കുമ്മനം ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാൻ സാധ്യത; മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള

Web Desk
Posted on January 28, 2018, 12:46 pm

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാർത്ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചന. ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീധരൻ പിള്ള മത്സരിച്ചിരുന്നു. അന്ന് 42682 വോട്ടാണ് ശ്രീധരൻ പിള്ളയ്ക്ക് ലഭിച്ചത്.

മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ കുമ്മനത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും ആവശ്യപ്പെട്ടിരിക്കുന്നത്.