പുല്ലാങ്കുഴല്‍ വായിച്ചാൽ; പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെന്ന് ബിജെപി നേതാവ്

Web Desk
Posted on August 27, 2019, 1:57 pm

ദിസ്പൂര്‍: പുല്ലാങ്കുഴല്‍ വായിക്കുമ്പോള്‍ പശുക്കള്‍ കൂടുതല്‍ പാല്‍ തരുമെന്ന് അസമിലെ ബിജെപി നേതാവ് ദിലീപ് കുമാര്‍ പോള്‍. സില്‍ചാറില്‍ നിന്ന് രണ്ടുതവണ എംഎല്‍എ ആയ വ്യക്തിയാണ് ദിലീപ്. ശ്രീകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതുപോലെ ഒരു പ്രത്യേക രാഗത്തില്‍ പുല്ലാങ്കുഴല്‍ വായിക്കുകയാണെങ്കില്‍ പാലിന്റെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ശ്രീകൃഷ്ണൻ  ഉപയോഗിച്ചിരുന്ന ഒരു പ്രത്യേക രാഗത്തില്‍ നമുക്ക് പുല്ലാങ്കുഴല്‍ വായിക്കാന്‍ സാധിക്കുമെങ്കില്‍ പാലിന്റെ അളവ് ഇരട്ടിയില്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നുവെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. ഇതാണ് പുരാതന കാലത്തെ ശാസ്ത്രം. ഞങ്ങള്‍ ഈ രീതി ആധുനിക കാലത്തേക്ക് തിരികെ കൊണ്ടുവരാന്‍ പോകുന്നു. ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ല, പക്ഷേ ഇന്ത്യന്‍ പരമ്പരാഗത പഠനത്തില്‍ വലിയ അറിവുള്ള എനിക്ക് ഈ അവകാശവാദങ്ങള്‍ ശരിയാണെന്നും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഈ ആശയങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പറയാന്‍ കഴിയും.’ ഞായറാഴ്ച സില്‍ചാറില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.