പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കരുതെന്നും സാരി ധരിക്കണമെന്നും ബിജെപി നേതാവ്

Web Desk
Posted on January 24, 2019, 7:20 pm

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കരുതെന്നും സാരി ധരിക്കണമെന്നും ബിജെപി നേതാവ്. അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റര്‍ജിയാണ് പാന്റ്‌സ് ധരിക്കുന്ന പെണ്‍കുട്ടികളുടെ വസ്ത്രധാരണ ശരിയല്ലെന്ന രീതിയില്‍ അഭിപ്രായം നടത്തി വിവാദത്തിലായിരിക്കുന്നത്. മൗഷുമി  ഒരു സിനിമാ നടിയായിരുന്നു എന്നതാണ് ഏറെ വിചിത്രം.

സൂറത്തിലെ ഒരു ഹോട്ടലില്‍ ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിയില്‍ മൗഷുമിയെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത അവതാരകയെയാണ് വേഷത്തിന്റെ കാര്യം പറഞ്ഞ് അപമാനിച്ചത്.

പരിചയപ്പെടുത്തിയ ശേഷം സംസാരിക്കാനായി നേതാവിനെ ക്ഷണിച്ച ഉടനെയായിരുന്നു പ്രസ്താവന. ‘നിങ്ങളുടെ വസ്ത്രധാരണ ശരിയല്ല. നിങ്ങള്‍ സാരിയോ ചുരിദാറോ കുര്‍ത്തയോ ആയിരുന്നു ധരിക്കേണ്ടിയിരുന്നത്’, മൗഷുമി അവതാരകയോട് പറഞ്ഞു.

ബിജെപി നേതാവായിട്ടല്ല മറിച്ച്‌ അമ്മയുടെ സ്ഥാനത്തു നിന്നാണ് ഞാന്‍ അവരെ ഉപദേശിച്ചതെന്നും നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യം തെറ്റായ രീതിയില്‍ എടുക്കരുത്  എന്നും മൗഷുമി പറഞ്ഞു. ‘. ഒരു ഭാരതീയ സ്ത്രീ എന്ന നിലയില്‍ എന്ത് എവിടെ എങ്ങനെ ധരിക്കണമെന്ന് യുവതിയെ ഉപദേശിക്കേണ്ട അവകാശം എനിക്കുണ്ട്’ എന്നായിരുന്നു അവരുടെ പ്രതികരണം.