കാൻസർ രോഗിയെയും സഹോദരനെയും തല്ലിച്ചതച്ച ബിജെപി ജില്ലാ പ്രസിഡന്റിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ കേസ്

Web Desk
Posted on November 14, 2019, 7:49 pm

തളിപ്പറമ്പ്(കണ്ണൂർ): കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളായ കാൻസർ രോഗിയെയും സഹോദരനെയും തല്ലിച്ചതച്ച ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിനും ആർഎസ്എസ് — ബിജെപി ക്രിമിനൽ സംഘത്തിനുമെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു.

ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എ പി ഗംഗാധരൻ, രഞ്ചിത്ത്, സുരേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. തളിപ്പറമ്പ് പൂക്കോത്തുനടയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ അക്രമത്തിനിരയായ തലശ്ശേരി ബ്രണ്ണൻ കോളേജ് മൂന്നാം വർഷ ബിരുദവിദ്യാർഥിയും കാൻസർ രോഗിയുമായ പുളിമ്പറമ്പ് വൈഷ്ണവത്തിൽ ഗോകുൽ കൃഷ്ണ (24)യുടെ മൊഴിയനുസരിച്ചാണ് കേസെടുത്തത്. പൊതുസ്ഥലത്ത് ബോധപൂർവം സംഘർഷമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അന്യായമായി സംഘം ചേരുകയും ഗോകുൽ കൃഷ്ണയെയും സഹോദരനെയും തടഞ്ഞുനിർത്തി അടിച്ചുപരിക്കേൽപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ രഞ്ചിത്ത്, ഗംഗാധരൻ, സുരേഷ് എന്നിവരാണ് തങ്ങളെ അടിച്ചതെന്നും സത്യപ്രകാശ് അക്രമികൾക്ക് സൗകര്യാർത്ഥം തങ്ങളെ തടഞ്ഞുനിർത്തിയെന്നുമാണ് ഗോകുലും അർജ്ജുനും മൊഴി നൽകിയിരുന്നു.

നട്ടെല്ലിനും അരക്കെട്ടിനും ട്യൂമർ ബാധിച്ച ഗോകുൽ കൃഷ്ണ ബസ് യാത്ര സാധ്യമല്ലാത്തതിനാൽ കാറിൽ അനുജൻ അർജ്ജുൻ കൃഷ്ണ (20) യോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം. സത്യപ്രകാശിന്റെ കെഎൽ 13എഎം 6001 ഇന്നോവ കാറിന് വളപട്ടണം പാലം മുതൽ സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് പൂക്കോത്ത് നടയിൽ വച്ച് ആർഎസ്എസ് — ബിജെപിക്കാരായ ഒരു സംഘമാളുകൾ കാർ തടഞ്ഞ് ഇരുവരെയും ക്രുരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഗോകുൽ കാൻസർ രോഗിയാണെന്ന് കേണപേക്ഷിച്ചിട്ടും അക്രമികൾ മർദ്ദനം നിർത്തിയില്ല. ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എ പി ഗംഗാധരൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് രതീഷ്, ചുമട്ടുതൊഴിലാളി പട്ടുവം മുറിയാത്തോട്ടിലെ രാജിവൻ, തൃച്ഛംബരത്തെ പി ടി പ്രസന്നൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. നാട്ടുകാരാണിവരെ ആശുപത്രിയിലെത്തിച്ചത്. കാൻസർ രോഗിയെ അക്രമിച്ചത് വിവാദമായതോടെ ബിജെപി നേതാക്കൾ പ്രശ്നപരിഹാരത്തിന് സഹോദരങ്ങൾ കഴിയുന്ന ആശുപത്രിയിലെത്തിരുന്നു. എന്നാൽ ഗോകുൽ കൃഷ്ണയും അർജ്ജുൻ കൃഷ്ണയും വീട്ടുകാരും വഴങ്ങിയില്ല.