പാര്‍ട്ടി യോഗത്തിനിടെ ബിജെപി നേതാവ് ഭാര്യയുടെ മുഖത്തടിച്ചു

Web Desk
Posted on September 20, 2019, 10:54 am

ന്യൂഡല്‍ഹി: പാര്‍ട്ടിയോഗത്തിനെത്തിയ ബിജെപി നേതാക്കളായ ദമ്പതികള്‍  തമ്മിലടിച്ചു. മെഹ്‌റൗലി ജില്ലാ പ്രസിഡന്റ് അസദ് സിങാണ് മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കറുടെ മുന്നില്‍വച്ച് ഭാര്യയെ തല്ലിയത്. ഭാര്യ സരിത ചൗധരി
സൗത്ത് ഡല്‍ഹി മുന്‍ മേയര്‍ കൂടിയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ പന്ത് മാര്‍ഗിലെ ഓഫീസില്‍ ചേര്‍ന്ന യോഗാനന്തരമായിരുന്നു സംഭവം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ ഇരുവരും വാക്കേറ്റത്തിലാവുകയും അസദ് ഭാര്യയെ പരസ്യമായി തല്ലുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേറിട്ട് ജീവിക്കുകയാണെന്നും അസദ് സിങ് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സിങിനെ സ്ഥാനത്തു നിന്ന് നീക്കുകയും പകരം വികാസ് തന്‍വാറിനെ നിയമിക്കുകയും ചെയ്തതായും നേതാക്കള്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അവര്‍ ആദ്യം തന്നെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റുക മാത്രമായിരുന്നുവെന്നാണ് സിങിന്റെ വിശദീകരണം. എന്നാല്‍ സരിത ചൗധരി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.