ഗതികെട്ടാല്‍ സംഘികള്‍ക്കും വഴി ഗാന്ധിമാര്‍ഗം

Web Desk
Posted on December 21, 2018, 10:35 pm
narmman

വര്‍ഷാന്തം വരുന്നു. മാധ്യമങ്ങള്‍ എല്ലാം തിരക്കിലാണ്. 2018 ലെ സുപ്രധാന സംഭവങ്ങളുടെ പട്ടിക തയാറാക്കുക, അക്കൊല്ലത്തെ അനുഭവപാഠങ്ങള്‍ ചരിത്രത്തിനായി രേഖപ്പെടുത്തിവയ്ക്കുക എന്നിങ്ങനെ പോകുന്നു ആ തിരക്കുകള്‍. ആ യത്‌നത്തില്‍ അവഗണിക്കാനാവാത്ത അനുഭവപാഠങ്ങളാണ് സംഘ്പരിവാര്‍ കേരളത്തിന് നല്‍കുന്നത്. അതിലേറ്റവും പ്രധാനമാണ് ‘ഗതികെട്ടാല്‍ സംഘികളും ഗാന്ധിമാര്‍ഗത്തില്‍ അഭയം തേടു‘മെന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന അവസ്ഥയാണ് ബിജെപി നേതാക്കളുടേത്. സന്നിധാനത്ത് നടത്തിവന്നിരുന്ന വിശ്വാസസമരം ഹൈക്കോടതി നേരിട്ടിടപെട്ട് പൊളിച്ചടുക്കിയതോടെയാണ് കമ്യൂണിസ്റ്റ് നിരീശ്വരവാദ വിരുദ്ധ പോരാട്ടത്തിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പോര്‍മുഖം തുറക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനം വന്നത്. പിള്ളേച്ചന്റെ ബുദ്ധി കൂര്‍മത ലോകപ്രസിദ്ധമാണല്ലോ? നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നാണല്ലൊ വയ്പ്. കമ്യൂണിസ്റ്റ് നിരീശ്വരവാദ വിരുദ്ധ പടയോട്ടത്തിന്റെ നായക സ്ഥാനവുമായി. പാര്‍ട്ടിക്കുള്ളിലെ ശത്രുസംഹാരവുമായി. പിണറായി വിജയന്‍ മാത്രമാണ് പാര. മോഡി മാതൃകയില്‍ പിണറായി ഉപവാസ സമരം അവഗണിച്ചിരുന്നെങ്കില്‍ ഗംഗാമാതാവിന്റെ പേരില്‍ ഉപവാസ സമരമനുഷ്ഠിച്ച് മോക്ഷം നേടിയ മുന്‍ ഐഐടി പ്രൊഫസര്‍ ജിഡി അഗര്‍വാളിന്റെ ഗതിയാകുമായിരുന്നു എ എന്‍ രാധാകൃഷ്ണനും സി കെ പത്മനാഭനും ശോഭാ സുരേന്ദ്രനുമെല്ലാം. ജീവത്യാഗത്തിലൂടെ പ്രശസ്തരാവാനുള്ള അവസരമാണ് പിണറായിയുടെ പൊലീസ് അവര്‍ക്ക് നിഷേധിച്ചത്.

സെക്രട്ടേറിയറ്റ് നടയിലെ സമരം വൃഥാവിലായില്ലെന്ന് ശ്രീധരന്‍പിള്ളക്കും സംഘ്പരിവാറിനും ആശ്വസിക്കാന്‍ വകയുണ്ട്. ശ്രീധരന്‍പിള്ളടയക്കം ബിജെപി നേതൃത്വത്തിന്റെ കൂര്‍മ ബുദ്ധിയിലാണല്ലൊ മുട്ടട സ്വദേശി വേണുഗോപാലന്‍ നായരെ സംഘ്പരിവാര്‍ ബലിദാനിയാക്കി ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്. അതിന്റെ പേരില്‍ ചില്ലറ അപമാനമൊക്കെ സഹിക്കേണ്ടിവന്നെങ്കിലും ഭാവിയില്‍ ആ ആത്മാഹൂതിയുടെ പേരിലുള്ള നേട്ടങ്ങള്‍ അവഗണിക്കാവുന്നതല്ല. നാഥുറാം ഗോഡ്‌സെയെന്ന ബലിദാനിയെ മുഖ്യ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിതതുപോലെ വേണുഗോപാലന്‍ നായരെയും പ്രയോജനപ്പെടുത്താവുന്നതേയുള്ളു.
ശോഭാസുരേന്ദ്രന്റെ ഉപവാസ സമരം ദശലക്ഷക്കണക്കിനു വരുന്ന മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പെരുത്ത നഷ്ടം തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. മലയാളി പ്രേക്ഷകരുടെ സായംസന്ധ്യകളിലെ ടെലിവിഷന്‍ ചര്‍ച്ചകള്‍ പ്രശോഭിതമാക്കിയിരുന്ന ശോഭയുടെ അഭാവത്തില്‍ അവ ഏറെ വിരസവും ദരിദ്രവുമായി മാറിയിരിക്കുന്നു. പിണറായി വിജയന്റെ പൊലീസ് ഒന്നു മനസുവച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് അത്. മലയാളിയുടെ സായാഹ്ന ചാനല്‍ ചര്‍ച്ചാവേളകള്‍ അങ്ങനെ ശോഭയുടെ ഉദ്ദണ്ഡവാദങ്ങള്‍കൊണ്ട് മുഖരിതമാവട്ടെ.

കേരളത്തിലെ പൊലീസിന് വിശ്വാസത്തിന്റെ ആഴമോ ചരിത്രബോധമോ തെല്ലുമില്ലെന്ന് അവര്‍ ശബരിമല തീര്‍ഥാടന വിഷയത്തില്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. അല്ലെങ്കില്‍ മല ചവിട്ടാനെത്തിയ നാല് ട്രാന്‍സ്‌ജെന്‍ഡറുകളെ അവര്‍ തീര്‍ത്ഥാടന വഴിയില്‍ തടയുമായിരുന്നില്ല. അനന്യയും തൃപ്തിയും രഞ്ജുമോളും ആവന്തികയും മലചവിട്ടുന്നത് ആചാരവിരുദ്ധമാവുമോ എന്നായിരുന്നു കേരളാ പൊലീസിന്റെ ശങ്ക. എന്തായാലും കേരള ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സംഘത്തിന് അക്കാര്യത്തില്‍ നല്ല ആശയ വ്യക്തതയുണ്ടായത് നന്നായി. അവര്‍ പൊലീസിന്റെ അകമ്പടിയോടെ മല മാത്രമല്ല പതിനെട്ടാം പടിയും ചവിട്ടി ദര്‍ശനപുണ്യത്താല്‍ സായൂജ്യമടഞ്ഞു. അവര്‍ക്ക് യാതൊരു ആചാരപരമായ ദര്‍ശന തടസവുമില്ലെന്ന് അയ്യപ്പന്റെ പിതൃസ്ഥാനീയനായ തന്ത്രിതന്നെ സാക്ഷ്യപ്പെടുത്തി. അങ്ങനെ പൊലീസിനോ നിരീക്ഷകര്‍ക്കോ തന്ത്രിക്കുതന്നെയോ സംശയമുണ്ടാവേണ്ട കാര്യമുണ്ടായിരുന്നില്ല. സംശയിച്ചവരുടെ ചരിത്രബോധം തന്നെയായിരുന്നു ഇവിടെ പ്രശ്‌നം. അയ്യപ്പ സ്വാമിയുടെ ഉല്‍പത്തിയെപ്പറ്റിയുള്ള ഐതീഹ്യവും വിശ്വാസവും സംബന്ധിച്ച അജ്ഞതയാണ് പൊലീസിനെയും മറ്റും സന്ദേഹികളാക്കി മാറ്റിയിട്ടുണ്ടാവുക. അയ്യപ്പന്‍ ശിവന്റെയും മോഹിനിയായി അവതരിച്ച സാക്ഷാല്‍ വിഷ്ണുവിന്റെയും സംയോഗത്തിലാണ് ജന്മംകൊണ്ടതെന്ന് ഐതിഹ്യം. ഭസ്മാസുരനെ വധിക്കാന്‍ മോഹിനിയായി അവതരിച്ച വിഷ്ണുവില്‍ ശിവന്‍ മോഹിതനായി. കോടാനുകോടി അയ്യപ്പഭക്തന്മാരുടെ ആ വിശ്വാസത്തിന് അനുസരിച്ച് അയ്യപ്പസ്വാമിയുടെ ജനനിയാണ് മോഹിനി. മോഹിനിയുടെ പിന്മുറക്കാരായ ട്രാന്‍ജെന്‍ഡറുകള്‍ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനീയരാണ്. അങ്ങനെയെങ്കില്‍ അവരെ തടയാന്‍ എസ് പി ഹരിശങ്കറിനെന്നല്ല സാക്ഷാല്‍ ലോക്‌നാഥ് ബഹ്‌റയ്ക്കുപോലും അവകാശമോ അധികാരമോ ഇല്ലെന്ന കാര്യം വിശ്വാസികള്‍ക്ക് കരിമലയോളം ഉറപ്പാണ്.

എന്‍എസ്എസിന്റെ സ്ഥാപക നേതാവ് മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനാക്കി കൊണ്ടാടുന്നതിന് കമ്യൂണിസ്റ്റുകാര്‍ക്ക് എന്തവകാശമെന്ന പെരുന്നയില്‍ നിന്നുള്ള ചോദ്യം അസ്ഥാനത്തല്ല. മന്നത്തിന്റെ വിമോചന സമരപാരമ്പര്യമല്ല എന്തായാലും അദ്ദേഹത്തെ നവോത്ഥാന നായകനാക്കുന്നത്. ഈഴവരും പുലയരുമടക്കം അവര്‍ണന്‍മാര്‍ക്ക് വഴി നടക്കാനുളള സ്വാതന്ത്ര്യത്തിന് വേണ്ടിയുളള ഐതിഹാസിക സമരത്തില്‍ അദ്ദേഹം വഹിച്ച പങ്കാണ് മന്നത്തെ നവോത്ഥാന നായകനാക്കിമാറ്റിയത്. നമ്പൂതിരി മേധാവിത്വത്തിന്റെ കീഴില്‍ നിലനിന്നിരുന്ന സാമൂഹ്യ അരാചകത്വത്തിനെതിരെ സ്വസമുദായത്തെ സംഘടിപ്പിക്കാന്‍ അദ്ദേഹം നല്‍കിയ നേതൃത്വത്തെ ആര്‍ക്കാണ് തമസ്‌കരിക്കാനാവുക? ഒരു വസ്തുത കൂടി മറക്കാതിരുന്നാല്‍ നന്ന്. മറ്റു പല സമുദായ നേതാക്കളുമെന്നപോലെ മന്നത്ത് പത്മനാഭന്‍ അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ജാതിപേരിന്റെ വാലിലല്ല കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. പരാമര്‍ശവിധേയമാകുന്ന ഒരിടത്തും അദ്ദേഹത്തെ ആരും മന്നത്ത് പത്മനാഭപിള്ള എന്ന് വിളിക്കാറില്ലെന്ന് സമുദായ വാലുള്ള നേതാക്കള്‍ വല്ലപ്പോഴും ഓര്‍ക്കുന്നത് നന്ന്.