യുപിയിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

Web Desk

ഫിറോസാബാദ്

Posted on October 17, 2020, 10:00 pm

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ദയാശങ്കർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരായ വിരേഷ് തോമർ, തോമറിന്റെ ബന്ധുക്കളായ നരേന്ദ്ര തോമർ, ദേവേന്ദ്ര തോമർ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ വൈര്യത്തെ തുടർന്നാണ് കൊലപാതകമെന്ന് ദയാശങ്കർ ഗുപ്തയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി മാർക്കറ്റിലെ കടയടച്ച് തിരിച്ച് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത വിരേഷ് തോമർ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. വിരേഷിന്റെ പാർട്ടി പ്രവേശനത്തിൽ ദയാശങ്കർ ഗുപ്തയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട ദയാശങ്കറും കസ്റ്റഡിയിലുള്ള വിരേഷും അടുത്തിടെ ഫേസ്ബുക്കിലൂടെ പരസ്പരം തർക്കിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കൂടുംബാംഗങ്ങൾ വെള്ളിയാഴ്ച രാത്രി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുകയും ആഗ്രയിലേക്കുള്ള റോഡ് ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് എത്തി ചർച്ച നടത്തി പ്രതിഷേധക്കാരെ പിൻതിരിപ്പിക്കുകയായിരുന്നു.