ് സ്മിത മേനോൻ ഇപ്പോൾ സംസ്ഥാന മഹിളാ മോർച്ച സെക്രട്ടറിയായതെന്നും ഇവർ പ്രചരിപ്പിക്കുന്നു.

എന്തായാലും ബിജെപിയിലെ ശബരിമല പ്രക്ഷോഭത്തിൽ തെരുവിലിറങ്ങി സമരം ചെയ്ത അമ്മമാരുടെ ഹൃദയവേദനയാണ് ഒരു ബിജെപി പ്രവർത്തകയുടെ പോസ്റ്റ്. അതിപ്രകാരമാണ്…

“കേരളത്തിലെ ആർഎസ്എസ് ബിജെപി നേതൃത്വത്തിന് ഒരു തുറന്ന കത്ത്.…

കഴിഞ്ഞ 50വർഷമായി സംഘകുടുംബത്തിലെ അംഗമാണ് ഞാൻ.. എൻ്റെ 2 ആൺകുട്ടികളും മകളും ഭർത്താവും എല്ലാം ബിജെപി അനുഭാവികൾ ആണ്… കലൂർ സംഘ കാര്യാലയത്തിന് സമീപമാണ് ൻ്റെ താമസം.. മക്കൾ ഒക്കെ പാർട്ടി പ്രവർത്തകർ ആണെങ്കിലും ഞാൻ ഒരു സമരത്തിൽ പങ്കെടുത്തത് ശബരിമലയെ നശിപ്പിക്കാൻ പിണറായി വിജയൻ ശ്രമിച്ചപ്പോളാണ്… എൻ്റെ ഒപ്പം അയൽവാസികളായ നിരവധി സ്ത്രീകളും സമരത്തിൽ പങ്കെടുത്തിരുന്നു.. അവരിൽ പലരും മാർക്സിസ്റ്റ്കാരും ആണ്..എന്നാൽ ഇന്ന് ശബരിമല സമരത്തിന് വന്ന ഒരു വീട്ടമ്മയുമായി കേന്ദ്രമന്ത്രി ഗൾഫിൽ പോയി എന്ന വാർത്തകൾ വന്ന മുതൽ ഞങ്ങൾക്ക് പുറത്തു ഇറങ്ങി നടക്കാൻ കഴിയുന്നില്ല… സമരത്തിൽ പങ്കെടുത്ത ഞങ്ങളെ മാർക്സ്റ്റുകാർ കളിയാക്കുകയാണ് ചെയ്യുന്നത്… നിങ്ങൾ ആരുടെ കൂടെ ഗൾഫിന് പോകുന്നെന്ന് ചോദിച്ചാണ് കളിയാക്കുന്നത്.. ഞങ്ങളെപ്പോലെ പാർട്ടിയോട് ഇഷ്ടമുള്ളവർക്ക് വെറുപ്പ്‌ തോന്നുന്ന വിധവും ഇനി ഒരു പ്രവർത്തനത്തിനും സമരത്തിനും ഇറങ്ങാൻ കഴിയാത്ത വിധവും നാണക്കേട് ഈ “മന്ത്രിയും ചേച്ചി“യും കാരണം ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നു… ബിജെപിയോടുള്ള ഞങ്ങളുടെ ബഹുമാനം തന്നെ ഇപ്പോൾ ഇല്ലാതായിരിക്കുന്നു.. വലിയ പ്രവർത്തകയാണെന്നു അവകാശപ്പെടുന്ന ഈ ചേച്ചി കലൂരിൽ ഒരു സമര പരിപാടിയിൽ പോലും പങ്കെടുത്തിട്ടില്ല… ശബരിമല സമരത്തിൽ ഈ ചേച്ചി പങ്കെടുത്ത ഫോട്ടോ പുറത്തു വിടുമോ? ചേച്ചി മന്ത്രിയുടെ കൂടെ നടന്നു എടുത്ത ഫോട്ടോ അല്ലാതെ ഏതു പടമാണ് ഉള്ളത്? സാധാരണ പ്രവർത്തകരുടെ എന്തെങ്കിലും ഒരാവശ്യം മന്ത്രി നടത്തി തന്നിട്ടുണ്ടോ?) പെരുമ്പാവൂരിൽ താമസിക്കുന്ന ക്യാൻസർ ഉള്ള എൻ്റെ മകൻ്റെ ഭാര്യയുടെ രാജസ്ഥാനിൽ നിന്നുള്ള ഒരു ട്രാൻസ്ഫറിനായി എത്ര തവണയാണ് അവൻ മന്ത്രിയുടെ ഓഫിസിൽ വന്നും നേരിട്ടും പരാതി അയച്ചുത്.. അതൊന്നും മന്ത്രി സാധിച്ചു തന്നില്ല.. ഇവിടുത്തെ നേതാക്കന്മാരോട് ഞാൻ പറയുമ്പോൾ അവരും കുറെ കഥകൾ പറയും ആരുടെയും ഒരു കാര്യത്തിലും സാറ് ഇടപെടില്ലെന്ന്.. ഇപ്പോളാണ് മനസിലായത് സാറ് ആർക്കു വേണ്ടിയാണു ഇടപെടുന്നത് എന്ന്.. ഞങ്ങൾക്ക് ഒക്കെ ആവേശമായിരുന്ന ബിജെപിയുടെ ജൻസി, റാണി, ശോഭ ചേച്ചിയെയും നിങ്ങൾ ഇല്ലാതാക്കി… അതിനു പകരം ഏതോ ഒരു സ്ത്രീക്ക് പാർട്ടിയിൽ സ്ഥാന മാനങ്ങൾ നൽകി…അതിനുള്ള തിരിച്ചടി ഇലക്ഷൻ വരുമ്പോൾ ബിജെപി അനുഭവിക്കും..ഞങ്ങൾ സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്യാൻ പോവൂല്ല സാറെ… സാറ് ഈ പാർട്ടിയെ നശിപ്പിക്കുകയാണെന്നു മനസിലാക്കണം… ഞങ്ങടെ മുന്നിൽ നിങ്ങൾ ആരെ കൊണ്ടുവന്നാലും ശോഭ ചേച്ചി മാത്രമേയുള്ളു…ഞങ്ങൾക്ക് ഞങ്ങടെ പ്രധാനമന്ത്രിയെ വിശ്വാസമാണ്.. അദ്ദേഹം മന്ത്രിക്ക് കൂട്ടു നിൽക്കില്ല എന്നാണ് ഞങ്ങടെ വിശ്വാസം.”

you may also like this video